Vijay Tears Into Stalin at TVK Madurai Conference Vijay Tears Into Stalin at TVK Madurai Conference
IN DEPTH

'സ്റ്റാലിന്‍ അങ്കിളേ...'; ഒറ്റ സംബോധനയില്‍ വിജയ് തമിഴകത്ത് ഇട്ട രാഷ്ട്രീയ ബോംബ് !

വിജയിയുടെ "സിംഹം" എന്ന സ്വയം പ്രഖ്യാപനവും, മധുരയിലെ പ്രസം​ഗത്തിലെ സിനിമാറ്റിക് ശൈലിയും തമിഴ്നാട് രാഷ്ട്രീയത്തിലെ കരിസ്മാറ്റിക് നേതൃത്വ പാരമ്പര്യവുമായി യോജിക്കുന്നുണ്ട്...

Author : വിപിന്‍ വി.കെ

മധുരൈ-തൂത്തുക്കുടി ഹൈവേയിലെ പരപതിയിൽ നടന്ന രണ്ടാം സംസ്ഥാന സമ്മേളനത്തിൽ തമിഴക വെട്രി കഴകം നേതാവും തമിഴ് സൂപ്പർതാരവുമായ വിജയ് നടത്തിയ പ്രസം​ഗം തമിഴകത്ത് ഒരു രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. ഡിഎംകെ സ്ഥാപകൻ സി.എൻ. അണ്ണാദുരൈയുടെയും എഐഎഡിഎംകെ സ്ഥാപകൻ എം.ജി. രാമചന്ദ്രന്റെയും (എംജിആർ) കട്ടൗട്ടുകൾ വിജയിയുടെ ചിത്രങ്ങൾക്കൊപ്പം പ്രദർശിപ്പിച്ചായിരുന്നു പരപതിയിലേ വേദി എന്നത് കൌതുകരമായ കാര്യമാണ്.

2024 ഫെബ്രുവരിയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനുശേഷം ആദ്യമായി പൊതുവേദിയിൽ മുഖ്യമന്ത്രി സ്റ്റാലിനെ പേരെടുത്ത് വിമർശിച്ചു പരപതിയിലെ മാനാട് 2.0 വേദിയില്‍ വിജയ്. 'സ്റ്റാലിൻ അങ്കിൾ' എന്ന വിളി ശരിക്കും തമിഴകത്ത് ഒരു രാഷ്ട്രീയ ഞെട്ടൽ ഉണ്ടാക്കിയെന്നാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

"2026-ലെ തെരഞ്ഞെടുപ്പ് ഡിഎംകെയും ടിവികെയും തമ്മിലുള്ള പോരാട്ടമാണ്," എന്ന വിജയിയുടെ പ്രഖ്യാപനം, ഡിഎംകെയെ പ്രധാന ശത്രുവായും ബിജെപിയെ പ്രത്യയശാസ്ത്ര എതിരാളിയായും കഴിഞ്ഞവര്‍ഷം വിക്രവണ്ടിയിലെ മഹാസമ്മേളനത്തില്‍ പ്രഖ്യാപിച്ചതിന്റെ തുടർച്ചയാണ് ഇതെന്ന് പറയാം. വിജയ് തന്റെ പ്രസംഗത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉണ്ടാക്കിയെടുത്ത ദ്രാവിഡ മോഡൽ ഇമേജിനെ നേരിട്ട് വെല്ലുവിളിച്ചു.

സ്റ്റാലിൻ തന്റെ ദ്രാവിഡ മോഡൽ പ്രചാരണത്തിനൊപ്പം സ്വയം ഉണ്ടാക്കിയെടുക്കുന്ന രീതികളിൽ ഒന്ന് സ്വയം പിതാവ് അഥവ തമിഴിൽ തന്ത എന്ന ഒരു ഇമേജായിരുന്നു. പല സർക്കാർ സ്കീമുകളുടെ പ്രചാരണത്തിലും ‍ഡിഎംകെ ഐടി സെൽ അടക്കം ഇത്തരം ഒരു ഇമേജ് സ്റ്റാലിന് ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് കൂടി തകർക്കുക എന്നതാണ് അങ്കിൾ വിളിയിലൂടെ വിജയ് ശ്രമിച്ചത് എന്നാണ് തമിഴിലെ പ്രമുഖ ജേർണലിസ്റ്റ് മണി അഭിപ്രായപ്പെടുന്നത്. ഇതിലൂടെ താനും ‍ഡിഎംകെയും തമ്മിലാണ് യുദ്ധം എന്നത് സ്ഥാപിക്കാനും വിജയ് ആ​ഗ്രഹിക്കുന്നു.

