IN DEPTH

ജനാധിപത്യത്തെ പരിഹസിക്കുന്ന കൂറുമാറ്റരാഷ്ട്രീയം; തെരഞ്ഞെടുപ്പു കഴിഞ്ഞാൽ വിലപേശാനുള്ള ചര​ക്കാണോ ജനവിധി?

2022 മുതൽ 2026 വരെയുള്ള 111 കൂറുമാറ്റ കേസുകളിൽ 58 ശതമാനവും, പ്രമുഖ പാർട്ടികളിലെ ജനപ്രതിനിധികളുടേതായിരുന്നു

Author : പി.പി. പ്രശാന്ത്

ജനാധിപത്യത്തിൽ ജനങ്ങൾ നൽകുന്ന വോട്ടിന് എന്ത് വിലയാണുള്ളത്? തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആ ജനവിധി വിലപേശാനുള്ള ചര​ക്കോ​​? കൂറുമാറ്റം തടയാൻ ഭരണഘടനയുടെ പത്താം പട്ടിക കൊണ്ടുവന്നിട്ട് നാല് പതിറ്റാണ്ടിനടുത്താകുന്നു. എന്നിട്ടും ലയനമെന്ന പഴുതുപയോഗിച്ച് കൂറുമാറ്റ രാഷ്ട്രീയത്തിന് ഒരു കുറവുമില്ല. ഇപ്പോൾ ഇതാ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് കൂറുമാറ്റം സംബന്ധിച്ച പ്രാധാന്യമർഹിക്കുന്ന കണക്കുകൾ പുറത്തുവിട്ടിരിക്കുന്നു. 2022 മുതൽ 2026 വരെയുള്ള കാലയളവിൽ മാത്രം പരിശോധിച്ച 111 കൂറുമാറ്റ കേസുകളിൽ 64 എണ്ണവും, അതായത് ഏകദേശം 58 ശതമാനവും, പ്രമുഖ പാർട്ടികളിലെ ജനപ്രതിനിധികളുടേതായിരുന്നു എന്ന്. ഇതിൽ 26 ലോക്‌സഭാംഗങ്ങളും ഏഴു രാജ്യസഭാംഗങ്ങളും 78 നിയമസഭാംഗങ്ങളും ഉൾപ്പെടുന്നുണ്ട്.

രാഷ്ട്രീയപ്പാർട്ടികളുടെ സദുദ്ദേശ്യത്തോടെയുള്ള ലയനത്തെ സംരക്ഷിക്കാനായുള്ള വ്യവസ്ഥകളാണ് ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ നാലാം പാരഗ്രാഫിൽ പ്രതിപാദിക്കുന്നത്. കൂറുമാറ്റം അയോഗ്യതയ്ക്ക് കാരണമാകുമെന്ന് പറയുമ്പോഴും ‘ലയനം’ എന്ന സാധ്യത അവിടെ നിലനിർത്തിയത് രാഷ്ട്രീയപ്പാർട്ടികൾക്ക് നിയമപരമായി ലയിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാലാണ്. എന്നാൽ രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള ഉപാധിയായി പത്താം ഷെഡ്യൂളിലെ ലയന വ്യവസ്ഥ ഉപയോഗിക്കപ്പെടുന്നുവെന്ന വിമർശനം ഇപ്പോൾ ശക്തമാണ്.

