ഇന്നത്തെ കാലത്തെ ഡേറ്റിങ് രീതികൾ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും യുവാക്കൾക്കിടയിലും ഇപ്പോഴത്തെ ചർച്ചാവിഷയം 'സീഗള്ളിങ്' ആണ്. ഒരു പ്രണയ താൽപ്പര്യങ്ങളുമില്ലെങ്കിലും ഒരാളെ വൈകാരികമായി തങ്ങൾക്കൊപ്പം തന്നെ ചേർത്തുനിർത്തുന്നതിനെയാണ് 'സീഗള്ളിങ്' എന്ന് പറയുന്നത്. ഇടയ്ക്കിടെ സ്നേഹമോ സമ്മിശ്ര സിഗ്നലുകളോ നൽകും. മറ്റൊരാളിലേക്ക് മാറിപ്പോകാതിരിക്കാനും അല്ലെങ്കിൽ കൂടുതൽ ആരോഗ്യകരമായ ഒരു ബന്ധം കണ്ടെത്താൻ അനുവദിക്കാതിരിക്കാനും വേണ്ടി മാത്രമാണിത്. ഈ ബന്ധം സജീവമാണെന്ന് തോന്നുമെങ്കിലും വൈകാരിക നിക്ഷേപമോ പ്രതിബദ്ധതയോ ഇതിൽ ഉണ്ടാകാറില്ല.
പല രീതികളിലാണ് സീഗള്ളിങ് പ്രകടമാകുന്നത്. പ്രണയത്തിലേക്ക് പോകാതെ തന്നെ ബന്ധം സജീവമാണെന്ന് തോന്നിപ്പിക്കാനായി തുടർച്ചയായ ഡേറ്റിങ്ങുകൾ, ഇടയ്ക്കിടെയുള്ള മെസേജുകൾ അയയ്ക്കുക എന്നിവയാണ് അതിൽ പ്രധാനം. മറ്റു ചിലരാകട്ടെ മറ്റാരാളിലേക്കും ബന്ധത്തിലിരിക്കുന്നയാൾ പോകാതെയിരിക്കാൻ ചെറിയ ചെറിയ സമ്മാനങ്ങൾ, കോപ്ലിമെന്റ്സ് എന്നിവയിലൂടെ വൈകാരികമായ ചില പ്രതീക്ഷകൾ പങ്കുവയ്ക്കും. എന്നാൽ ഇത് പ്രണയം കൊണ്ടല്ല മറിച്ച് അവർ തൻ്റെ മാത്രം സ്വന്തമാണെന്നുള്ള പൊസസീവ്നെസ്, ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളോ ആണ്.
പലപ്പോഴും വൈകാരികമായ അരക്ഷിതാവസ്ഥ, ഒറ്റപ്പെടലിനെക്കുറിച്ചുള്ള ഭയം, പ്രതിബദ്ധതകളിൽ നിന്നുള്ള ഒളിച്ചോട്ടം എന്നിവയിൽ നിന്നാണ് 'സീഗള്ളിങ്' ഉണ്ടാകുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. ചിലർക്ക് ഇത് ഒരുതരം നിയന്ത്രണാധികാരവും വൈകാരിക ബാക്കപ്പുമെല്ലാമാണ്. മറ്റു ചിലരാവട്ടെ ഉത്തരവാദിത്തങ്ങളോ മറ്റോ ഏറ്റെടുക്കാതെ തന്നെ മറ്റൊരാളുടെ സാമീപ്യം അനുഭവിക്കാൻ ആഗ്രഹിക്കുന്ന അറ്റാച്ച്മെന്റ് പ്രശ്നങ്ങൾ ഉള്ളവരോ ആയിരിക്കും.
ഇത്തരമൊരു സാഹചര്യം മറുപക്ഷത്തുള്ള വ്യക്തിയെ കടുത്ത ആശയക്കുഴപ്പത്തിലേക്കും വൈകാരികമായ അനിശ്ചിതാവസ്ഥയിലേക്കും നയിക്കുകയും സ്വന്തം മൂല്യത്തെ ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുമെന്നും മാനസികാരോഗ്യ വിദഗ്ധർ പറയുന്നു. ആരോഗ്യകരമായ ബന്ധങ്ങൾക്ക് സുസ്ഥിരതയും വ്യക്തതയും ഉത്തരവാദിത്തബോധവും ആവശ്യമാണ്. ബോധപൂർവം അല്ലെങ്കിൽ കൂടിയും, യാതൊരു ലക്ഷ്യവുമില്ലാതെ ഒരാളെ വൈകാരികമായി മാത്രം ലഭ്യമാക്കുന്നത് ഒരുതരം ചൂഷണമായി മാറിയേക്കാം.
ഇന്നത്തെ കാലത്തെ ഡേറ്റിങ് രീതികളിൽ പല വ്യക്തികളും സ്ഥിരതയോ വ്യക്തതയോ പ്രതിബദ്ധതയോ ഇല്ലാതെ തന്നെ വൈകാരികമായി തുടരാറുണ്ട്. ക്ഷമയോടെ കാത്തിരുന്നാൽ എന്നെങ്കിലും എല്ലാം ശരിയാകും എന്നുള്ള വിശ്വാസമാണ് അത്തരത്തിലുള്ളവരെ ഇതിനായി പ്രേരിപ്പിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള ബന്ധങ്ങളിൽ തുടരുന്നത് കാലക്രമേണ ആ വ്യക്തികളിൽ ഉത്കണ്ഠ, ആത്മവിശ്വാസ കുറവ്, അമിത ചിന്ത, അടുപ്പമുള്ള ആളുകളെ പോലും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥ, ആത്മാഭിമാനം ഇല്ലാതാകൽ എന്നിവയ്ക്ക് കാരണമാകുമെന്നും മാനസികാരോഗ്യ വിദഗ്ധർ പറയുന്നു.
ഏതൊരു ബന്ധത്തിലും പരസ്പരമുള്ള കെമിസ്ട്രിയേക്കാൾ പ്രധാനം വ്യക്തമായ ആശയവിനിമയവും സ്ഥിരതയും ഉത്തരവാദിത്തവുമാണ്. വ്യക്തതയില്ലാത്ത ബന്ധങ്ങളിൽ അമിതമായി വൈകാരിക നിക്ഷേപം നടത്തുന്നത് പരിമിതപ്പെടുത്തുക. തുടർച്ചയായി ആശയക്കുഴപ്പങ്ങൾ മാത്രം സമ്മാനിക്കുന്ന ബന്ധങ്ങളിൽ നിന്നും സ്വയം ഇറങ്ങിപ്പോരാൻ തയ്യാറാകുക എന്നതും പ്രധാനമാണ്. താൽക്കാലികമായി വ്യക്തത ലഭിക്കുന്നത് ചിലപ്പോൾ നിങ്ങളെ സന്തോഷിപ്പിച്ചേക്കാം എന്നാൽ ദീർഘകാലത്തെ അനിശ്ചിതാവസ്ഥ ഭാവിയിൽ കൂടുതൽ വേദനിപ്പിക്കുമെന്നും മാനസികാരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.