കുർബാന പുസ്തകം അടക്കം പരിഷ്കരിക്കും; ലത്തീൻവൽക്കരണം ഉപേക്ഷിച്ച് പൂർണമായും ബൈസാന്റീൻ കുർബാന ക്രമത്തിലേക്ക് മടങ്ങാൻ റൊമേനിയൻ സഭ

ഒരു പൗരസ്ത്യ സഭയിൽ കൂടി കുർബാന തർക്കം അവസാനിക്കുന്നു. ലത്തീൻവൽക്കരണം ഉപേക്ഷിച്ച് റൊമേനിയൻ സഭ പൂർണമായും ബൈസാന്റീൻ കുർബാന ക്രമത്തിലേക്ക് മടങ്ങുന്നു, ഇതിനായി കുർബാന പുസ്തകം അടക്കം പരിഷ്കരിക്കും
കുർബാന പുസ്തകം അടക്കം പരിഷ്കരിക്കും; ലത്തീൻവൽക്കരണം ഉപേക്ഷിച്ച് പൂർണമായും ബൈസാന്റീൻ കുർബാന ക്രമത്തിലേക്ക് മടങ്ങാൻ റൊമേനിയൻ സഭ
Published on: 
Updated on: 

സീറോ മലബാർ സഭയിലെ കുർബാന തർക്കവും തെരുവിലേക്ക് പടർന്ന കലാപങ്ങളും ഏറെ വാർത്താപ്രാധാന്യം നേടിയ കാര്യങ്ങളാണ്. ഇപ്പോഴും സീറോ മലബാർ സഭയിൽ അത് പുകഞ്ഞു കത്തുന്നു. കത്തോലിക്കാ സഭയിൽ സീറോ മലബാർ സഭയിൽ മാത്രമാണോ ഈ കുർബാന തർക്കം ഉള്ളത്? അല്ല എന്നാണ് ഉത്തരം. കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ സഭയായ ലത്തീൻ സഭയിലും കുർബാന തർക്കമുണ്ട്.

പോൾ ആറാമൻ രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം അന്ന് നിലനിന്നിരുന്ന എല്ലാ കുർബാന ക്രമങ്ങളെയും ഏകീകരിച്ച് ഇന്ന് കാണുന്ന ലത്തീൻ കുർബാന രീതി നടപ്പാക്കി. പഴയ ലത്തീൻ കുർബാനയുടെ ആരാധകർ പല അവസരങ്ങളിലും തലപൊക്കി. ജോൺ പോൾ രണ്ടാമൻ പഴയ കുർബാന ക്രമത്തിന് ചെറിയ തോതിൽ അംഗീകാരം നൽകി. ബെനഡിക്ട് പതിനാറാമൻ അതിന് കൂടുതൽ അംഗീകാരം നൽകി. ഫ്രാൻസിസ് മാർപാപ്പ പഴയ കുർബാന ക്രമത്തിന് കൂച്ചുവിലങ്ങിടാൻ തീരുമാനിച്ചു. ഇപ്പോൾ ലിയോ പതിനാലാമൻ കാലഘട്ടത്തിലേക്ക് കുർബാന രീതിയെ തിരികെ കൊണ്ടുപോകാനും പുതിയ ലത്തീൻ കുർബാന മാറ്റമില്ലാതെ നടപ്പാക്കാനും ശ്രമിക്കുന്നു എന്ന് വത്തിക്കാൻ നിരീക്ഷകർ കരുതുന്നു.

കുർബാന പുസ്തകം അടക്കം പരിഷ്കരിക്കും; ലത്തീൻവൽക്കരണം ഉപേക്ഷിച്ച് പൂർണമായും ബൈസാന്റീൻ കുർബാന ക്രമത്തിലേക്ക് മടങ്ങാൻ റൊമേനിയൻ സഭ
ഫ്രാൻസിസ് തുറന്ന സഭയുടെ വാതിലുകൾ ലിയോ അടയ്ക്കുമ്പോൾ

കത്തോലിക്കാ സഭയിലെ മറ്റ് 23 പൗരസ്ത്യ വ്യക്തിഗത സഭകൾ പരിശോധിച്ചാൽ അവയിലെ പല സഭകളും ഈ കുർബാന തർക്കത്തിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന് കാണാം. പൗരസ്ത്യ സഭകളിലെ ലത്തീൻവൽക്കരണമാണ് ഈ തർക്കത്തിന്റെ അടിസ്ഥാന കാരണം. പല പൗരസ്ത്യ കത്തോലിക്കാ സഭകളും ഈ ലത്തീൻവൽക്കരണത്തെ മാറ്റി തങ്ങളുടെ പാരമ്പര്യത്തിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവും പുതിയ കാഴ്ചയാണ് റൊമേനിയൻ സഭയും കേരളത്തിലെ സീറോ മലബാർ സഭയും.