"ബിജെപി ഫാസിസ്റ്റാണെങ്കിൽ, നിങ്ങൾ ആരാണ്?" എന്ന ചോദ്യത്തിലൂടെ സ്റ്റാലിന്റെ ബിജെപി വിരുദ്ധ നിലപാടിനെയും ചോദ്യം ചെയ്തു. ഡിഎംകെയുടെ "രഹസ്യ" ബിജെപി ബന്ധത്തെയും കുടുംബാധിപത്യ രാഷ്ട്രീയത്തെയും വിമർശിച്ച വിജയ്, എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമിയെ ലക്ഷ്യമിട്ടെങ്കിലും എഡിഎംകെയുടെ ബിജെപി കൂട്ടുകെട്ടിനെ വിമർശിച്ച് ഒരു സാധ്യമായ സഖ്യത്തിന് വാതിൽ തുറന്നിട്ടു.

നീറ്റ് നിരോധനം അടക്കം പ്രാദേശിക തമിഴ് വിഷയങ്ങളെ പ്രസം​ഗത്തിൽ പരാമർശിച്ച വിജയ് തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും തന്റെ സാന്നിധ്യം ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ചു. പ്രാദേശികമായി സംഘടന ശക്തിപ്പെടുത്താൻ നൗ ടിവികെ എന്ന മൊബൈൽ ആപ്പ് പുറത്തിറക്കുകയും ചെയ്തു.

വിജയിയുടെ ശക്തിയും പരിമിതികളും

തമിഴക രാഷ്ട്രീയത്തിൽ പ്രധാന ഘടകം ഇമേജാണ്, അത് കലൈഞ്ജർ, പുരൈച്ചി തലൈവൻ, അമ്മ എന്നിങ്ങനെ പോകുന്നു. വിജയിയുടെ "സിംഹം" എന്ന സ്വയം പ്രഖ്യാപനവും, മധുരയിലെ പ്രസം​ഗത്തിലെ സിനിമാറ്റിക് ശൈലിയും തമിഴ്നാട് രാഷ്ട്രീയത്തിലെ കരിസ്മാറ്റിക് നേതൃത്വ പാരമ്പര്യവുമായി യോജിക്കുന്നു എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. സിനിമയിൽ നിന്നും ഔട്ടായപ്പോൾ താൻ രാഷ്ട്രീയത്തിലേക്ക് വന്നതല്ല എന്ന കാര്യം എടുത്ത് പറയുന്നതിലൂടെ ഒരു രണ്ടാം എംജിആർ ഇമേജ് വിജയ് ആ​ഗ്രഹിക്കുന്നു എന്നത് വ്യക്തമാണ്.

നീറ്റ് വിരുദ്ധത, സംസ്ഥാന സ്വയംഭരണം, സാമൂഹ്യനീതി എന്നിവയിലെ ഊന്നൽ ഗ്രാമീണ-നഗര വോട്ടർമാരെ ആകർഷിക്കാൻ പ്രാപ്തമാണ് എന്ന് തന്നെ വിലയിരുത്തേണ്ടതുണ്ട്. 85,000-ത്തോളം ഫാൻ ക്ലബ്ബുകള്‍ക്കൊപ്പം യുവാക്കൾ, ദലിതർ, വന്യാർ വോട്ടുകളെ ആകർഷിക്കുക എന്നതാണ് രാഷ്ട്രീയമായി വിജയ് ആ​ഗ്രഹിക്കുന്നത് എന്ന് വ്യക്തം. ഒപ്പം ഡിഎംകെയെ പ്രധാന ശത്രുവായും ബിജെപിയെ പ്രത്യയശാസ്ത്രപരമായ എതിരാളിയായും നിർവചിച്ച് എഡിഎംകെ വോട്ടുകളും വിജയ് ആ​ഗ്രഹിക്കുന്നുണ്ട്. അതാണ് എഡിഎംകെ നേത‍ൃത്വത്തെ കടന്നാക്രമിക്കാതിരുന്നത് എന്നാണ് വിലയിരുത്തല്‍.

എന്നാൽ ഈ വലിയ ലക്ഷ്യത്തിലേക്ക് വിജയ്ക്ക് തടസ്സമായി നിൽക്കുന്നത് സംഘടനാ ദൗർബല്യമാണ്. ഡിഎംകെയുടെയും എഐഎഡിഎംകെ ബിജെപി മുന്നണിയുടെയോ സംഘടനാ ശക്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ ടിവിക്കെയ്ക്ക് പരിചയസമ്പത്ത് കുറവാണ്. ബുസ്സി ആനന്ദ് മാത്രമാണ് ശ്രദ്ധേയനായ സഖാവ്. ആ​ദവ് അർജുൻ ഒരു മുഖം ആണെങ്കിലും ഇലക്ഷൻ സ്ട്രാറ്റെജിസ്റ്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

ബിജെപിയെ നേരിട്ട് പേര് വിളിക്കാത്തതും ആന്റി-ഫാസിസം പരിഹാസവും, വിജയിയോട് ഒരു മൃദുസമീപനമുള്ള ഡിഎംകെ സഖ്യകക്ഷി തോല്‍. തിരുമാവളവനെപ്പോലുള്ളവർ വിമർശിച്ച് രം​ഗത്ത് എത്തുന്നതും വിജയിക്ക് നല്ല കാര്യമല്ല.