തെരഞ്ഞെടുപ്പിൽ വോട്ടർമാർ വോട്ട് ചെയ്യുന്നതും അംഗീകരിക്കുന്നതും രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നത്തിനും സംഘടനാ നേതൃത്വത്തിനും കൂടിയാണല്ലോ. അതായത്, ജനവിധി ലഭിക്കുന്നത് പാർട്ടി സംഘടനയ്ക്കാണ്. തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരോ എംപിമാരോ അടങ്ങുന്നതാണ് ലെജിസ്ലേറ്റീവ് പാർട്ടി. ഇവർ സഭയ്ക്കുള്ളിൽ പാർട്ടിയെ പ്രതിനിധീകരിക്കുന്നുവെങ്കിലും പാർട്ടിയുടെ ഔദ്യോഗിക നിലപാടുകൾക്ക് വിധേയരായിരിക്കേണ്ടവരാണ്. ഔദ്യോഗിക രാഷ്ട്രീയ പാർട്ടി ലയനത്തിന് തയ്യാറാകാതിരിക്കുകയും, എന്നാൽ സഭയിലെ അംഗങ്ങളിൽ മൂന്നിൽ രണ്ടു ഭാഗം പേർ തനിച്ച് ഒരു തീരുമാനമെടുക്കുകയോ ലയനത്തിന് മുതിരുകയോ ചെയ്താൽ അതിന് എന്ത് നിയമസാധുതയാണുള്ളത് എന്നതിലാണ് ആശയക്കുഴപ്പം ഉടലെടുക്കുന്നത്. വോട്ടർമാർ ഒരു പാർട്ടിക്ക് നൽകിയ ജനവിധി സഭയിലെ അംഗങ്ങൾക്ക് സ്വന്തം താല്പര്യപ്രകാരം മാറ്റിയെടുക്കാൻ കഴിയുമ്പോൾ, അത് ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കുന്നതായി മാറുന്നു.

കൂറുമാറിയാൽ അയോഗ്യരാകാം; എന്നാൽ പത്താം ഷെഡ്യൂളിലെ നാലാം പാരഗ്രാഫ് പ്രകാരം, ഒരു ലെജിസ്ലേറ്റീവ് പാർട്ടിയിലെ ആകെ അംഗങ്ങളിൽ കുറഞ്ഞത് മൂന്നിൽ രണ്ടു പേർ ലയനത്തിന് അനുകൂലമായി തീരുമാനിച്ചാൽ, നിശ്ചിത സാഹചര്യങ്ങളിൽ അയോഗ്യതയിൽനിന്ന് ഒഴിവാകാനുള്ള സാഹചര്യമുണ്ട്. പത്താം ഷെഡ്യൂളിലെ പാരഗ്രാഫ് 4ലെ രണ്ടാം ഉപവകുപ്പ് പ്രകാരം, യഥാർഥ രാഷ്ട്രീയപ്പാർട്ടി മറ്റൊരു രാഷ്ട്രീയപ്പാർട്ടിയുമായി ലയിച്ചതായി കണക്കാക്കപ്പെടാൻ ലെജിസ്ലേറ്റീവ് പാർട്ടിയിലെ കുറഞ്ഞത് മൂന്നിൽ രണ്ട് അംഗങ്ങൾ ലയനത്തിന് സമ്മതിച്ചിരിക്കണം. ഈ വ്യവസ്ഥയുടെ വ്യാഖ്യാനമാണ് ഇപ്പോൾ പ്രധാന നിയമവിവാദമായി മാറിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മാൻഡേറ്റ് നേടിയതും വോട്ടർമാർ അംഗീകരിച്ചതും സഭയ്ക്ക് പുറത്തുള്ള യഥാർഥ രാഷ്ട്രീയപ്പാർട്ടിയെയാണെന്നിരിക്കെ, ഈ വ്യാഖ്യാനത്തിന്റെ ജനാധിപത്യപരമായ പ്രത്യാഘാതമാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. ലയിക്കപ്പെടുന്ന രാഷ്ട്രീയപ്പാർട്ടിക്ക് സഭയിൽ ഒരംഗം പോലുമില്ലെങ്കിലും, നിലവിലുള്ള പാർട്ടിയിൽനിന്ന് സാമാജികർക്ക് അതിലേക്ക് ചേക്കേറാനാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ഈ വ്യവസ്ഥയുടെ വലിയ വിരോധാഭാസമല്ലേ.

