ഹെയ്‌ലി ആശുപത്രിയിൽ 
LIFE

രാവിലെയൊരു കോട്ടുവായിട്ടു; പിന്നാലെ കഴുത്തൊടിഞ്ഞു, നട്ടെല്ല് തകർന്നു! ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് യുവതി

ശക്തിയോടെ കോട്ടുവായിടുന്നവരെല്ലാം കരുതിയിരിക്കണമെന്ന് തന്നെയാണ് ഹെയ്‌ലി പറയുന്നത്

Author : ന്യൂസ് ഡെസ്ക്

നല്ല ഉറക്കം പാസാക്കി, രാവിലെ എഴുന്നേറ്റ് നീട്ടിയൊരു കോട്ടുവായ ഇടുന്നതിൻ്റെ സുഖം. അതൊന്ന് വേറെ തന്നെയാണല്ലേ. എന്നാൽ 'നീട്ടിവലിച്ച്' കോട്ടുവായ ഇടുന്നവരെല്ലാം ഒന്നു സൂക്ഷിക്കണമെന്നാണ് യുഎസിൽ നിന്നുള്ള ഈ വാർത്ത പറയുന്നത്. ഒരു യമണ്ടൻ കോട്ടുവായയ്ക്ക് പിന്നാലെ കഴുത്ത് ഒടിഞ്ഞ്, ജീവിതത്തിലേക്ക് തിരിച്ചുവന്ന അനുഭവം പങ്കുവെക്കുകയാണ് ഒരു യുവതി.

ഹെയ്‌ലി ബ്ലാക്ക് എന്ന 36കാരിയാണ് ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ചിരിക്കുന്നത്. രാവിലെ എഴുന്നേറ്റ് കോട്ടുവായ ഇടുകയായിരുന്നു ഹെയ്‌ലി. എന്നാൽ തൊട്ടുപിന്നാലെ ശരീരത്തിൽ വൈദ്യുതാഘാതമുണ്ടായത് പോലെ അവർക്ക് അനുഭവപ്പെട്ടു. തന്റെ കൈ 'വായുവിൽ കുടുങ്ങിപ്പോയെന്നും' ഹെയ്‌ലി ഓർക്കുന്നു. പെട്ടെന്ന് തന്നെ ഹെയ്‌ലി ഭർത്താവ് ഇയാൻ ബ്ലാക്കിനോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടു.

നിനക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു ഭർത്താവിൻ്റെ ആദ്യ പ്രതികരണം. എന്നാൽ ഭയാനകമായ എന്തോ തനിക്കുണ്ടായെന്ന് ഹെയ്‌ലി ഉറപ്പിച്ച് പറഞ്ഞു. പിന്നാലെ ഇയാൻ ആംബുലൻസിനെ വിളിച്ചു. ആംബുലൻസ് യാത്രയിലും തൻ്റെ നട്ടെല്ല് പിളരുന്നത് പോലെ തോന്നിയിരുന്നെന്ന് ഹെയ്‌ലി ഓർത്തെടുക്കുന്നു.

പ്രാരംഭത്തിൽ ഹെ‌യ്‌ലിക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. ജീവൻ പോകുന്ന വേദനയെക്കുറിച്ച് പറഞ്ഞപ്പോഴും ഒരു കുഴപ്പവുമില്ലെന്നായിരുന്നു ഡോക്ടർമാരുടെ മറുപടി. എന്നാൽ ചില നൂതന പരിശോധനകൾ നടത്തിയപ്പോഴാണ് കാര്യത്തിൻ്റെ ഗൗരവം പുറത്തുവരുന്നത്. കോട്ടുവായയുടെ ശക്തിയിൽ അവരുടെ കഴുത്തിലെ രണ്ട് കശേരുക്കൾ സുഷുമ്‌നാ നാഡിയിലേക്ക് ഇടിച്ച് കയറിയിരുന്നു. ഇത് വഴി ഹെയ്‌ലിയുടെ നട്ടെല്ല് തകർന്നിരുന്നു!

ഹെയ്‌ലി ഭർത്താവിനൊപ്പം

ഹെയ്‌ലി ജീവിതത്തിലേക്ക് തിരിച്ചുവരാൻ 50 ശതമാനം മാത്രം സാധ്യതയാണുള്ളതെന്ന് ഡോക്ടർമാർ വിധിയെഴുതി. അവരുടെ വലതുവശം പൂർണമായും തളർന്നിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ജീവൻ തിരിച്ചുകിട്ടുമെന്നതിൽ ഡോക്ടർമാർ കുടുംബത്തിന് ഉറപ്പ് നൽകിയില്ല.

ഹെയ്‌ലിയുടെ ശസ്ത്രക്രിയ പൂർണ വിജയമായിരുന്നു. പതുക്കെ എല്ലാം പഴയരീതിയിലാകുമെന്ന് ഡോക്ടർമാർ ഉറപ്പും നൽകി. എന്നാൽ ഒരു കോട്ടുവായ കാരണം ഇത്രയധികം പ്രശ്നങ്ങൾ വരുമോ എന്ന ആശ്ചര്യത്തിലായിരുന്നു ഹെയ്‌ലി. 'ഒരു കോട്ടുവായ ഇട്ടപ്പോൾ കഴുത്ത് ഒടിഞ്ഞുപോയി. അത് എങ്ങനെ സാധ്യമാകും?' ഇതായിരുന്നു ഹെയ്‌ലിയുടെ സംശയം.

ആ സംഭവം ഹെയ്‌ലിയെ ശാരീരികമായും വൈകാരികമായും സാരമായി ബാധിച്ചു. വിട്ടുമാറാത്ത വേദനയ്ക്കും ക്ഷീണത്തിനും കാരണമാകുന്ന ഫൈബ്രോമയാൾജിയ എന്ന അസുഖം പിന്നാലെ ഹെയ്‌ലിക്ക് പിടിപ്പെട്ടു. പരിഭ്രാന്തിയില്ലാതെ കോട്ടുവായിടാൻ ഇപ്പോൾ കഴിയുന്നില്ലെന്നും ഹെയ്‌ലി പറയുന്നു. എന്തായാലും ശക്തിയോടെ കോട്ടുവായിടുന്നവരെല്ലാം കരുതിയിരിക്കണമെന്ന് തന്നെയാണ് ഹെയ്‌ലി നൽകുന്ന ഉപദേശം.

SCROLL FOR NEXT