IN DEPTH

'ഹെൻ‌റി എട്ടാമന്‍ ഉറങ്ങുന്നിടത്ത് മാര്‍പാപ്പയ്ക്ക് കസേര - 500 വര്‍ഷത്തെ ഐറണി

ഫ്രാന്‍സിസ് മാര്‍പാപ്പ ആയിരുന്നെങ്കിൽ ഈ വിന്‍ഡ്സറിലെ കസേര കൈമാറ്റം വെറും ഒരു പ്രതീകത്തില്‍ ഒതുങ്ങില്ലായിരുന്നു, അതൊരു വലിയ ചര്‍ച്ചയിലേക്ക് പോയേനെ എന്ന് തന്നെയാണ് വത്തിക്കാന്‍ നിരീക്ഷകര്‍ പറയുന്നത്

Author : അനിൽ ജോർജ്

ഇംഗ്ലണ്ടിനെ കത്തോലിക്കാ സഭയില്‍ നിന്ന് അടര്‍ത്തി മാറ്റിയ ഹെൻ‌റി എട്ടാമന്‍ അന്ത്യവിശ്രമം കൊള്ളുന്ന അതേ ചാപ്പലില്‍, അദ്ദേഹം നിഷേധിച്ച അധികാരത്തിന്റെ പിന്‍ഗാമിക്ക് ഇനി ഒരു കസേര.

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആത്മീയ കേന്ദ്രമായ വിന്‍ഡ്സര്‍ കാസിലിലെ വിശുദ്ധ ജോര്‍ജ്ജ് ചാപ്പലിന്റെ ചരിത്രത്തിലാണ് പുതിയ അധ്യായം എഴുതപ്പെട്ടത്. 2026 ഒക്ടോബര്‍ 23ന്, ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ പ്രത്യേക അനുമതിയോടെ, ചാപ്പലിൻ്റെ ഡീനും കാനോന്‍മാരും ചേര്‍ന്ന് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ 'കോളേജ് ഓഫ് സെന്റ് ജോര്‍ജ്ജിന്റെ പാപ്പല്‍ കോണ്‍ഫ്രാറ്ററായി' പ്രഖ്യാപിച്ചു.

'കോണ്‍ഫ്രാറ്റര്‍' എന്ന ലാറ്റിന്‍ വാക്കിന് ആത്മീയ സഹോദരന്‍ എന്നാണ് അര്‍ത്ഥം. ഇത് ഒരു ഭരണപരമായ പദവിയല്ല, രണ്ട് സഭകള്‍ തമ്മിലുള്ള സാഹോദര്യത്തിൻ്റെ അടയാളമാണ്. മാര്‍പാപ്പയ്ക്കായി പ്രത്യേകം തയ്യാറാക്കിയ കസേര ഉടന്‍ തന്നെ ചാപ്പലില്‍ സ്ഥാപിക്കും.

കസേരകള്‍ കൈമാറി രണ്ട് സഭകള്‍

ഈ ബഹുമതി ഒറ്റപ്പെട്ടതല്ല, ഒരു വര്‍ഷം മുന്‍പ് തുടങ്ങിയ സൗഹൃദ കൈമാറ്റത്തിന്റെ രണ്ടാം ഭാഗമാണ്.

കഴിഞ്ഞ വര്‍ഷം, 2025 ഒക്ടോബര്‍ 23ന്, ചാള്‍സ് രാജാവും കാമില രാജ്ഞിയും വത്തിക്കാന്‍ സന്ദര്‍ശിച്ചപ്പോള്‍ ചരിത്രം പിറന്നിരുന്നു. അഞ്ഞൂറ് വര്‍ഷത്തിനിടെ ആദ്യമായി ഒരു ബ്രിട്ടീഷ് രാജാവും മാര്‍പാപ്പയും സിസ്‌റ്റൈന്‍ ചാപ്പലില്‍ ഒരുമിച്ച് നിന്ന് പ്രാര്‍ത്ഥിച്ചു. അന്ന് റോമിലെ അതിപുരാതനമായ St. Paul Outside the Walls ബെസിലിക്കയില്‍ ചാള്‍സ് രാജാവിനെ 'റോയല്‍ കോണ്‍ഫ്രാറ്ററായി' വാഴിച്ചു. 'Ut unum sint, അവരെല്ലാവരും ഒന്നാകട്ടെ' എന്ന ക്രിസ്തുവിന്റെ പ്രാര്‍ത്ഥന കൊത്തിവെച്ച കസേരയാണ് അവിടെ രാജാവിനായി ഒരുക്കിയത്.