ഇനി ചില കൂറുമാറ്റം അനുഭവങ്ങൾ പരിശോധിക്കാം. ത്രിപുരയിൽ നിന്നുള്ള ചെറിയൊരു പ്രാദേശിക പാർട്ടിയാണ് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ എന്ന NCPI. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇവർക്ക് ഒരു സീറ്റുപോലും ലഭിച്ചിരുന്നില്ല. എന്നാൽ, തൃണമൂൽ കോൺഗ്രസിൽനിന്ന് വേർപെട്ട 20 എംപിമാർ NCPIയിലേക്ക് മാറിയതോടെ, ലോക്‌സഭയിലെ ആ പാർട്ടിയുടെ അംഗസംഖ്യ ഒറ്റയടിക്ക് ഇരുപതായി ഉയർന്നു! ഈ വിവാദത്തിൽ ലോക്‌സഭാ സ്പീക്കർ വിമത എംപിമാരോട് വിശദീകരണം തേടിയിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിൽ ആം ആദ്മി പാർട്ടിയുടെ ഏഴ് രാജ്യസഭാ എംപിമാർ ബിജെപിയുമായി ലയിച്ചതായി പ്രഖ്യാപിച്ചു. തുടർന്ന്, രാജ്യസഭയിലെ പാർട്ടി നിലയിൽ ഈ ഏഴ് പേരെയും ബിജെപി അംഗങ്ങളായി ഔദ്യോഗികമായി ഉൾപ്പെടുത്തുകയും ചെയ്തു. പത്താം ഷെഡ്യൂളിലെ ലയന വ്യവസ്ഥയെ മുൻനിർത്തിയായിരുന്നു ഈ നീക്കം. 2019ൽ ഗോവയിൽ 10 കോൺഗ്രസ് എംഎൽഎമാരും, തുടർന്ന് 2022ൽ 11 പേരിൽ 8 കോൺഗ്രസ് എംഎൽഎമാരും ബിജെപിയിലേക്ക് കൂറുമാറി. ഇത് ഹൈക്കോടതി വരെ നീണ്ട വലിയ നിയമപോരാട്ടങ്ങൾക്കാണ് വഴിവെച്ചത്. അതുപോലെ, കഴിഞ്ഞ ജൂണിൽ ശിവസേന യു.ബി.ടിയിലെ ആറ് ലോക്‌സഭാ എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നതും ലോക്‌സഭാ സ്പീക്കർ അംഗീകരിച്ചു. ഇത്തരം സംഭവങ്ങൾ പത്താം ഷെഡ്യൂളിലെ ലയന വ്യവസ്ഥയുടെ പരിധിയും പ്രയോഗവും സംബന്ധിച്ച നിയമ-രാഷ്ട്രീയ ചർച്ചകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുകയാണ്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നടപടികളെക്കുറിച്ചും തെരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചും രാഷ്ട്രീയവിവാദങ്ങൾ തുടരുന്നതിനിടെയാണ് ജനപ്രതിനിധികളുടെ കൂറുമാറ്റത്തെക്കുറിച്ചുള്ള കണക്കുകളും പുറത്തുവന്നിരിക്കുന്നത്. എസ്.ഐ.ആറും വോട്ടർപട്ടിക ക്രമക്കേടുമെല്ലാം തെരഞ്ഞെടുപ്പിനുമുമ്പുള്ള ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളാണെങ്കിൽ, കൂറുമാറ്റം തെരഞ്ഞെടുപ്പിനുശേഷമുള്ള ജനവിധിയെ ബാധിക്കുന്ന രാഷ്ട്രീയ നടപടി കൂടിയാണ്.

