Rs 5 coins used to make dental crowns News Malayalam
LIFE

പല്ലിന് ക്യാപ്പിടാൻ ഉരുക്കിയത് അഞ്ച് രൂപയുടെ നാണയങ്ങൾ, വന്‍ പരാതികൾ; ഡെന്റൽ ലാബുകൾക്ക് പൂട്ടിട്ട് സർക്കാർ!

അഞ്ച് രൂപ നാണയങ്ങളിൽ അടങ്ങിയിരിക്കുന്ന ലോഹക്കൂട്ട് ദീർഘകാലം വായ്ക്കുള്ളിൽ ഉപയോഗിക്കാൻ അനുയോജ്യമല്ലെന്നതാണ് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്ന പ്രധാന അപകടം.

Author : Anaswara S

മുംബൈ: ദന്ത ചികിത്സയുടെ ഭാഗമായി പല്ലുകൾക്ക് മുകളിൽ ഉറപ്പിക്കുന്ന ക്യാപ്പുകൾ നിർമ്മിക്കാൻ അഞ്ച് രൂപയുടെ നാണയങ്ങൾ ഉരുക്കി ഉപയോഗിക്കുന്നുവെന്ന ഞെട്ടിക്കുന്ന പരാതികൾക്ക് പിന്നാലെ ഡെന്റൽ ക്ലിനിക്കുകള്‍ക്കും ലാബുകള്‍ക്കും കർശന നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര സർക്കാർ. യോഗ്യതയില്ലാത്ത ടെക്നീഷ്യന്മാരും നിലവാരമില്ലാത്ത സാമഗ്രികളും ഉപയോഗിച്ച് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന രീതിയിൽ ഡെന്റൽ ക്യാപ്പുകളും ബ്രിഡ്ജുകളും നിർമ്മിക്കുന്നുവെന്ന 350 ലധികം പരാതികളാണ് 2014 മുതൽ സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചത്. ഇതേത്തുടർന്ന് നവംബർ ആറിന് സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ എല്ലാ ഡെന്റൽ ലാബുകളെയും നിർമ്മാണ വിതരണ കേന്ദ്രങ്ങളെയും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ നേരിട്ടുള്ള നിരീക്ഷണത്തിലും പരിശോധനയിലും കൊണ്ടുവരാൻ തീരുമാനിച്ചു.

അഞ്ച് രൂപ നാണയങ്ങളിൽ അടങ്ങിയിരിക്കുന്ന ലോഹക്കൂട്ട് ദീർഘകാലം വായ്ക്കുള്ളിൽ ഉപയോഗിക്കാൻ അനുയോജ്യമല്ലെന്നതാണ് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്ന പ്രധാന അപകടം. 75 ശതമാനം ചെമ്പ്, 20 ശതമാനം സിങ്ക്, അഞ്ച് ശതമാനം നിക്കൽ എന്നിവയടങ്ങിയ നിക്കൽ ബ്രാസ് കൊണ്ടാണ് സാധാരണയായി അഞ്ച് രൂപ നാണയങ്ങൾ നിർമ്മിക്കുന്നത്. ദന്തചികിത്സയ്ക്കായി പ്രത്യേകം പരീക്ഷിച്ച് തയ്യാറാക്കിയവയല്ലാത്തതിനാൽ ഇത്തരം ഉരുക്കിയ ലോഹങ്ങൾ വായ്ക്കുള്ളിലെ ഈർപ്പവുമായി പ്രവർത്തിച്ച് തുരുമ്പെടുക്കാനും ഉമിനീരിലേക്ക് വിഷാംശമുള്ള ലോഹ അയോണുകൾ കലരാനും ഇടയാക്കും.

ഇത് വായിൽ കടുത്ത അലർജി, വീക്കം, മോണരോഗങ്ങൾ എന്നിവയ്ക്ക് പുറമെ ഉള്ളിലുള്ള പല്ല് വേഗത്തിൽ നശിക്കാനും കാരണമാകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. മഹാരാഷ്ട്രയിൽ 66,000 രജിസ്റ്റർ ചെയ്ത ദന്തഡോക്ടർമാരുണ്ടെങ്കിലും അംഗീകൃത യോഗ്യതയുള്ള ഡെന്റൽ ടെക്നീഷ്യന്മാർ വെറും 1200 പേർ മാത്രമാണെന്നതാണ് ഇത്തരം വ്യാജന്മാരുടെ തഴച്ചുവളർച്ചയ്ക്ക് വഴിവെച്ചതെന്നാണ് മഹാരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസ പറയുന്നത്.

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ദന്തഡോക്ടറുടെ രേഖാമൂലമുള്ളതോ ഇലക്ട്രോണിക് രൂപത്തിലുള്ളതോ ആയ കൃത്യമായ പ്രിസ്കിപ്ഷന്‍ ഇല്ലാതെ ഒരു ലാബിലും ഡെന്റൽ ക്യാപ്പുകളോ കൃത്രിമ പല്ലുകളോ നിർമ്മിക്കാൻ പാടില്ല. ഡോക്ടറുടെ രജിസ്ട്രേഷൻ നമ്പർ, രോഗിയുടെ വിവരങ്ങൾ, ഉപയോഗിക്കുന്ന മെറ്റീരിയൽ എന്നിവ ഇതിൽ രേഖപ്പെടുത്തിയിരിക്കണം. രോഗപരിശോധനയോ ചികിത്സാ നിർദ്ദേശങ്ങളോ നൽകാൻ ടെക്നീഷ്യന്മാർക്ക് അനുവാദമുണ്ടാകില്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഹസൻ മുഷ്റിഫ് വ്യക്തമാക്കി.

SCROLL FOR NEXT