അതിന് നന്ദി സൂചകമായാണ് ഇപ്പോള്‍ വിന്‍ഡ്സറില്‍ മാര്‍പാപ്പയ്ക്കും ഇരിപ്പിടം ഒരുങ്ങുന്നത്. അതായത് ഒരു കസേര റോമില്‍, മറു കസേര വിന്‍ഡ്സറില്‍.

എന്തുകൊണ്ടാണ് ഹെൻ‌റി എട്ടാമന്റെ ശവകുടീരം പ്രധാനമാകുന്നത്?

കഥ തുടങ്ങുന്നത് 1534ലാണ്. ചക്രവര്‍ത്തിക്ക് ഭാര്യയായ കാതറിന്‍ ഓഫ് ആരഗോണിനെ വിവാഹമോചനം ചെയ്യാന്‍ അന്നത്തെ മാര്‍പാപ്പയായ ക്ലെമന്റ് ഏഴാമന്‍ അനുമതി നിഷേധിച്ചു. കോപാകുലനായ ഹെന്റി എട്ടാമന്‍ ഒരു രാജകീയ ഉത്തരവിറക്കി- Act of Supremacy.

'ഇനി മുതല്‍ ഇംഗ്ലണ്ടിലെ സഭയുടെ തലവന്‍ മാര്‍പാപ്പയല്ല, ഞാന്‍ തന്നെയാണ്' എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അങ്ങനെ റോമില്‍ നിന്ന് വിട്ടുമാറി Church of England പിറന്നു.

ആ ഹെന്റി എട്ടാമന്റെ ആഗ്രഹപ്രകാരം, തനിക്ക് വേണ്ടി നിത്യവും കുര്‍ബാന അര്‍പ്പിക്കണം എന്ന വ്യവസ്ഥയോടെ അദ്ദേഹത്തെ അടക്കം ചെയ്തത് വിന്‍ഡ്സറിലെ ഇതേ സെന്റ് ജോര്‍ജ്ജ് ചാപ്പലിന്റെ നിലവറയിലാണ്.

അദ്ദേഹം തള്ളിപ്പറഞ്ഞ റോമിലെ കസേരയുടെ അവകാശിയായ മാര്‍പാപ്പയ്ക്ക്, അദ്ദേഹം ഉറങ്ങുന്ന ചാപ്പലില്‍ തന്നെ ഇന്ന് ആത്മീയ സഹോദര പദവി നല്‍കുന്നു. അപ്പോള്‍ ആംഗ്ലിക്കന്‍ സഭ കത്തോലിക്കാ സഭയില്‍ ലയിക്കുമോ?

സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന ഈ പ്രചാരണത്തിന് അടിസ്ഥാനമില്ല എന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ തന്നെ പറയുന്നു.

ഒന്നാമത്, Confrater പദവി കൊണ്ട് ഒരു അധികാരവും കൈമാറുന്നില്ല. ഇത് ഒരു മെമ്പര്‍ഷിപ്പ് കാര്‍ഡ് പോലെയാണ്.

രണ്ടാമത്, രണ്ട് സഭകള്‍ക്കിടയില്‍ ഇപ്പോഴും വലിയ മലകള്‍ പോലെ ദൈവശാസ്ത്രപരമായ തടസ്സങ്ങളുണ്ട്. ആംഗ്ലിക്കന്‍ സഭയില്‍ സ്ത്രീകള്‍ ബിഷപ്പുമാരും വൈദികരുമാണ്. കത്തോലിക്കാ സഭയില്‍ ഇതൊന്നും അനുവദിക്കപ്പെടില്ല. വിവാഹമോചിതര്‍ക്ക് വീണ്ടും വിവാഹം കഴിക്കാം. ഇക്കാര്യത്തില്‍ കത്തോലിക്കാ സഭയില്‍ ഇപ്പോഴും കൃത്യമായ ഒരു ആശയ രൂപീകരണം നടന്നിട്ടില്ല. പുനര്‍ വിവാഹിതരുടെ കൂദാശ സ്വീകരണങ്ങള്‍ പോലും ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ദേശിച്ച ഇടത്തേക്ക് എത്തിക്കാന്‍ കത്തോലിക്കാ സഭയ്ക്ക് കഴിഞ്ഞിട്ടില്ല. മാര്‍പാപ്പയുടെ അപ്രമാദിത്വം ആംഗ്ലിക്കന്‍ സഭ അംഗീകരിക്കുന്നില്ല. ഈ ദൈവശാസ്ത്രപരമായ വ്യത്യാസങ്ങള്‍ ഒരു രാത്രി കൊണ്ട് മായില്ല.

