അഞ്ചു വര്‍ഷത്തിനിടെ ഐഐടികളിൽ പൊലിഞ്ഞത് 53 ജീവനുകള്‍; പകുതിയിലേറെയും പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവര്‍

ഐഐടി എന്ന സ്വപ്ന കൂടാരങ്ങൾ ആയുസ്സൊടുങ്ങുന്ന കൗമാരങ്ങളുടെ കോൺക്രീറ്റ് ശ്മശാനങ്ങളായി മാറുന്നുണ്ടോ?
അഞ്ചു വര്‍ഷത്തിനിടെ ഐഐടികളിൽ പൊലിഞ്ഞത് 53 ജീവനുകള്‍; പകുതിയിലേറെയും പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവര്‍
Published on: 
Updated on: 

ലക്ഷക്കണക്കിന് വിദ്യാർഥികൾക്കിടയിൽനിന്ന് പോരാടി നേടിയെടുക്കുന്ന സ്വപ്‌നമാണ് ഐ.ഐ.ടി. പ്രവേശനം. ആ ഗോൾഡൻ ടിക്കറ്റുമായി തിളക്കമാർന്ന ഭാവി സ്വപ്നംകണ്ട്, പടികയറിപ്പോയ കുട്ടികൾ എവിടെയാണ് പതറിപ്പോയത്.? ഭാവിയുടെ നെടുംതൂണുകൾ ആകേണ്ടിയിരുന്ന ഐ.ഐ.ടി എന്ന സ്വപ്ന കൂടാരങ്ങൾ, ഇന്ന് ആയുസ്സൊടുങ്ങുന്ന കൗമാരങ്ങളുടെ കോൺക്രീറ്റ് ശ്മശാനങ്ങളായി മാറുന്നുണ്ടോ? ആ ഇടങ്ങൾ ഇന്ന് മാനസിക സമ്മർദത്തിന്റെയും ഒറ്റപ്പെടലിന്റെയും ജാതീയ വിവേചനത്തിന്റെയും ആയുസ്സൊടുക്കുന്ന ഇടങ്ങളായി മാറുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കഴിഞ്ഞ അഞ്ചു വർഷം രാജ്യത്തെ 23 ഐ.ഐ.ടി.കളിൽ പൊലിഞ്ഞത് 53 ജീവനുകളാണ്. ഇതിൽ നാൽപ്പത്തഞ്ച് പേരും ആത്മഹത്യ ചെയ്തവരാണ്. അതായത്, മാസംതോറും തിളക്കമുള്ള ഒരു ജീവനെങ്കിലും ഇത്തരത്തിൽ പൊലിയുന്നു. എട്ട് മരണങ്ങൾ അസ്വാഭാവികമായി രേഖപ്പെടുത്തിയിട്ടുണ്ട്. അവരിൽ 54 ശതമാനത്തിലധികം പേരും പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ പെട്ടവരാണെന്ന സത്യം കൂടി വെളിപ്പെടുന്നു.

ഐഐടികളിലെ ആത്മഹത്യകൾ ജാതിക്കൊലകളോ?

ഐ.ഐ.ടി. ബോംബെയിലെ രണ്ടാം വർഷ ബി.ടെക്. വിദ്യാർഥി സാഹിലിന്റെ മരണം ഈ ദുരവസ്ഥയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്. പ്രൊഫസർ ജാതീയമായി അധിക്ഷേപിച്ചുവെന്നും താഴ്ന്ന ജാതിക്കാരനാണെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് കുടുംബം നൽകിയ പരാതി. ഈ വിഷയത്തിൽ രാജ്യത്ത് വ്യാപക പ്രതിഷേധങ്ങൾ നടന്നുവരികയാണ്. ഏഴുമാസത്തിനിടെ ബോംബെ ഐ.ഐ.ടിയിൽ മാത്രം മൂന്ന് വിദ്യാർഥികൾ ആത്മഹത്യ ചെയ്തുകഴിഞ്ഞു. മരണങ്ങളുടെ എണ്ണം വർഷം തോറും ഉയർന്നുകൊണ്ടിരിക്കുകയാണ്. 2020-21 അധ്യയന വർഷത്തിൽ അഞ്ച് വിദ്യാർഥികളാണ് മരണപ്പെട്ടതെങ്കിൽ, 2021-22ലും 2022-23ലും അത് ആറ് വീതമായി. 2023-24ൽ പതിനേഴായും 2024-25ൽ പത്തൊമ്പതായും ഉയർന്നു. പിന്നാക്ക വിഭാഗങ്ങളിലെ മരണസംഖ്യയും ക്രമാതീതമായി വർധിച്ചു. ഐ.ഐ.ടി. ഖരഗ്പൂർ, ഐ.ഐ.ടി. ഡൽഹി, ഐ.ഐ.ടി. ഹൈദരാബാദ് എന്നിവിടങ്ങളിൽ ഏഴ് വിദ്യാർഥികൾ വീതം മരിച്ചു. കാൺപൂരിലും വാരാണസിയിലും ആറ് വീതവും മദ്രാസിൽ അഞ്ചും. ആത്മഹത്യകളുടെ കണക്കെടുത്താൽ ഹൈദരാബാദാണ് മുന്നിൽ. ഏഴ് പേർ. ഖരഗ്പൂർ, ഡൽഹി, കാൺപൂർ എന്നിവിടങ്ങളിൽ ആറ് പേർ വീതം ജീവനൊടുക്കി.

