Image: freepik  News Malayalam 24X7
LIFE

ഈ ശരീരഭാഗങ്ങളൊക്കെ ശരിക്കും നമുക്ക് ആവശ്യമുണ്ടോ?

Author : ന്യൂസ് ഡെസ്ക്

നമ്മുടെ ശരീരത്തില്‍ ഏതെങ്കിലും ഭാഗങ്ങള്‍ അനാവശ്യമായതുണ്ടോ? യാതൊരു ഉപയോഗവുമില്ലാത്ത എന്നാല്‍, ചിലപ്പോള്‍ പ്രശ്‌നക്കാരുമാകുന്ന ചില ഭാഗങ്ങള്‍ ഉള്ളതായി തോന്നിയിട്ടുണ്ടോ? പല്ലുകള്‍ക്കിടയിലെ വിസ്ഡം ടീത്ത് ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ പലരും നേരിട്ടുണ്ടാകും.

സഹിക്കാനാകാത്ത പല്ലുവേദനയുമായി ആശുപത്രിയിലെത്തുമ്പോഴായിരിക്കും ഡോക്ടര്‍ പറയുക, ആ പല്ലുകള്‍ കൊണ്ട് നമുക്ക് യാതൊരു ഉപയോഗവുമില്ല, എന്നാല്‍ ഉറക്കംകെടുത്തുന്ന ഉപദ്രവങ്ങള്‍ ഉണ്ടെന്നും. അതുകൊണ്ട് അനാവശ്യമായ ആ പല്ലിനെയങ്ങ് പിഴുതെടുക്കാം.

ഇങ്ങനെ, ചില ഭാഗങ്ങള്‍ ശരീരത്തിലുണ്ട്, പരിണാമ പ്രക്രിയയിലെപ്പൊഴൊക്കെയോ ഉപയോഗശൂന്യമായ ചില ഭാഗങ്ങള്‍ ഇപ്പോഴും നമ്മള്‍ കൊണ്ടു നടക്കാറുണ്ട്, ചിലപ്പോള്‍ നീക്കം ചെയ്യാറുമുണ്ട്.

ഒരു കാലത്ത് മനുഷ്യ ശരീരത്തില്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചിരുന്നതും പരിണാമത്തിലൂടെ ഉപയോഗ ശൂന്യമായി മാറുകയും ചെയ്ത അവയവങ്ങളെ വെസ്റ്റിജിയല്‍ അവയവങ്ങള്‍ (Vestigial organs) എന്നാണ് വിളിക്കുന്നത്. പൂര്‍ണമായും ഉപയോഗശൂന്യമല്ലെങ്കിലും മുന്‍പുണ്ടായിരുന്ന അവയുടെ ധര്‍മം ഇല്ലാതാകുകയോ അല്ലെങ്കില്‍ അവയ്ക്ക് ചെറിയ ധര്‍മ്മങ്ങള്‍ മാത്രമോ ഉണ്ടായേക്കാം.

അപ്പെന്‍ഡിക്‌സ്

നമ്മുടെ പൂര്‍വ്വികരുടെ ശരീരത്തില്‍ സെല്ലുലോസ് ദഹിപ്പിക്കാന്‍ സഹായിച്ചിരുന്ന ഒരു പ്രധാന അവയവമായിരുന്നു അപ്പെന്‍ഡിക്‌സ്. ഇന്ന് ദഹനപ്രക്രിയയില്‍ ഇപ്പോള്‍ ഇതിന് കാര്യമായ പങ്കില്ലെങ്കിലും ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ചെറിയ രീതിയില്‍ സഹായിക്കുന്നുണ്ടെന്ന് ചില പഠനങ്ങള്‍ പറയുന്നു. കുടലിലെ നല്ല ബാക്ടീരിയകളെ സംരക്ഷിക്കാനും ഇത് സഹായിക്കുമെന്നും പറയപ്പെടുന്നു

വന്‍കുടലിന്റെ താഴെ വലതുവശത്തായി വിരല്‍ പോലുള്ള നീളമുള്ള ഒരു സഞ്ചിയാണിത്.