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ 2022 മുതൽ 2026 വരെയുള്ള വിശകലനത്തിൽ പരിശോധിച്ച 111 കൂറുമാറ്റ കേസുകളിൽ 64 എണ്ണം - ഏകദേശം 58 ശതമാനം - നാഷനൽ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി, ഓൾ ഇന്ത്യാ തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് എന്നീ പാർട്ടികളിൽനിന്നുള്ള ജനപ്രതിനിധികളുടേതായിരുന്നു. അതേ വിശകലനത്തിൽ 111 പേരിൽ 26 ലോക്‌സഭാംഗങ്ങളും ഏഴ് രാജ്യസഭാംഗങ്ങളും 78 നിയമസഭാംഗങ്ങളും ഉൾപ്പെടുന്നു. ബിജെപിയിലേക്ക് മാറിയവരുടെ എണ്ണം 29 ആയിരുന്നു. മറുകണ്ടം ചാടിയ എംപിമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ടുള്ള തൃണമൂലിന്റെ ഹര്‍ജിയിൽ ലോക്‌സഭാ സ്പീക്കർ നടപടി ആരംഭിച്ചിട്ടുണ്ട്. 20 വിമത എംപിമാരോട് വിശദീകരണം നൽകാൻ നോട്ടീസ് നൽകിയിരിക്കുകയാണ്. വിഷയത്തിൽ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. കൂറുമാറ്റവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ സുപ്രീംകോടതിയുടെ പരിഗണനയിലുമുണ്ട്.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ല. എന്നാൽ എൻഡിഎ സഖ്യത്തിന്റെ പിന്തുണയോടെ ബിജെപി നേതൃത്വത്തിൽ കേന്ദ്രസർക്കാർ രൂപീകരിച്ചു. അത്തരമൊരു തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം കൂറുമാറ്റങ്ങളിലൂടെ സഭയിലെ രാഷ്ട്രീയ ബലാബലം മാറ്റാൻ ശ്രമിക്കുന്നത് ജനവിധിയെ അട്ടിമറിക്കൽ കൂടിയാണ്. രാഷ്ട്രീയ രംഗത്ത് എതിരാളികളെ ദുർബലപ്പെടുത്തുന്നതിനും സ്വന്തം സ്വാധീനം വ്യാപിപ്പിക്കുന്നതിനും ബിജെപി കുറേക്കാലമായി വ്യാപകമായി ഉപയോഗിക്കുന്ന തന്ത്രമാണ് കൂറുമാറ്റം അഥവാ 'ആയാറാം ഗയാറാം' രാഷ്ട്രീയ ശൈലി. സാമ്പത്തിക പ്രലോഭനങ്ങളും കേന്ദ്ര ഏജൻസികളുടെ അന്വേഷണ ഭീഷണികളും ഉപയോഗിച്ച് മറ്റ് പാർട്ടികളിലെ നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കുന്നത് പ്രതിപക്ഷ കക്ഷികളുടെ അടിത്തറയിളക്കാൻ ഭരണപക്ഷം ആയുധമാക്കുന്നു. ജനാധിപത്യ മൂല്യങ്ങളെയും ജനവിധിെയയും അട്ടിമറിക്കുന്ന ഇത്തരം കുതിരക്കച്ചവടങ്ങൾ രാഷ്ട്രീയ അസ്ഥിരതയ്ക്കും ജനങ്ങൾക്ക് രാഷ്ട്രീയത്തിലുള്ള വിശ്വാസ്യത നഷ്ടപ്പെടുന്നതിനും ആക്കം കൂട്ടുന്നുണ്ടെന്ന വിമർശനം ശക്തമാണ്.

രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവി നിർണയിക്കുന്ന ഇത്തരം നിയമപ്രശ്നങ്ങളിൽ സമയബന്ധിതമായ തീർപ്പുണ്ടാകേണ്ടതിന്റെ ആവശ്യകത സുപ്രീംകോടതിയുടെ പരിഗണനയിൽ പല ഘട്ടങ്ങളിലും ഉയർന്നിട്ടുണ്ട്. രാഷ്ട്രീയപ്പാർട്ടികളുടെ ലയനമെന്ന വ്യാഖ്യാനത്തിന്റെ മറവിൽ നടക്കുന്ന കൂറുമാറ്റങ്ങളെ ഭരണഘടനാപരമായി പരിശോധിക്കേണ്ടതിന്റെ ആവശ്യകത ഇതോടെ കൂടുതൽ പ്രസക്തമാകുന്നു. ഭരണഘടനയിലെ പത്താം ഷെഡ്യൂളിലെ നാലാമത്തെ പാരഗ്രാഫ് ഭേദഗതിചെയ്തും അന്യായ കൂറുമാറ്റത്തിന് തടയിടാനാകുമെങ്കിലും, നിലവിലെ വ്യവസ്ഥയുടെ പ്രയോഗവും വ്യാഖ്യാനവുമാണ് ആദ്യം കൂടുതൽ വ്യക്തത നേടേണ്ടത്.

കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎൽഎമാരെയോ എംപിമാരെയോ അയോഗ്യരാക്കാനുള്ള പൂർണ അധികാരം സ്പീക്കറിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അദ്ദേഹം പരാതികളിൽ വാദം കേട്ട് ന്യായമായ സമയത്തിനുള്ളിൽ അന്തിമ തീരുമാനം എടുക്കണം. മറുവശത്ത്, കൂറുമാറ്റം കാരണം സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുമ്പോൾ സഭയിൽ വിശ്വാസവോട്ട് തേടാൻ നിർദ്ദേശിക്കുകയോ രാഷ്ട്രീയ പ്രതിസന്ധികളിൽ ഇടപെടുകയോ ചെയ്യുന്നത് ഗവർണറുടെ ഭരണഘടനാപരമായ അധികാര പരിധിയിലാണ്.

കൂറുമാറുന്നവരുടെ അയോഗ്യതയിൽ സഭാ സ്പീക്കർമാർ തീരുമാനമെടുക്കുന്നത് പക്ഷപാതമുക്തമല്ലെന്ന വിമർശനവും ഗൗരവമായി കാണണം. ഒരു രാഷ്ട്രീയപ്പാർട്ടിയുമായി ബന്ധപ്പെട്ട വ്യക്തി തന്നെ കൂറുമാറ്റ അയോഗ്യതാ വിഷയത്തിൽ തീരുമാനമെടുക്കുന്ന സംവിധാനത്തിന്റെ നിഷ്പക്ഷതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. പത്താം പട്ടിക നിലവിൽ വന്നിട്ടും പഴുതുകൾ ഉപയോഗിച്ച് കൂറുമാറ്റം തുടരുന്നതിനാൽ, പാർട്ടി മാറുന്ന ജനപ്രതിനിധികളുടെ പദവി സ്വയം അവസാനിക്കുന്ന രീതിയിൽ നിയമം കർശനമാക്കണം. നിയമത്തിനൊപ്പം രാഷ്ട്രീയപ്പാർട്ടികളുടെ ധാർമികതയും മാറേണ്ടതുണ്ട്. വോട്ടർമാരുടെ ജനവിധിയെ വിലപേശാനുള്ള വസ്തുവാക്കാതെ, കൂറുമാറ്റത്തെ നിയമപരമായും ധാർമികമായും കർശനമായി തടയുക കൂടി വേണം. ഒരു എംപിയെയോ എംഎൽഎയെയോ വിജയിപ്പിച്ച വോട്ടർമാരുടെ രാഷ്ട്രീയ തീരുമാനത്തെ തെരഞ്ഞെടുപ്പിനുശേഷം വിലപേശാനുള്ള വസ്തുവാക്കാൻ പാടില്ല. വോട്ട് ജനങ്ങളുടേത്, ജനവിധിയും ജനങ്ങളുടേത്. അതിനെ മറികടന്ന് അധികാരം പുനഃക്രമീകരിക്കുന്ന കൂറുമാറ്റരാഷ്ട്രീയം ജനാധിപത്യത്തിന്റെ ശരീരത്തിൽ വരയ്ക്കുന്ന ആഴത്തിലുള്ള മുറിവാണ്. ആ മുറിവ് നിയമത്തിന്റെ ശക്തികൊണ്ടും രാഷ്ട്രീയധാർമികതയുടെ മാറ്റുകൊണ്ടും മാത്രമേ ഉണക്കാനാവൂ.

SCROLL FOR NEXT