അതേസമയം, തെരഞ്ഞെടുപ്പിന് ഇനിയും ഏഴ് മാസമുണ്ട്. ഇത്തരമൊരു സമയത്ത് സഖ്യങ്ങള്‍ക്കില്ലെന്ന വിജയ്‍യുടെ നിലപാട് ഭരണവിരുദ്ധ ഡിഎംകെ വിരുദ്ധ വോട്ടുകളെ വിഭജിച്ചേക്കാം, ഇത് ഡിഎംകെയ്ക്ക് ഗുണം ചെയ്യും. കോൺഗ്രസ്, വിസികെ, ഇടതുപക്ഷം എന്നിവയുമായുള്ള ഡിഎംകെയുടെ ശക്തമായ സഖ്യവും ചില ജനപ്രിയ സർക്കാർ പരിപാടികളും ടിവികെയ്ക്ക് വെല്ലുവിളി തന്നെയാണ്.

വിജയിയുടെ രാഷ്ട്രീയ ഭാവിയും തമിഴ്നാടിന്റെ രാഷ്ട്രീയ ഭൂപടവും

2026-ലെ തെരഞ്ഞെടുപ്പിൽ ടിവികെയെ ഒരു ശക്തിയാക്കാൻ വിജയിയുടെ താരപ്രഭാവവും അടിത്തട്ടിലെ ഫാന്‍സ് ശക്തിയും നിർണായകമാകും എന്ന് പറയപ്പെടുന്നുണ്ട്. മധുരൈ പ്രസംഗം സ്റ്റാലിന്റെ ഇമേജിനെ "തകർക്കാൻ" ശ്രമിച്ചത് തമിഴ്നാടിന്റെ വ്യക്തി കേന്ദ്രീകൃതമായ രാഷ്ട്രീയത്തിൽ ഒരു വൻ നീക്കമാണെങ്കിലും. ഡിഎംകെയുടെ 2019 മുതലുള്ള സഖ്യം അവസാന തെരഞ്ഞെടുപ്പിൽ‌ പോലും 30 ശതമാനത്തിലേറെ വോട്ട് ഉറപ്പാക്കുന്നുണ്ട്. എഐഎഡിഎംകെ-ബിജെപി സഖ്യം 20 ശതമാനത്തിലേറെ വോട്ടുകൾ ഉറപ്പാക്കും എന്നാണ് കരുതപ്പെടുന്നത്.

ഇന്നത്തെ അവസ്ഥയിൽ ടിവികെയ്ക്ക് ഉണ്ടാക്കാൻ പറ്റുന്ന ഇംപാക്ട് 10 ശതമാനം വോട്ട് ഷെയർ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഇത് 25-26 ശതമാനം എത്താതെ ഗണ്യമായ സ്വാധീനം ചെലുത്താൻ ബുദ്ധിമുട്ടാണ്. അതേ സമയം തിരുമാളവന്റെ വിസികെ, വിജയ് കാന്തിന്റെ പാർട്ടിയായ ഡിഎംഡികെ, ജാതികക്ഷിയായ രാം ദാസിന്റെ പിഎംകെ എന്നിവയിൽ നിന്ന് വോട്ടുകൾ ആകർഷിക്കാൻ ടിവികെയ്ക്ക് സാധിച്ചേക്കാം, പ്രത്യേകിച്ച് വടക്കൻ തമിഴ്നാട്ടിൽ. വിജയിയുടെ ക്രിസ്ത്യൻ പശ്ചാത്തലം മുസ്ലീം, ക്രിസ്ത്യൻ വോട്ടുകളെ ഡിഎംകെയിൽ നിന്ന് മാറ്റിയേക്കാം. എന്നിരുന്നാലും, സീമാന്റെ നാം തമിഴർ കക്ഷി, ബിജെപിയുടെ വളർച്ച എന്നിവ 2026-ലെ തമിഴ് തെരഞ്ഞെടുപ്പിനെ ഒരു ചതുഷ്കോണ പോരാട്ടമാക്കി മാറ്റും. ഇത് വിജയ്ക്ക് എത്ര ​ഗുണം ചെയ്യും എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

എന്നിരുന്നാലും, വിജയിയുടെ മധുരൈ പ്രസംഗം ടിവികെ തമിഴ്നാടിന്റെ രാഷ്ട്രീയത്തിൽ ഒരു പ്രധാന ശക്തിയായി മാറുന്നു എന്ന സൂചനയാണ് നൽകുന്നത്. ഡിഎംകെയുടെ ആധിപത്യത്തെ വെല്ലുവിളിക്കുകയും എഐഎഡിഎംകെയുടെ ദൗർബല്യങ്ങളെ ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തിൽ തന്നെയായിരിക്കും വിജയ് മുന്നോട്ട് പോകുന്നത്. ഒപ്പം പാർട്ടിയുടെ മുഖം ഞാൻ മാത്രമാണ് എന്ന പ്രഖ്യാപനവും വിജയ് നടത്തുന്നുണ്ട്.

SCROLL FOR NEXT