വൈദ്യുതി ഉൽപ്പാദിപ്പിച്ച് ശ്വസിക്കുന്ന ബാക്‌ടീരിയ Image Credit: Mario Nawfa/ x
LIFE

വൈദ്യുതി ഉൽപ്പാദിപ്പിച്ച് ശ്വസിക്കുന്ന ബാക്ടീരിയ! നിർണായക കണ്ടെത്തലുമായി ശാസ്ത്രലോകം

ഭാവിയിലെ കണ്ടുപിടുത്തങ്ങൾക്ക് ശക്തി പകരുന്നതും ബയോടെക്നോളജി, ഊർജ്ജ വ്യവസായം എന്നിവയിൽ വിപ്ലവം സൃഷ്ടിക്കുന്ന കണ്ടെത്തലാണ് ഇതെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

വൈദ്യുതി ഉൽപ്പാദിപ്പിച്ച് ശ്വസിക്കുന്ന ബാക്‌ടീരിയകളെ കണ്ടെത്തി ശാസ്ത്രലോകം. ഭാവിയിലെ കണ്ടുപിടിത്തങ്ങൾക്ക് ശക്തി പകരുന്നതും ബയോടെക്നോളജി, ഊർജ്ജ വ്യവസായം എന്നിവയിൽ വിപ്ലവം സൃഷ്ടിക്കുന്ന കണ്ടെത്തലാണ് ഇതെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെട്ടു. റൈസ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്.

മിക്ക ജീവജാലങ്ങളും ഭക്ഷണം ഉപാപചയമാക്കുന്നതിനും ഊർജ്ജം പുറത്തുവിടുന്നതിനും ഓക്സിജനെ ആശ്രയിക്കുമ്പോൾ, ഈ ബാക്ടീരിയകൾ ഇലക്ട്രോണുകളെ പുറംന്തള്ളുന്നതിന് നാഫ്തോക്വിനോണുകൾ എന്ന സ്വാഭാവിക സംയുക്തങ്ങൾ ഉപയോഗിക്കുന്നതായും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

ഇതുവഴി ഓക്സിജൻ്റെ സാന്നിധ്യമില്ലാതെ തന്നെ ഇവയ്ക്ക് ശ്വസിക്കാൻ സാധിക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ബാക്ടീരിയയുടെ ജീവിതത്തിന് ശക്തി പകരുന്ന പ്രകൃതിയുടെ ചെറിയ ചാലകങ്ങളാണ് നാഫ്തോക്വിനോണുകൾ.

മലിനജല സംസ്കരണം, ബയോമാനുഫാക്‌ചറിങ് തുടങ്ങിയ ബയോടെക്നോളജി പ്രക്രിയകളിലെ ഇലക്ട്രോൺ അസന്തുലിതാവസ്ഥ പരിഹരിക്കാൻ വൈദ്യുതി പുറന്തള്ളുന്ന ബാക്ടീരിയകൾ സഹായിക്കും.

കൂടാതെ മെഡിക്കൽ ഡയഗ്നോസ്റ്റിക്സ്, മലിനീകരണ നിരീക്ഷണം, ആഴത്തിലുള്ള ബഹിരാകാശ പര്യവേക്ഷണം എന്നിവയ്ക്കായി പുതിയ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനും ഇത് സഹായകരമാകും എന്നും ശാസത്രഞ്ജർ അഭിപ്രായപ്പെടുന്നു.

"ഞങ്ങളുടെ ഗവേഷണം ദീർഘകാലമായി നിലനിൽക്കുന്ന ഒരു ശാസ്ത്രീയ രഹസ്യം പരിഹരിക്കുക മാത്രമല്ല, പുതിയതും വ്യാപകമാകാൻ സാധ്യതയുള്ളതുമായ ഒരു അതിജീവന തന്ത്രത്തിലേക്ക് വിരൽചൂണ്ടുന്നു".

"ജീവശാസ്ത്രത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള കൂടുതൽ മികച്ചതും സുസ്ഥിരവുമായ സാങ്കേതികവിദ്യകൾ നിർമ്മിക്കുന്നതിനുള്ള വാതിൽ ഇതിലൂടെ തുറക്കുന്നു," പഠനത്തിന് നേതൃത്വം നൽകിയ റൈസ് സർവകലാശാലയിലെ ബയോസയൻസസ് പ്രൊഫ: കരോലിൻ അജോ-ഫ്രാങ്ക്ലിൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

SCROLL FOR NEXT