ലണ്ടനിലെ കത്തോലിക്കാ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് പറഞ്ഞത് ഇങ്ങനെയാണ്: 'എക്യൂമെനിസം എന്നാല്‍ ഒരു സഭ മറ്റൊന്നിനെ വിഴുങ്ങലല്ല, സഹോദരങ്ങള്‍ പരസ്പരം തിരിച്ചറിയലാണ്.'

അതുകൊണ്ട് നടക്കുന്നത് അധികാര കൈമാറ്റമല്ല, കസേര കൈമാറ്റമാണ്. അഞ്ച് നൂറ്റാണ്ട് മുന്‍പ് അടഞ്ഞ വാതിലുകള്‍, സാവധാനം ചാരി തുറക്കപ്പെടുന്നു എന്നതിന്റെ അടയാളം മാത്രം.

'ലിയോ അല്ല, ഫ്രാന്‍സീസ് ആയിരുന്നെങ്കില്‍'

ഫ്രാന്‍സിസ് മാര്‍പാപ്പ ഉണ്ടായിരുന്നെങ്കില്‍ ഈ വിന്‍ഡ്സറിലെ കസേര കൈമാറ്റം വെറും ഒരു പ്രതീകത്തില്‍ ഒതുങ്ങില്ലായിരുന്നു, അതൊരു വലിയ ചര്‍ച്ചയിലേക്ക് പോയേനെ എന്ന് തന്നെയാണ് വത്തിക്കാന്‍ നിരീക്ഷകര്‍ പറയുന്നത്.

കാരണം ലിയോ പതിനാലാമന്‍ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം നോക്കുന്ന ആളാണെങ്കില്‍, ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത നൂറ്റാണ്ട് എങ്ങനെ ആയിരിക്കണം എന്ന് നോക്കിയ ആളായിരുന്നു. അതിന്റെ വലിയ തെളിവാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം സഭയെ വിപ്ലവകരമായ പരിവര്‍ത്തനത്തിലേക്ക് നയിക്കുമെന്ന് ആളുകള്‍ പ്രത്യാശ പ്രകടിപ്പിച്ച Synod on Synodality.

ഫ്രാന്‍സിസ് മാര്‍പാപ്പ കൊണ്ടുവന്ന Synod on Synodality എന്തായിരുന്നു?

2021 മുതല്‍ 2024 വരെ രണ്ട് ഘട്ടമായി നടത്തിയ ആഗോള സിനഡ്, കത്തോലിക്കാ സഭയുടെ എന്നല്ല ക്രൈസ്തവ സഭകളുടെ തന്നെ സഭാ ചരിത്രത്തില്‍ ആദ്യമായാണ് മെത്രാന്മാര്‍, സാധാരണ വിശ്വാസികൾ, സ്ത്രീകൾ, യുവാക്കൾ, എൽജിബിടിക്യൂ വ്യക്തികള്‍ വരെ വോട്ട് ചെയ്ത് തീരുമാനങ്ങളില്‍ പങ്കാളികളായത്.

അതില്‍ ചര്‍ച്ചക്ക് വന്ന പ്രധാന വിഷയങ്ങള്‍ നോക്കു.

1. വനിതാ പൗരോഹിത്യം അല്ല, വനിതാ ഡീക്കന്‍ പദവി: ഫ്രാന്‍സിസ് മാര്‍പാപ്പ വനിതാ പുരോഹിതരെ ഒരിക്കലും പിന്തുണച്ചില്ല. 'സ്ത്രീകളെ പുരോഹിതരാക്കുന്നത് സഭയെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കില്ല' എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ, ആദിമ സഭയില്‍ ഉണ്ടായിരുന്നതു പോലെ സ്ത്രീകളെ ഡീക്കന്‍മാരായി (വൈദികരുടെ തൊട്ടു താഴെയുള്ള ശുശ്രൂഷ) നിയമിക്കാമോ എന്ന് പഠിക്കാന്‍ അദ്ദേഹം രണ്ട് കമ്മീഷനുകളെ വെച്ചു.

