സാറാ ടെണ്ടുല്‍ക്കർ Source: X
LIFE

"സ്കൂളില്‍ പഠിക്കുമ്പോഴാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്, അത് എന്നെ സാരമായി ബാധിച്ചു"; പിസിഒഎസിനെ നേരിട്ടതെങ്ങനെയെന്ന് സാറാ ടെണ്ടുല്‍ക്കർ

പ്രത്യുൽപ്പാദന പ്രായത്തില്‍ എത്തിയ സ്ത്രീകളില്‍ കാണുന്ന ഹോർമോണ്‍ തകരാറാണ് പിസിഒഎസ്

Author : ന്യൂസ് ഡെസ്ക്

മുംബൈ: ആരോഗ്യത്തില്‍ തുടങ്ങി തന്റെ ദൈനംദിന ജീവിതത്തെക്കുറിച്ച് വരെ വാചാലയായി സാറാ ടെണ്ടുല്‍ക്കർ. തനിക്ക് പോളിസിസ്റ്റിക് ഓവറിയൻ സിൻഡ്രോം (പിസിഒഎസ്) ഉള്ളതായി വെളിപ്പെടുത്തിയ സാറ രോഗത്തിനെതിരായ തന്റെ പോരാട്ടത്തെക്കുറിച്ചും സംസാരിച്ചു.

പ്രത്യുൽപ്പാദന പ്രായത്തില്‍ എത്തിയ സ്ത്രീകളില്‍ കാണുന്ന ഹോർമോൺ അസന്തുലിതാവസ്ഥ, ക്രമരഹിതമായ ആർത്തവം, അണ്ഡാശയ സിസ്റ്റുകൾ എന്നിവയ്ക്ക് കാരണമാകുന്ന ഹോർമോണ്‍ തകരാറാണ് പിസിഒഎസ്.

എങ്ങനെയാണ് സാറാ ടെണ്ടുൽക്കർ പിസിഒഎസിനെ നേരിട്ടത്?

സ്കൂള്‍ കാലഘട്ടത്തില്‍ മുഖത്ത് പ്രത്യക്ഷപ്പെട്ട മുഖകുരുവിലൂടെയാണ് പിസിഒഎസിന്റെ ആദ്യ ലക്ഷണങ്ങള്‍ സാറയുടെ ശ്രദ്ധയില്‍പ്പെട്ടത്. അത് സാറയുടെ ആത്മവിശ്വാസത്തെ സാരമായി ബാധിച്ചു. മേക്കപ്പില്ലാതെ പുറത്തിറങ്ങാന്‍ തന്നെ ആ കാലത്ത് അവർക്ക് മടിയായിരുന്നു.

അമ്മ അഞ്ജലി ഇടപെടും വരെ പലതരം ചികിത്സകള്‍ സാറ പരീക്ഷിച്ചു. അമ്മയുടെ നിർദേശത്തെ തുടർന്നാണ് കൃത്യമായ ജീവിതശൈലി പിന്തുടരാന്‍ ആരംഭിച്ചത്. പോഷകാഹാരങ്ങള്‍, ജിം ട്രെയിനിങ് എന്നിവയ്ക്ക് അമ്മ പ്രോത്സാഹിപ്പിച്ചു. ഈ മേഖലയിലെ സ്പെഷ്യലിസ്റ്റിന്റെ സഹായം തേടാന്‍ പ്രേരിപ്പിച്ചതായും സാറ പറയുന്നു. ക്ഷമയും ശരിയായ പിന്തുണും സാറയുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു.

പെട്ടെന്നുള്ള പരിഹാരങ്ങളെ ആശ്രയിക്കുന്നതിനുപകരം, ജീവിതശൈലിയിലെ മാറ്റങ്ങൾ വരുത്തിയതാണ് തന്റെ അവസ്ഥയെ നിയന്ത്രിക്കുന്നതില്‍ നിർണായക പങ്ക് വഹിച്ചതെന്ന് ഈ 27കാരി പറയുന്നു. ശാരീരികമായി സജീവമായിരിക്കുക, സമ്മർദ്ദം നിയന്ത്രിക്കുക, സ്വയം ശാന്തത പാലിക്കുക എന്നിവ പിസിഒഎസിന്റെ ലക്ഷണങ്ങൾ നിയന്ത്രിക്കാൻ സഹായിച്ചു.

ഇന്‍സ്റ്റഗ്രാം ഫീഡിലൂടെ തന്റെ ദൈനംദിന ജീവിതത്തിൻ്റെ ഒരു ഏകദേശം ചിത്രം ആരാധകർക്ക് സാറ ടെണ്ടുല്‍ക്കർ നല്‍കിയിട്ടുണ്ട്. വ്യായാമത്തിന് മുമ്പ് വെള്ളം, നട്സ്, മച്ച ചായ, കട്ടൻ ചായ എന്നിവ ഭക്ഷിച്ചാണ് സാറയുടെ ഒരു ദിനം ആരംഭിക്കുന്നത്. എത്ര തിരക്കുള്ള ദിവസമാണെങ്കിലും വ്യായാമം ഒഴിവാക്കില്ല. 15 മിനുട്ട് നടക്കാനെങ്കിലും സമയം കണ്ടെത്തും.

പിസിഒഎസിനെപ്പറ്റി സംസാരിക്കുന്നതും മറ്റ് യുവതികള്‍ക്ക് ധൈര്യം പകരുന്നത് പ്രധാനപ്പെട്ട കാര്യമായാണ് സാറ കാണുന്നത്. സഹായം തേടണമെന്നും അതില്‍ നാണക്കേട് തോന്നേണ്ട കാര്യമില്ലെന്നും സാറ പറയുന്നു. ആരോഗ്യത്തിന് മുൻഗണന നൽകുക വഴി തന്റെ ജീവിതം തന്നെ മെച്ചപ്പെട്ടുവെന്നാണ് സാറയുടെ സാക്ഷ്യം. എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക വെളിപ്പെടുത്തലിലാണ് സാറ ടെണ്ടുല്‍ക്കർ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

SCROLL FOR NEXT