അഞ്ചു വര്‍ഷത്തിനിടെ ഐഐടികളിൽ പൊലിഞ്ഞത് 53 ജീവനുകള്‍; പകുതിയിലേറെയും പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവര്‍
സൂപ്പർ ഇന്റലിജൻസ് കാലത്തെ നിർമിത ബുദ്ധിയുടെ പെരുമാറ്റ വ്യതിയാനങ്ങൾ; മനുഷ്യവംശത്തെ ഇല്ലാതാക്കുമോ എഐ?

ഐ.ഐ.ടികളിൽ വർധിച്ചുവരുന്ന ആത്മഹത്യകളെയും ജാതിവിവേചനങ്ങളെയും കുറിച്ച് കെ.സി. വേണുഗോപാൽ എം.പി. ഉന്നയിച്ച ചോദ്യത്തിന്, ഉന്നത വിദ്യാഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറി നിലേഷ് ചന്ദ്ര ശ്രീവാസ്തവയുടെ നിർദേശപ്രകാരം ഐ.ഐ.ടികൾ സമർപ്പിച്ച ഡേറ്റ ആരെയും ഇരുത്തിചിന്തിപ്പിക്കുന്നതാണ്. 2020-21 മുതൽ 2024-25 വരെയുള്ള അഞ്ചു അധ്യയന വർഷങ്ങളിൽ വിവിധ ഐ.ഐ.ടികളിലായി മരണപ്പെട്ട 53 വിദ്യാർഥികളിൽ 45 പേരും അതായത് 84.9 ശതമാനം ആത്മഹത്യയിൽ അഭയം തേടുകയായിരുന്നു എന്നതായിരുന്നു ആ കണക്ക്. എട്ട് മരണങ്ങൾ അസ്വാഭാവിക മരണങ്ങളായിരുന്നു. അവരിൽ 29 പേർ പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ പെട്ടവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുമ്പോൾ നമ്മുടെ ഉന്നതവിദ്യഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്നത് എന്താണ് എന്നത് ചർച്ചചെയ്യപ്പെടേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

പാർലമെന്റിൽ ഈ വിഷയം വേണുഗോപാൽ ഉയർത്തിയപ്പോൾ സംഭവിച്ചത് അതിലും ഗുരുതരമാണ്. കെ.സി. വേണുഗോപാൽ എം.പി. ഉന്നയിച്ച ചോദ്യത്തിന് എല്ലാ ഐ.ഐ.ടികളും കൃത്യമായ ഡാറ്റ നൽകിയിരുന്നു. എന്നാൽ ആ വിവരങ്ങൾ പാർലമെന്റിൽ സമർപ്പിച്ചില്ല. മന്ത്രാലയം അക്കാര്യം മൂടിവെച്ചു. ജനാധിപത്യപരമായ സുതാര്യതയ്ക്ക് നിരക്കാത്ത ഈ നടപടി വിദ്യാർഥികളുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് വിമർശനങ്ങൾ ഉയരുകയാണ്.

ഔദ്യോഗിക കണക്കുകൾക്കപ്പുറം പൂർവവിദ്യാർഥികൾ ശേഖരിച്ച ഡാറ്റ കൂടുതൽ ഞെട്ടിപ്പിക്കുന്നതാണ്. ഐ.ഐ.ടി. കാൺപൂർ പൂർവവിദ്യാർഥിയായ ധീരജ് സിങ് വിവരാവകാശ നിയമപ്രകാരവും മാധ്യമ റിപ്പോർട്ടുകൾ വഴിയും ശേഖരിച്ച കണക്കുകൾ പ്രകാരം 2006 ജനുവരി മുതൽ 2026 സെപ്റ്റംബർ വരെയുള്ള കാലയളവിൽ 171 ഐ.ഐ.ടി. വിദ്യാർഥികൾ മരിച്ചിട്ടുണ്ട്. ആത്മഹത്യയും അസ്വാഭാവിക മരണങ്ങളും ചേർത്തുള്ള കണക്കാണിത്. 2016 മുതൽ 2026 സെപ്റ്റംബർ വരെയുള്ള വർഷങ്ങളിൽ 120 മരണങ്ങൾ നടന്നു. ഇതിന് മുൻപുള്ള 10 വർഷത്തിൽ 51 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

