ജോസിമിർ ജോസ് എവോറ ഡയസ് 
World Cup 2026

'വൊസീഞ്ഞ' എന്ന സൂപ്പർമാൻ! തോറ്റു കൊടുക്കില്ലെന്ന നിശ്ചയദാർഢ്യത്തിൻ്റെ പേര്!

കേപ് വെർഡെയുടെ ലോകകപ്പ് അരങ്ങേറ്റത്തിൽ ഏഴ് സൂപ്പർ സേവുകളാണ് അദ്ദേഹം നടത്തിയത്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ജോർജിയ: ലോകകപ്പിൽ സ്പെയിനിനെ വെള്ളം കുടിപ്പിച്ചതിന് പിന്നാലെ കേപ് വെർഡെയുടെ കാവൽ മാലാഖ വൊസീഞ്ഞ ഇന്ന് ലോകം അറിയുന്ന സെലിബ്രിറ്റിയായി മാറിക്കഴിഞ്ഞു. സ്പെയിനിനെതിരായ ലോകകപ്പ് മാച്ചിന് മുമ്പ് വൊസീഞ്ഞയുടെ ഇൻസ്റ്റഗ്രാം പേജിലെ ഫോളോവേഴ്സിൻ്റെ എണ്ണം 50,000ന് മുകളിൽ മാത്രമായിരുന്നെങ്കിൽ മത്സര ശേഷം ഏതാനും മണിക്കൂറുകൾക്കകം തന്നെ 5.5 മില്ല്യണിലേക്ക് കുതിച്ചുയർന്നു... ലോകകപ്പിലെ ആദ്യ മത്സരത്തിന് തൊട്ടുപിന്നാലെ ഒരു മാധ്യമപ്രവർത്തക ഇക്കാര്യം വെളിപ്പെടുത്തിയപ്പോൾ അയാൾക്ക് ഒരു നിമിഷം അത് വിശ്വസിക്കാനേ കഴിഞ്ഞില്ല!

അതായത് സോഷ്യൽ മീഡിയ ഫോളോവർമാരിൽ ഒരു രാത്രി കൊണ്ട് സംഭവിച്ചത് 80 ഇരട്ടി വർധന.. !! അതെ, വൊസീഞ്ഞയെ ഒരു ഓവർനൈറ്റ് സെൻസേഷനെന്നും വിശേഷിപ്പിക്കാം! പശ്ചിമ ആഫ്രിക്കയിലെ കുഞ്ഞൻ ദ്വീപ് രാജ്യമായ കേപ് വെർഡെയുടെ കോട്ട കാക്കുന്ന, പ്രായം 40 പിന്നിട്ടൊരു ചാംപ്യൻ ഗോൾകീപ്പറാണ് ഈ വൊസീഞ്ഞ... യഥാർഥ പേര് 'ജോസിമിർ ജോസ് എവോറ ഡയസ്'. ഗ്രൂപ്പ് എച്ചിൽ മദം പൊട്ടിയെത്തിയ സ്പാനിഷ് ചെമ്പടയെ വരച്ചവരയിൽ നിർത്തിയ നിശ്ചയദാർഢ്യത്തിൻ്റെ പേരാണത്... !!

ജോസിമിർ ജോസ് എവോറ ഡയസ്

സ്പെയിനിനെതിരെ മത്സരിക്കാനിറങ്ങുമ്പോൾ ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കൂടി രണ്ടാമത്തെ ഗോൾകീപ്പർ എന്ന നേട്ടമാണ് അയാളെ കാത്തിരുന്നത്. 2018 ലോകകപ്പിൽ ഈജിപ്തിനായി ഗോൾവല കാത്ത ഇസാം എൽ ഹദാരിക്ക് ശേഷം ലോകകപ്പ് കളിക്കുന്ന പ്രായം കൂടിയ രണ്ടാമത്തെ ഗോൾകീപ്പറാണ് വൊസീഞ്ഞ. പോർച്ചുഗലിലെ രണ്ടാം ഡിവിഷൻ ലീഗ് ക്ലബ്ബായ ഷാവേസിൻ്റെ ഗോൾകീപ്പറാണ് അദ്ദേഹം. ഈ 40ാം വയസ്സിലും ലോകകപ്പിൽ മുൻനിര യൂറോപ്യൻ ടീമിനെതിരെ അയാൾ പുറത്തെടുത്ത അത്ഭുത പ്രകടനം ലോകത്തെ വിസ്മയിപ്പിക്കുകയാണ്. ലോകകപ്പിൻ്റെ വേദിയിൽ ഒരു പുത്തൻ താരോദയം കൂടി സംഭവിച്ചിരിക്കുന്നു...