നൂറ്റാണ്ടുകൾ നീണ്ട ലത്തീൻവൽക്കരണം പൂർണമായും കുടഞ്ഞുകളഞ്ഞ് ബൈസന്റൈൻ പാരമ്പര്യം പുനസ്ഥാപിക്കാൻ റൊമേനിയൻ ഗ്രീക്ക്-കത്തോലിക്കാ സഭ തീരുമാനിച്ചു. ബ്ലാജിൽ ചേർന്ന സിനഡിൽ പുതിയ ആരാധനാക്രമം ഏകകണ്ഠമായി പാസാക്കി. ഇതാണ് കുർബാന തർക്കവുമായി ബന്ധപ്പെട്ട പൗരസ്ത്യ സഭകളിലെ ഏറ്റവും പുതിയ വാർത്ത. ഇതോടെ ഇനി പഴയ രീതി വിട്ട് പൂർണമായും സ്വന്തം രീതിയിലേക്ക് പോകാൻ അവർ തീരുമാനിച്ചിരിക്കുകയാണ്. റൊമേനിയൻ സഭയുടെ ഈ തീരുമാനം ലോകത്തെ രണ്ടാമത്തെ വലിയ പൗരസ്ത്യ കത്തോലിക്കാ സഭയായ സീറോ മലബാർ സഭയിലെ തർക്കം എത്ര രൂക്ഷമാണെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം ബ്ലാജിൽ ചേർന്ന മെത്രാൻ സിനഡാണ് തങ്ങളുടെ കുർബാനക്രമം പുനരവലോകനം ചെയ്യാൻ തീരുമാനിച്ചതായി അറിയിച്ചത്. മേജർ ആർച്ചുബിഷപ്പ് ക്ലോഡിയു-ലൂസിയൻ പോപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന സിനഡ്, ലിറ്റർജി റിവ്യൂ ഏകകണ്ഠമായി അംഗീകരിച്ചു. വത്തിക്കാൻ സ്ഥാനപതി ആർച്ചുബിഷപ്പ് ജിയാംപിയേറോ ഗ്ലോഡറും സന്നിഹിതനായിരുന്നു. പുതിയ സുവിശേഷ ഗ്രന്ഥം പ്രസിദ്ധീകരിക്കാനും തീരുമാനമായി. അടുത്ത സിനഡ് 2027 ജൂൺ 6 മുതൽ 8 വരെ ചേരും. നേരെ മറിച്ച് സീറോ മലബാർ സഭയിൽ സ്ഥിതി വ്യത്യസ്തമാണ്. 2021-ൽ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന രീതി - പകുതി അൾത്താരാഭിമുഖവും പകുതി ജനാഭിമുഖവും - എറണാകുളം-അങ്കമാലി അതിരൂപത ഇതുവരെ പൂർണമായി നടപ്പാക്കിയില്ല. ഇത് ആ സഭയിൽ കടുത്ത ഭിന്നതകൾക്ക് വഴിവെച്ചു.

കുർബാന പുസ്തകം അടക്കം പരിഷ്കരിക്കും; ലത്തീൻവൽക്കരണം ഉപേക്ഷിച്ച് പൂർണമായും ബൈസാന്റീൻ കുർബാന ക്രമത്തിലേക്ക് മടങ്ങാൻ റൊമേനിയൻ സഭ
പാരമ്പര്യത്തിലേക്ക് തിരിയുന്ന വത്തിക്കാൻ, പാരമ്പര്യവാദികളെ പുറത്താക്കുന്ന വത്തിക്കാൻ: ലിയോ പാപ്പയുടെ ഇരട്ടനീക്കത്തിൽ കത്തോലിക്കാ ലോകത്ത് ആശയക്കുഴപ്പം

രണ്ട് സഭകളിലെയും സമാനതകൾ

1. രണ്ടും മേജർ ആർച്ചുബിഷപ്പ് സഭകൾ: പാത്രിയാർക്കൽ പദവിയില്ലാത്ത, എന്നാൽ സ്വയംഭരണമുള്ള പൗരസ്ത്യ സഭകൾ.

2. ലത്തീൻവൽക്കരണത്തിൽ നിന്നുള്ള മടക്കം: രണ്ടും തങ്ങളുടെ ആരാധനയിൽ കയറിക്കൂടിയ ലത്തീൻ സ്വാധീനം ഒഴിവാക്കി പൗരസ്ത്യ പാരമ്പര്യത്തിലേക്ക് മടങ്ങാൻ ശ്രമിക്കുന്നു.

3. വത്തിക്കാന്റെ ഇടപെടൽ: രണ്ട് സിനഡിലും അപ്പസ്തോലിക് ന്യൂൺഷ്യോയുടെ സാന്നിധ്യം, റോം ഈ വിഷയങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു എന്നതിന്റെ സൂചനയാണ്.