പഠനമനുസരിച്ച് ആത്മഹത്യകളിൽ 82 ശതമാനവും ഐഐടി ക്യാംപസിനുള്ളിലാണ് നടന്നത്. പരീക്ഷകളും ഫലപ്രഖ്യാപന സമയത്തുമാണ് മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെമസ്റ്റർ അവധിക്കാലത്ത് മരണങ്ങൾ കുറയുകയും ചെയ്തു. ബി.ടെക് പഠിക്കുന്ന ആൺകുട്ടികളും വനിതാ പിഎച്ച്ഡി ഗവേഷകരുമാണ് മരിച്ചവരിൽ ഏറെയും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ റിപ്പോർട്ട് ചെയ്ത ആത്മഹത്യകളിൽ ഏകദേശം 60 ശതമാനവും ഈ രണ്ട് വിഭാഗങ്ങളിലാണെന്നാണ് കണ്ടെത്തൽ. പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികളുടെ ആത്മഹത്യാനിരക്ക് ജനറൽ വിഭാഗത്തേക്കാൾ ഇരട്ടിയാണ്. 2014–2021 കാലയളവിൽ ദേശീയ സാങ്കേതിക സ്ഥാപനങ്ങളായ എൻ.ഐ.ടികളിൽ ഏകദേശം 30 വിദ്യാർഥികൾ ആത്മഹത്യ ചെയ്തു എന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇതിൽ ആറ് പട്ടിക ജാതിക്കാരും 11 മറ്റുപിന്നാക്ക ജാതിയിൽപ്പെട്ടവരും ഉൾപ്പെടുന്നു. 2018–2023 കാലയളവിൽ ഇത് ഏകദേശം 24 ആയി കുറഞ്ഞു. എന്നാൽ 2026-ൽ എന്‍ഐടി കുരുക്ഷേത്രയിൽ മാത്രം രണ്ട് മാസത്തിനുള്ളിൽ 4 സംശയാസ്പദമായ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

അഞ്ചു വര്‍ഷത്തിനിടെ ഐഐടികളിൽ പൊലിഞ്ഞത് 53 ജീവനുകള്‍; പകുതിയിലേറെയും പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവര്‍
കള്ളപ്പണം വെളുപ്പിക്കാൻ മാത്രമായി കടലാസ് പാർട്ടികൾ

ഉയർന്ന മത്സരക്ഷമതയും പിഎച്ച്ഡി വിദ്യാർഥികൾക്ക് സ്വന്തം ഗൈഡിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലായ്മയും ചേർന്ന് അക്കാദമിക് - പ്ലേസ്മെന്റ് സമ്മർദം സൃഷ്ടിക്കുന്നു . ഗവേഷണ വിദ്യാർഥികളുടെ ഭാവി പൂർണമായും ഗൈഡിന്റെ കയ്യിലായിരിക്കുമ്പോൾ പരാതിപ്പെടാനുള്ള ഭയം അധികൃത-വിദ്യാർഥി അധികാര അസന്തുലിതാവസ്ഥ വർധിപ്പിക്കുന്നു. പിന്നാക്ക/ഗ്രാമീണ മേഖലകളിൽ നിന്ന് കഷ്ടപ്പെട്ട് എത്തുന്നവരുടെ കുടുംബ പ്രതീക്ഷകളുടെ അമിതഭാരവും ക്യാമ്പസിലെ ഒറ്റപ്പെടലും സാമൂഹിക പശ്ചാത്തലത്തിന്റെ ഭാഗമായുള്ള പ്രതിസന്ധിയാണ്. മാനുഷിക ആഘാതങ്ങൾ പരിഗണിക്കാതെ സെമസ്റ്റർ മധ്യത്തിലുള്ള ഹോസ്റ്റൽ മാറ്റങ്ങളും അച്ചടക്ക നടപടികളും ഭരണപരമായ അനാസ്ഥയായി വിലയിരുത്തപ്പെടുന്നു . സ്ഥാപനവുമായി ബന്ധപ്പെട്ട കൗൺസിലർമാരിൽ വിദ്യാർഥികൾക്ക് പൂർണവിശ്വാസമില്ലാത്തതും സ്വതന്ത്ര സംവിധാനങ്ങളുടെ അഭാവവും കൗൺസിലിങ് പരിമിതികളിലേക്ക് നയിക്കുന്നു .