2. പുനര്‍വിവാഹം: വിവാഹമോചിതരായി രണ്ടാം വിവാഹം കഴിച്ചവര്‍ക്ക് കുര്‍ബാന സ്വീകരിക്കാന്‍ അനുമതി നല്‍കുന്ന Amoris Laetitia എന്ന രേഖയിലൂടെ അദ്ദേഹം വാതില്‍ പകുതി തുറന്നു. ഇത് ആംഗ്ലിക്കന്‍ നിലപാടിനോട് ഏറ്റവും അടുത്ത് നിന്ന നടപടിയായിരുന്നു.

3. സഭയുടെ അധികാര ഘടന: 'സഭ മുകളില്‍ നിന്ന് താഴേക്ക് കല്‍പ്പിക്കുന്ന സ്ഥാപനമല്ല, താഴെ നിന്ന് കേള്‍ക്കുന്ന സ്ഥാപനമാണ്' എന്നതായിരുന്നു അദ്ദേഹത്തിന്റെ Synodality.

4 സ്വവര്‍ഗ്ഗവിവാഹം, വിവാഹമോചനം നടത്തിയവരുടെ കൂദാശ സ്വീകരണം

തുടങ്ങിയവയില്‍ കത്തോലിക്കാ സഭയുടെ നിലപാട് വ്യക്തമാക്കാനും ഈ ചര്‍ച്ചകള്‍ വാതില്‍ തുറന്നിട്ടിരുന്നു ഏതാണ്ട് ആംഗ്ലിക്കന്‍ സഭയുടെ നിലപാടിനോട് ചേരുന്ന വിധത്തില്‍.

അപ്പോള്‍ ഫ്രാന്‍സിസ് ഉണ്ടായിരുന്നെങ്കില്‍ ലയനം നടക്കുമായിരുന്നോ?

ലയനം എന്ന് പറയുന്നത് ഇപ്പോഴും അസാധ്യമാണ്. പക്ഷെ നടക്കുമായിരുന്നത് ഇതാണ്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രീതിയില്‍, കത്തോലിക്കാ സഭ ആംഗ്ലിക്കന്‍ സഭയെ പോലെ ആകണം എന്നല്ല, മറിച്ച് 'വ്യത്യാസങ്ങള്‍ക്കിടയിലും ഒരുമിച്ച് നടക്കാം - Walking Together" എന്ന മോഡല്‍ ആണ്.

അദ്ദേഹത്തിന്റെ കാലത്താണ് ആദ്യമായി ആംഗ്ലിക്കന്‍ സഭയിലെ വനിതാ ബിഷപ്പുമാരെ വത്തിക്കാനില്‍ ഔദ്യോഗികമായി സ്വീകരിച്ചത്. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പുമായി ചേര്‍ന്ന് ദക്ഷിണ സുഡാനില്‍ ഒരുമിച്ച് സമാധാന ദൗത്യം നടത്തി.

അതുകൊണ്ട് ലിയോ പതിനാലാമന്‍ ചെയ്തത് ഒരു ചരിത്രപരമായ ബഹുമതി ആണെങ്കില്‍, ഫ്രാന്‍സിസ് മാര്‍പാപ്പ ആയിരുന്നെങ്കിൽ അത് ഒരു ദൈവശാസ്ത്രപരമായ സംവാദത്തിന് തുടക്കമിടുമായിരുന്നു.

ലിയോ പതിനാലാമന്‍ ആംഗ്ലിക്കന്‍ സഭയ്ക്ക് വിന്‍ഡ്സറില്‍ ഒരു കസേര കൊടുത്തു, ഫ്രാന്‍സിസ് ആയിരുന്നെങ്കില്‍ ആ കസേരയില്‍ ഇരുന്ന് 'നമുക്ക് എങ്ങനെ ഒരുമിച്ച് സഭയെ നയിക്കാം' എന്ന് ചോദിക്കുമായിരുന്നു.

അതുകൊണ്ടാണ് പലരും പറയുന്നത്, ഇന്ന് കണ്ടത് കസേരകളുടെ കൈമാറ്റമാണെങ്കില്‍, ഫ്രാന്‍സിസിന്റെ സ്വപ്നം ഹൃദയങ്ങളുടെ കൈമാറ്റമായിരുന്നു എന്ന്.

SCROLL FOR NEXT