കേപ് വെർഡെയുടെ ലോകകപ്പ് അരങ്ങേറ്റത്തിൽ ലാമിനെ യമാൽ ഉൾപ്പെടെയുള്ള സ്പെയിനിൻ്റെ ലോകോത്തര താരങ്ങൾക്കെതിരെ ഏഴ് സൂപ്പർ സേവുകളാണ് വൊസീഞ്ഞ നടത്തിയത്. ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന അപൂർവ റെക്കോർഡും ഇന്ന് വൊസീഞ്ഞയുടെ പേരിലാണ്! സ്പാനിഷ് ആക്രമണവീര്യത്തെ തടഞ്ഞ് നിർത്താൻ കാബോ വെർഡെയ്ക്ക് സാധിച്ചത് എങ്ങനെയെന്ന് ഇപ്പോഴും തലയിൽ കൈവച്ചിരുന്ന് ആലോചിക്കുകയാണ് കാൽപന്ത് പ്രേമികൾ!

ജോസിമിർ ജോസ് എവോറ ഡയസ്

കന്നി ലോകകപ്പ് മാച്ചിൽ കിക്ക് ഓഫിനും ഫൈനൽ വിസിലിനുമിടയിൽ.. രണ്ട് മാന്ത്രിക കൈകളും വാനിലേക്കുയർത്തി നിന്ന് അന്തരീക്ഷത്തിലേക്ക് ചാടിയുയർന്നും പറന്നിറങ്ങിയും വൊസീഞ്ഞയെന്ന നാൽപ്പതുകാരൻ കാട്ടിയത് മായാജാലം തന്നെയായിരുന്നു. തീർച്ചയായും ചരിത്രത്താളുകളിൽ ഇടംപിടിക്കുന്ന അവിസ്മരണീയ പ്രകടന! ലോകകപ്പ് ചരിത്രത്തിൽ സ്വന്തം രാജ്യത്തിനായി ആദ്യമായൊരു പോയിൻ്റ് സമ്മാനിച്ച ആ കഠിനാധ്വാനിയെ തേടി.. ഒടുവിൽ അർഹതയ്ക്കുള്ള അംഗീകാരമായി മാൻ ഓഫ് ദി മാച്ച് പുരസ്കാരം തന്നെ എത്തിച്ചേർന്നു.

അവസാന ലോകകപ്പിനെത്തുന്ന ഇതിഹാസ ഗോൾകീപ്പർമാരായ ഒച്ചാവോയേയും മാനുവൽ നൂയറേയുമൊക്കെ പോലെ ലോകം വാഴ്‌ത്തേണ്ട പ്രതിഭ തന്നെയാണ് വൊസീഞ്ഞ എന്ന് സ്പെയിനെതിരായ ആദ്യ മത്സരം തെളിയിച്ചു. കിരീട സാധ്യതയുമായി യുഎസിലേക്ക് ലോകകപ്പിനെത്തിയ സ്പാനിഷ് പടയെ അയാൾ ഒറ്റയ്ക്ക് ചങ്കൂറ്റത്തോടെ നേരിട്ടു. പ്രതിരോധത്തിൻ്റെ ഉറച്ച പിന്തുണ ഉണ്ടായിരുന്നിട്ട് പോലും, ഈ കാബോ വെർഡെ ഗോൾകീപ്പർ പലകുറി പരീക്ഷിക്കപ്പെട്ടു. എന്നിട്ടും അവസാന വിസിൽ മുഴങ്ങും വരെയും ആ പോരാളി തോറ്റുകൊടുക്കാതെ പൊരുതിനിന്നു.

