കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചർച്ചയായിരുന്നു. ട്രെഡ് മില്ലിൽ ഓടുമ്പോൾ വീണ് പരിക്കു പറ്റിയ ഫോട്ടോയും ഒപ്പം ഒരു മുന്നറിയിപ്പും ചേർത്തായിരുന്നു അദ്ദേഹം പങ്കുവച്ചത്. കളിയാക്കിയും, ഉപദേശിച്ചുമെല്ലാം നിരവധിപ്പേർ അതിനോട് പ്രതികരിച്ചിരുന്നു. ട്രോളുകൾക്കപ്പുറം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ് ട്രെഡ് മില്ലിലെ വ്യായാമം.
തിരിക്കു പിടിച്ച ജീവിതത്തിൽ അൽപ്പം വ്യായാമം ചെയ്യാൻ സൗകര്യപ്രദമായ ഒന്നാണ് ട്രെഡ് മിൽ എന്നത് വാസ്തവം തന്നെ. പക്ഷെ സൂക്ഷിച്ചില്ലെങ്കിൽ എട്ടിന്റെ പണികിട്ടുമെന്നും ഓർക്കുക. കാലിന്റെ മസിലുകളെ ശക്തിപ്പെടുത്താനും മൊത്തത്തിലുള്ള ശരീരഭാരം കുറയ്ക്കാനുമാണ് ട്രെഡ്മില്ലുകൾ സഹായിക്കുന്നത്. വ്യായാമത്തിനായി പുറത്തുപോകാൻ സാധിക്കാത്തവർക്ക് ഇത് ഏറെ ഉപകാരപ്രദമാണ്. ട്രെഡ് മില്ലുകൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏറെയുണ്ട്.
ചുമ്മാ സ്വിച്ച് ഓൺ ചെയ്ത് ചാടിക്കയറി ഓടിക്കളയാം എന്ന് വിചാരിക്കുന്നവരാണ് ഏറെ ശ്രദ്ധിക്കേണ്ടത്. ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ കാൽമുട്ടുകൾക്ക് പരിക്കുപറ്റും. 55-60 വയസിന് മുകളിലുള്ളവരാണെങ്കിൽ കൂടുതൽ ശ്രദ്ധിക്കണം. പ്രായമായവരിൽ കാൽമുട്ടിലെ തരുണാസ്ഥി ദുർബലമായതിനാൽ ട്രെഡ് മില്ലിലെ വ്യായാമം കടുത്ത ആഘാതം ഏൽപ്പിച്ചേക്കും. തരുണാസ്ഥിയിലുണ്ടാകുന്ന പരിക്ക് കാൽമുട്ടിലെ വേദനയും വീക്കവും വർധിപ്പിക്കാൻ ഇടയാക്കും. കാൽമുട്ടുകൾക്ക് മുൻപ് പരിക്കേറ്റിട്ടുള്ളവരും, പ്രായമായവരും ട്രെഡ് മില്ലുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
മറ്റൊന്ന് ട്രെഡ് മില്ലുകൾ നടക്കാനായി ഉപയോഗിക്കുക. ഓട്ടത്തിനല്ല എന്നതാണ്. വേഗത്തിലുള്ള നടത്തമാകാം. ഓട്ടം ഒഴിവാക്കുക. ഓട്ടത്തിൽ കാൽവിരലുകൾക്ക് കൂടുതൽ ഭാരം താങ്ങേണ്ടതായി വരുന്നു. സാവധാനം നടന്ന് നടന്ന് വേഗം വർധിപ്പിച്ച് വരിക. അതുപോലെ തന്നെ തല ഉയർത്തിപ്പിടിച്ച് നടു നിവർത്തി വേണം നടക്കാൻ. പരിചയമാകുന്നത് വരെ പരമാവധി ഹാൻഡ് റെയിലിൽ പിടിച്ച് നടക്കാൻ ശ്രദ്ധിക്കുക. വ്യായാമത്തിന്റെ കാഠിന്യം കൂട്ടാൻ ഇൻക്ലൈൻഡ് പൊസിഷനിൽ ആക്കാം.
വർക്ക് ഔട്ട് കൃത്യമായി ചെയ്യാൻ ട്രെഡ്മില്ലിന്റെ വ്യത്യസ്ത പ്രവർത്തനങ്ങൾ പഠിക്കണം. ജിമ്മിലാണെങ്കിൽ ട്രെയിനറുടെ സഹായം തേടിയ ശേഷം ഉപയോഗിക്കാം. ഹൃദയമിടിപ്പ്, ഓട്ടത്തിന്റെ സമയം, കലോറി തുടങ്ങിയവ അറിയാനുള്ള സൗകര്യം ട്രെഡ് മില്ലിൽ ഉണ്ട്. അത് മനസിലാക്കി വ്യായാമം ക്രമീകരിക്കാം.
അതുപോലെ തന്നെ അശ്രദ്ധമായി ഉപയോഗിച്ചാൽ വലിയ അപകടമാകും സംഭവിക്കുക. വലിയ സ്പീഡിൽ പ്രവർത്തിക്കുന്ന ട്രെഡ് മില്ലിൽ നിന്ന് വീണാൽ ഗുരുതരമായ പരിക്കുകൾക്ക് സാധ്യതയുണ്ട്. ട്രെഡ് മിൽ ഉപയോഗിക്കുമ്പോൾ, പത്രം വായിക്കുക, അനാവശ്യമായ സംസാരം, ഫോൺ വിളികൾ, എന്നിവ ഒഴിവാക്കി വേണം വ്യായാമം ചെയ്യാൻ.
ഇനി ട്രെഡ് മിൽ വാങ്ങുമ്പോൾ ആർക്കുവേണ്ടി എന്ന് ആലോചിക്കുക. ഉപയോഗിക്കുന്ന ആളുകളുടെ ശാരീരിക ക്ഷമത, പ്രായം എന്നിവ കണക്കിലെടുക്കാം. ഓട്ടോമാറ്റിക്, മാനുവൽ എന്നിവയിൽ അനുയോജ്യമായ ഓപ്ഷൻ തെരഞ്ഞെടുക്കാം. വിദഗ്ധരുടെ അഭിപ്രായവും ഇക്കാര്യത്തിൽ സ്വീകരിക്കാവുന്നതാണ്.