റൊമേനിയൻ സഭയുടെ ചരിത്രം

1698-ലാണ് റൊമേനിയൻ സഭ ഉണ്ടായത്. ട്രാൻസിൽവാനിയയിലെ ഓർത്തഡോക്സ് മെത്രാന്മാരായ തിയോഫിലും അത്തനാസിയെ അങ്കേലും ചേർന്ന് ആൽബാ യൂലിയയിൽ വെച്ച് റോമുമായി ഐക്യപ്പെട്ടു. അന്നുവരെ അവരുടെ കുർബാന വിശുദ്ധ യോഹന്നാൻ ക്രിസോസ്റ്റത്തിന്റെ കുർബാനയായിരുന്നു. കത്തോലിക്കാ സഭയിൽ ചേർന്നതോടെ ലത്തീൻവൽക്കരണത്തിന് ഇരയായി. പിന്നീട് ഇനോചെന്തിയൂ മിക്കു-ക്ലൈനിന്റെ കാലത്തും ജെസ്യൂട്ട് പാതിരിമാർ വഴിയും വന്നതാണ് ഇന്ന് കാണുന്ന ചില ലത്തീൻ രീതികൾ. 1948-ൽ രാജ്യത്ത് അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാർ ഈ സഭയെ നിരോധിച്ചു. 6 മെത്രാന്മാർ രക്തസാക്ഷികളായി. 1989-ൽ രാജ്യത്ത് കമ്മ്യൂണിസം തകർന്നപ്പോൾ സഭ തിരിച്ചുവന്നു. ജയിൽവാസം അനുഭവിച്ച കർദിനാൾമാരുടെ നേതൃത്വത്തിൽ അവർ ലത്തീൻവൽക്കരണം പൂർണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചു. അതിന്റെ തുടർച്ചയാണ് ഇപ്പോൾ നടപ്പിൽ വരുന്നത്.

സീറോ മലബാറിൽ തുടരുന്ന തർക്കം

1599-ലെ ഉദയംപേരൂർ സൂനഹദോസ് മുതൽ സീറോ മലബാർ സഭ ലത്തീൻവൽക്കരിക്കപ്പെട്ടു. തിരിച്ചുവരാൻ തീരുമാനിച്ചത് 1964-ൽ വത്തിക്കാൻ രണ്ടാം കൗൺസിലിനു ശേഷമാണ്. 1999-ൽ സ്വന്തം സിനഡ് വന്നിട്ടും തർക്കം തീർന്നില്ല. മേജർ ആർച്ചുബിഷപ്പ് വർക്കി വിതയത്തിൽ 50-50 സമവായം കൊണ്ടുവന്നു. റോം അംഗീകരിച്ചു, പക്ഷെ എറണാകുളം-അങ്കമാലി അടക്കമുള്ള രൂപതകൾ അംഗീകരിച്ചില്ല. 2021-ൽ കർദിനാൾ ജോർജ് ആലഞ്ചേരി വീണ്ടും നടപ്പാക്കാൻ ശ്രമിച്ചതോടെ കലാപമായി.

എന്തുകൊണ്ട് റൊമേനിയയിൽ തർക്കമില്ല?

സഭാ നിരീക്ഷകർ പറയുന്നത് ഇങ്ങനെയാണ്. റൊമേനിയൻ സഭയ്ക്ക് 40 വർഷം കമ്മ്യൂണിസം എന്ന പൊതുശത്രു ഉണ്ടായിരുന്നു. എല്ലാ മെത്രാന്മാരും ഒരുമിച്ച് ജയിലിൽ കിടന്നു. രക്തസാക്ഷികളാണ് അവരെ നയിച്ചത്. അതുകൊണ്ട് ആഭ്യന്തര കലഹമില്ല. സീറോ മലബാർ സഭയിൽ പൊതുശത്രു ഇല്ല, പകരം എറണാകുളം - ചങ്ങനാശ്ശേരി കേന്ദ്രങ്ങളുടെ കിടമത്സരമാണ്.

കുർബാന പുസ്തകം അടക്കം പരിഷ്കരിക്കും; ലത്തീൻവൽക്കരണം ഉപേക്ഷിച്ച് പൂർണമായും ബൈസാന്റീൻ കുർബാന ക്രമത്തിലേക്ക് മടങ്ങാൻ റൊമേനിയൻ സഭ
വത്തിക്കാൻ രാഷ്ട്രത്തിന്റെ ദൈനംദിന ഭരണ ചുമതല ഒരു ഇന്ത്യൻ കർദ്ദിനാൾ നിർവഹിക്കുമോ?

ബ്ലാജ് പഠിപ്പിക്കുന്നത് എന്ത്?

ബ്ലാജിൽ നടന്നത് നോക്കൂ. മുഴുവൻ മെത്രാന്മാരും ഒരുമിച്ചിരുന്ന് ചർച്ച ചെയ്യുന്നു. വത്തിക്കാൻ പ്രതിനിധി സാക്ഷിയാകാൻ വരുന്നു. തീരുമാനം ഏകകണ്ഠമായി എടുക്കുന്നു, നടപ്പിൽ വരുത്തുന്നു. ബ്ലാജിലെ സമവായം കാണിക്കുന്നത് പ്രശ്നം കുർബാനയിൽ വൈദികൻ എങ്ങോട്ട് തിരിഞ്ഞു നിൽക്കുന്നു എന്നതല്ല, സിനഡ് എന്ന സംവിധാനത്തെ എത്രത്തോളം ബഹുമാനിക്കുന്നു എന്നതാണ്. എന്ന് സഭാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

News Malayalam 24x7
newsmalayalam.com