മാർച്ച് 2025-ൽ സുപ്രീം കോടതി രൂപീകരിച്ച ദേശീയ ടാസ്ക് ഫോഴ്സ് സർവേ പ്രകാരം 65 ശതമാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാനസിക ആരോഗ്യ വിദഗ്ധരില്ല; മുക്കാൽ ഭാഗത്തും മുഴുവൻ സമയ കൗൺസിലർമാരില്ല. തുടർന്ന് കഴിഞ്ഞ ജനുവരി 16ലെ കോടതി ഉത്തരവ് പ്രകാരം, സ്കോളർഷിപ്പ് വൈകിയെന്ന കാരണത്താൽ വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്നോ ക്ലാസിൽ നിന്നോ പരീക്ഷ എഴുതുന്നതിൽ നിന്നോ വിലക്കാൻ പാടില്ലെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.

കാമ്പസുകളിൽ സംവരണ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾ ഏറ്റവും കൂടുതൽ നേരിടുന്നത് യോഗ്യതയെക്കുറിച്ചുള്ള പരിഹാസങ്ങളാണ്. സംവരണം മൂലമാണ് ഇവർക്ക് പ്രവേശനം ലഭിച്ചതെന്നും യഥാർത്ഥ കഴിവുള്ള ജനറൽ വിഭാഗക്കാർ പുറത്തായെന്നുമുള്ള മുനവച്ചുള്ള സംസാരങ്ങൾ ക്ലാസ് മുറികളിലും ഹോസ്റ്റൽ കോറിഡോറുകളിലും പതിവായി മുഴങ്ങുന്നു. പഠനത്തിൽ അല്പം പിന്നിലായാൽ നിങ്ങൾക്ക് സംവരണമുണ്ടല്ലോ, പഠിച്ചില്ലെങ്കിലും കുഴപ്പമില്ലല്ലോ എന്ന രീതിയിലുള്ള വിഷലിപ്തമായ പരാമർശങ്ങൾ വിദ്യാർഥികളുടെ ആത്മവിശ്വാസത്തെ തകർക്കുന്നുമുണ്ട്. ഗ്രൂപ്പ് പ്രോജക്റ്റുകളും സ്റ്റഡി ഗ്രൂപ്പുകളും ഐ.ഐ.ടികളിലെ പഠനത്തിന്റെ പ്രധാന ഭാഗമാണ്. എന്നാൽ പ്രോജക്റ്റ് ഗ്രൂപ്പുകൾ രൂപീകരിക്കുമ്പോൾ സംവരണ വിഭാഗങ്ങളിലെ വിദ്യാർഥികളെ ഉൾപ്പെടുത്താൻ പലപ്പോഴും ഉയർന്ന ജാതിയിൽപ്പെട്ട വിദ്യാർഥികൾ മടിക്കുന്നുവെന്നാണ് ആക്ഷേപം. ഇത് അക്കാദമിക് ഗ്രേഡിങ്ങിനെ പ്രതികൂലമായി ബാധിക്കുക മാത്രമല്ല, വിദ്യാർഥികളെ ഒറ്റപ്പെടലിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. പ്രായോഗിക പരീക്ഷകളിലും പ്രോജക്റ്റ് വിലയിരുത്തലുകളിലും കുറഞ്ഞ മാർക്ക് നൽകുക, സംശയങ്ങൾ ചോദിക്കുമ്പോൾ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുക, പരീക്ഷാ ഹാളുകളിലോ ക്ലാസുകളിലോ വെച്ച് പരസ്യമായി അപമാനിക്കുക എന്നിവ പതിവാണെന്ന് പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾ ആവർത്തിക്കുമ്പോൾ നമുക്ക് ആശങ്കപ്പെടാതെ വയ്യ.

ഐ.ഐ.ടികൾ ഇന്ത്യയുടെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണുകളാണ്. അവയുടെ അടിത്തറയിൽ വിദ്യാർഥികളുടെ ജീവനുകൾ കുഴിച്ചിടരുത്. ഇത് വ്യക്തിഗത ദുരന്തങ്ങളല്ല. വ്യവസ്ഥാപരമായ പരാജയത്തിന്റെ നേർക്കാഴ്ചയാണ്. ഈ പരാജയത്തെ മറികടക്കാനുള്ള നടപടികൾ ഇനിയും വൈകിക്കൂടാ...

News Malayalam 24x7
newsmalayalam.com