ജോസിമിർ ജോസ് എവോറ ഡയസ്

ഗോളെന്നുറപ്പിച്ച ഏഴ് കിടിലൻ ഷോട്ടുകളാണ് ബ്ലൂ ഷാർക്ക്സിൻ്റെ ഗോൾകീപ്പർ അസാമാന്യ മെയ്‌വഴക്കത്തോടെ തടഞ്ഞിട്ടത്. കാബോ വെർഡെ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി സ്പാനിഷ് മുന്നേറ്റനിര 23 തവണ ഷോട്ട് ഉതിർത്തതെങ്കിലും അതെല്ലാം വൊസീഞ്ഞയും പ്രതിരോധ ഭടന്മാരും ചേർന്ന് തടഞ്ഞിട്ടു. സ്പെയിൻ ഉതിർത്ത എട്ട് ഷോട്ടുകളും ഓൺ ടാർഗറ്റിലായിരുന്നു. എണ്ണയിട്ട യന്ത്രം പോലെ സ്പാനിഷ് മധ്യനിരയും മുന്നേറ്റനിരയും ആക്രമണം തുടർന്നിട്ടും ഗോളിയെ മറികടന്ന് പന്ത് വലയിലേക്ക് കയറിയില്ലെന്നത്, മത്സരം കണ്ടുനിന്നവർക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നു.

ആരാണ് 'വൊസീഞ്ഞ' എന്ന ജോസിമിർ ജോസ് എവോറ ഡയസ്?

കേപ്പ് വെർഡെയിലെ മിൻഡെലോയിലാണ് അദ്ദേഹം ജനിച്ചത്. 2012 മുതൽ രാജ്യത്തിനായി കളിക്കുന്ന താരം ഇതുവരെ 81 മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് മത്സരങ്ങളിലും കളിച്ചിരുന്നു. കേപ്പ് വെർഡെയിൽ ബറ്റൂക്ക് എഫ്‌സിയിലൂടെയാണ് വൊസീഞ്ഞ തൻ്റെ ക്ലബ് കരിയർ ആരംഭിച്ചത്.

ജോസിമിർ ജോസ് എവോറ ഡയസ്

തുടർന്ന് സിഎസ് മൈൻഡലെൻസിലേക്ക് ചേക്കറി. അതിന് ശേഷം അംഗോളയിലെ പ്രോഗ്രെസോ, മോൾഡോവയിലെ സിംബ്രു ചിസിനാവു, പോർച്ചുഗലിലെ ഗിൽ വിസെൻ്റ്, സൈപ്രസിലെ എഇഎൽ ലിമാസോൾ, സ്ലൊവാക്യയിലെ എഎസ് ട്രെൻസിൻ എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 1986ൽ വടക്കൻ അയർലൻഡിന്റെ പാറ്റ് ജെന്നിംഗ്സിന് ശേഷം ലോകകപ്പിൽ ഇത്രയധികം സേവുകൾ നടത്തുന്ന ഏറ്റവും പ്രായം കൂടിയ ഗോൾകീപ്പറെന്ന അപൂർവ്വ നേട്ടവും ഇതോടെ വോസിഞ്ഞ സ്വന്തമാക്കി.

പോർച്ചുഗീസ് ഭാഷയിൽ 'ശബ്ദം' എന്നാണ് വൊസീഞ്ഞ എന്ന വാക്കിൻ്റെ അർഥം. ആ പേരിന് പിന്നിൽ അദ്ദേഹത്തിൻ്റെ ബാല്യകാലവുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. സാവോ വിസെൻ്റെ ദ്വീപിൽ മുത്തശ്ശിമാരുടെ സംരക്ഷണത്തിലാണ് അദ്ദേഹം വളർന്നത്. പിതാവ് സൈനിക സേവനത്തിനായി പോയപ്പോഴും, അമ്മ കുടുംബം പുലർത്താനായി രാപ്പകൽ കഷ്ടപ്പെട്ടപ്പോഴും അദ്ദേഹത്തിന് തണലായത് അവരായിരുന്നു. പിന്നീട് അങ്കോളയിൽ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാൻ എത്തിയപ്പോൾ, ടീമിൽ ജോസിമർ എന്ന പേരിൽ മറ്റൊരു ഗോൾകീപ്പർ കൂടി ഉണ്ടായിരുന്നു. അവിടെ 'ജോസിമർ രണ്ടാമൻ' എന്ന് അറിയപ്പെടാൻ വിസമ്മതിച്ച അദ്ദേഹം, തൻ്റെ കുടുംബം സ്നേഹത്തോടെ നൽകിയ 'വൊസീഞ്ഞ' എന്ന വിളിപ്പേര് തൻ്റെ ജേഴ്സിയിൽ ചേർക്കുകയായിരുന്നു.

SCROLL FOR NEXT