വിസ്ഡം ടീത്ത്

പല്ലുകളില്‍ ഏറ്റവും ഒടുവില്‍ മുളക്കുന്ന അണപ്പല്ലുകളാണ് വിസ്ഡം ടീത്ത്. ഏറ്റവും വൈകി വരുന്നതിനാലാണ് ഇതിനെ ഈ പേരില്‍ വിളിക്കുന്നത്. സാധാരണഗതിയില്‍ 17 നും 25 നും ഇടയിലുള്ള പ്രായത്തിലാണ് ഈ പല്ലുകള്‍ മുളക്കുക.

നമ്മുടെ വായയില്‍ ആകെ 28 പല്ലുകള്‍ക്കേ സ്ഥലമുള്ളൂ. അവിടെയാണ് മുകളിലും താഴെയുമായി നാലെണ്ണം മുളക്കുന്നത്. പല്ല് മുളക്കുന്നതു മുതല്‍ അതി കഠിനമായ വേദന തുടങ്ങും. ചിലര്‍ക്ക് ഇത് വളരെ കാലം പ്രശ്‌നക്കാരനല്ലായിരിക്കും. പെട്ടെന്നൊരു ദിവസം തുടങ്ങുന്ന അതികഠിനമായ വേദന ഒടുവില്‍ പല്ല് പിഴുതെടുത്ത് കളയുന്നതിലേക്ക് വരെ എത്തും.

മനുഷ്യന്റെ പരിണാമത്തിന്റെ ഭാഗമായി തന്നെയാണ് വിസ്ഡം ടീത്തും നമുക്ക് അത്യാവശ്യമല്ലാത്ത അവയവമായി മാറിയത്. പ്രാചീനകാലത്ത് അസംസ്‌കൃത ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ കടിച്ച് ചവച്ചരച്ചു തിന്നാന്‍ ബലമുള്ള പല്ലുകളും വലിയ താടിയെല്ലുകളും ആവശ്യമുണ്ടായിരുന്നു. കാലക്രമേണ മനുഷ്യന്റെ ഭക്ഷണശീലങ്ങള്‍ മാറി, താടിയെല്ലിന്റെ വലിപ്പം കുറഞ്ഞു വന്നു. മൃദുവായ ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങി. അതോടെ വലിയ താടിയെല്ലിന്റേയും അണപ്പല്ലിന്റേയും ഉപയോഗം കുറഞ്ഞു.

നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ലോകമെമ്പാടുമുള്ള ഏകദേശം 22 ശതമാനം ആളുകള്‍ക്ക്, കുറഞ്ഞത് നാലില്‍ ഒരാള്‍ക്ക്, വിസ്ഡം ടീത്ത് ശരിയായി വളരാറില്ല. പലപ്പോഴും ഇവ മോണയില്‍ നിന്ന് ശരിയായി പുറത്തുവരുന്നില്ല.

പുരുഷന്മാരിലെ മുലക്കണ്ണുകള്‍

പ്രത്യുത്പാദനത്തിലോ മുലയൂട്ടുന്നതിലോ പുരുഷന്മാരുടെ മുലക്കണ്ണുകള്‍ക്ക് പങ്കില്ല. സ്ത്രീകളിലെ മുലക്കണ്ണുകള്‍ക്ക് സമാനമാണെങ്കിലും പുരുഷന്മാരിലെ മുലക്കണ്ണുകളില്‍ സ്തനകലകള്‍ കുറവായിരിക്കും. ഗര്‍ഭപാത്രത്തില്‍ ഭ്രൂണം വളരാന്‍ തുടങ്ങുമ്പോള്‍ തന്നെ, അതിന്റെ ലിംഗം നിര്‍ണയിക്കപ്പെടുന്നതിനു മുമ്പ് മുലക്കണ്ണുകള്‍ രൂപം കൊള്ളും.

ലിംഗം നിര്‍ണയിക്കപ്പെട്ടതിനു ശേഷം ആണ്‍കുഞ്ഞാണെങ്കില്‍ പുരുഷ ഹോര്‍മോണുകള്‍ ഈ ഭാഗത്തിന്റെ വളര്‍ച്ചയെ വലിയ രീതിയില്‍ ബാധിക്കുന്നില്ല. തന്മൂലം, പുരുഷന്മാരിലും മുലക്കണ്ണുകള്‍ ഒരു ഉപയോഗമില്ലാതെ നിലനില്‍ക്കുന്നു.

SCROLL FOR NEXT