LIFE

കടൽ കാണാൻ പോകാറുണ്ടോ? ആരോ​ഗ്യത്തിന് നല്ലതെന്ന് വിദ​ഗ്ധർ

കടലും അതിൻ്റെ പരിസ്ഥിതിയും ഒരു സ്വാഭാവിക സമ്മർദ ആശ്വാസമാണെന്നാണ് മാനസികാരോഗ്യ വിദ​ഗ്ധർ പറയുന്നത്

Author : ന്യൂസ് ഡെസ്ക്

കടൽ മനുഷ്യർക്കെന്നും അത്ഭുമാണ്. എത്ര കണ്ടാലും മതി വരാത്ത ആ അഗാധ നീലിമയുടെ സൗന്ദര്യം എത്ര വർണിച്ചാലും മതിയാകില്ല. സാഹിത്യകാരന്മാർ അല്ലാത്തവർ പോലും കടലിനെപ്പറ്റിയും തിരമാലകളെ പറ്റിയും വർണിക്കാറുണ്ട്. എന്നാൽ ആ കടലിന് നമ്മുടെ മാനസികാ​രോ​ഗ്യത്തെ മെച്ചപ്പെടുത്താനുള്ള കഴിവുമുണ്ടെന്ന് പറഞ്ഞാലോ. കടൽ വെള്ളവും മറൈൻ എലമെൻ്റ്സും ചികിത്സാ ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. ഇതിനെ തലസോതെറാപ്പി എന്നാണ് പറയുന്നത്. ഇതിലൂടെ വിശ്രമവും വൈകാരികമായ ഉണർവും ലഭിക്കും.

കടലും അതിൻ്റെ പരിസ്ഥിതിയും ഒരു സ്വാഭാവിക സമ്മർദ ആശ്വാസമാണെന്നാണ് മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ മെഹെസാബിൻ ദോർഡി പറയുന്നത്. കടൽവെള്ളം ധാതുക്കളാൽ സമ്പുഷ്ടമാണ്, കൂടാതെ ശരീരത്തിന്റെ സമ്മർദ ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നുണ്ട്. അതിനാൽ മാനസികമായ സമാധാനം കണ്ടെത്തുന്നതിന് കടൽ സഹായിക്കുമെന്നും ഡോക്ടർ പറയുന്നു.

തീരത്ത് ആഞ്ഞടിക്കുന്ന തിരമാലകളുടെ താളാത്മകമായ ശബ്ദം ശാന്തമായ ഒരു പ്രഭാവം സൃഷ്ടിക്കുന്നു. കൂടാതെ വെള്ളത്തിന്റെ പ്ലവനശക്തി (ഒരു വസ്തുവിന്റെ ഭാരത്തിന് എതിർവശത്തായി ഒരു ദ്രാവകം മുകളിലേക്ക് ചെലുത്തുന്ന ബലം) നിങ്ങളുടെ പേശികളെ വിശ്രമിക്കാൻ അനുവദിക്കുമെന്നും മെഹെസാബിൻ ദോർഡി പറയുന്നു. പൊതുവേ പ്രകൃതിദത്തമായുള്ള ഒരു അന്തരീക്ഷത്തിലിരിക്കുന്നത് നിങ്ങൾക്ക് മൊത്തത്തിലൊരു ഉണർവു നൽകുകയും ഉത്സാഹം വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ കടലും അതിനു ചുറ്റുമുള്ള അന്തരീക്ഷവും ഇത് കുറച്ചുകൂടി മെച്ചപ്പെടുത്തും.

കടൽ ഉൾപ്പെടെയുള്ള പ്രകൃതിദത്ത പരിതസ്ഥിതികളുമായുള്ള സമ്പർക്കം മാനസികാവസ്ഥയിലെ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സമുദ്രവായുവിലും കടൽവെള്ളത്തിലും അടങ്ങിയിരിക്കുന്ന നെഗറ്റീവ് അയോണുകൾ ഊർജം വർധിപ്പിക്കുന്നതിനും കൂടുതൽ പോസിറ്റീവ് കാഴ്ചപ്പാടിനും കാരണമാകുമെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.

ഇത് എത്രത്തോളം ഫലപ്രദമാണ്?

തലസോതെറാപ്പിയുടെ ഫലപ്രാപ്തി പൂർണമായി സ്ഥാപിക്കുന്നതിന് കൂടുതൽ ശാസ്ത്രീയ ഗവേഷണം ആവശ്യമാണ്. എന്നിരുന്നാലും, ഈ തെറാപ്പിയുടെ ഘടകങ്ങൾ ആരോഗ്യ, മാനസികാരോഗ്യ രീതികളിൽ സംയോജിപ്പിക്കുന്നത് പലർക്കും വളരെ ഗുണം ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള അന്തരീക്ഷത്തിൽ സമയം ചെലവഴിക്കുന്നത് ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും അളവ് കുറയ്ക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും മെഹെസാബിൻ ദോർഡി പറയുന്നു.

ബയോഫീലിയ സിദ്ധാന്തം അനുസരിച്ച് മനുഷ്യർക്ക് പ്രകൃതിയുമായി ഒരു സഹജമായ ബന്ധമുണ്ട്. പ്രകൃതിയുമായി ഇടപഴകുന്നത് ഒരാളുടെ മാനസികാരോഗ്യം വർധിപ്പിക്കുമെന്നും ഇത് സൂചിപ്പിക്കുന്നു. ഇത്തരത്തിൽ മാനസികാരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിന് പ്രകൃതിയുമായി ഇടപഴകുന്നതിനെ ഇക്കോതെറാപ്പി അഥവാ പ്രകൃതി ചികിത്സ എന്നാണ് പറയുന്നത്.

ഇവ പലപ്പോഴും ശാരീരികമായ ആരോ​ഗ്യത്തെയും മെച്ചപ്പെടുത്തുന്നു. നടത്തം, ഹൈക്കിംഗ് പോലുള്ള ശാരീരിക പ്രവർത്തനങ്ങളാണ് ഇക്കോതെറാപ്പിയിൽ പെടുന്നത്. ഇത് ശാരീരിക ആരോഗ്യത്തെയും തൽഫലമായി മാനസികാരോഗ്യത്തെയും മെച്ചപ്പെടുത്തുമെന്നും മെഹെസാബിൻ ദോർഡി പറയുന്നു.

SCROLL FOR NEXT