പ്രതീകാത്മക ചിത്രം  Source; Freepik
LIFE

ഭക്ഷണവും വ്യായാമവും മാത്രം ശരിയാക്കിയാൽ പോരാ, സ്ട്രോക്ക് ഒഴിവാക്കാൻ ഇതു കൂടി ശ്രദ്ധിക്കണം!

സമീകൃത ആഹാരവും, ശരിയായ വ്യായാമവും ഉറപ്പു വരുത്തിയാൽ എല്ലാം സുരക്ഷിതം എന്ന് കരുതിയാൽ അത് ശരിയല്ല.

Author : ന്യൂസ് ഡെസ്ക്

സ്ട്രോക്ക് അഥവാ പക്ഷാഘാതം വളരെ ഗുരുതരമായ രോഗാവസ്ഥയാണ്. ശരീരത്തിന്റെ ചലനശേഷിയെത്തന്നെ ബാധിക്കാനും ഒരുപക്ഷേ മരണത്തിലേക്ക് വരെ നയിക്കാനും സാധ്യതയുണ്ട്. ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ സ്ട്രോക്കിനെ അകറ്റി നിർത്താൻ കഴിയുമെന്നതിൽ തർക്കമില്ല. പക്ഷെ സമീകൃത ആഹാരവും, ശരിയായ വ്യായാമവും ഉറപ്പു വരുത്തിയാൽ എല്ലാം സുരക്ഷിതം എന്ന് കരുതിയാൽ അത് ശരിയല്ല.

പലപ്പോഴും നമ്മൾ അധികം ശ്രദ്ധിക്കാതെ വിടുന്ന ഒരു കാര്യമാണ് സ്ട്രെസ്. ജീവിതത്തിൽ ടെൻഷനും പ്രശ്നങ്ങളുമൊക്കെ സാധാരണമാണ് എന്ന് വിചാരിച്ച് മാനസിക സമ്മർദത്തിൽ ജീവിച്ചാൽ അതു മതി സ്ട്രോക്കിന്. വ്യായാമവും, ഭക്ഷണവും പോലെ തന്നെ മാനസികാരോഗ്യവും കാത്തുസൂക്ഷിക്കണം. ശരിയായ ഉറക്കം ഉറപ്പുവരുത്തുന്നതിൽ വിട്ടുവീഴ്ച ചെയ്യരുത്.

അമിതമായ മാനസിക പിരിമുറുക്കം അമിതഭാരം, രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങളെ ക്ഷണിച്ച് വരുത്തും. അത് ക്രമേണ തലച്ചോറിലെ രക്ത വിതരണത്തെ ബാധിച്ച് പക്ഷാഘാതം ഉണ്ടാകാൻ സാധ്യതയേറെയാണ്. മുഖത്തിന്റെയോ കൈയ്യുടെയോ കാലിന്റെയോ ഒരു വശത്ത് പെട്ടെന്നുള്ള ബലഹീനത അല്ലെങ്കില്‍ മരവിപ്പ്, സംസാരിക്കാന്‍ ബുദ്ധിമുട്ട്, സംസാരിക്കുന്നതിന് വ്യക്തതയില്ലാതിരിക്കുക, വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെയുള്ള ശക്തമായ തലവേദന, പെട്ടെന്നുള്ള കാഴ്ച പ്രശ്‌നങ്ങള്‍, തലകറക്കം, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കാതിരിക്കുക.

ആരോഗ്യകരമായ ഭക്ഷണം, കൃത്യമായ വ്യായാമം, പുകവലി, മദ്യപാനം തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങൾ ഒഴിവാക്കൽ, പ്രമേഹം, കൊളസ്ട്രോൾ പോലുള്ള ജീവിത ശൈലീ രോഗങ്ങളെ നിയന്ത്രിക്കൽ തുടങ്ങിയ കാര്യങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക. അതോടൊപ്പം തന്നെ നിർബന്ധമായും മാനസികാരോഗ്യം കാത്തു സൂക്ഷിക്കുക. സ്ട്രെസ് കുറയ്ക്കുക.

SCROLL FOR NEXT