വളരെയധികം സങ്കീർണതകളും അത്ഭുതങ്ങളും അടങ്ങിയ ഒന്നാണ് മനുഷ്യശരീരം. അത്തരത്തിൽ ഒരു അപൂർവ മെഡിക്കൽ അവസ്ഥയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്നത്. ലിത്തോപീഡിയൻ അഥവാ 'സ്റ്റോൺ ബേബി' എന്നറിയപ്പെടുന്ന രോഗവസ്ഥയുടെ എക്സ്-റേ ചിത്രം കണ്ടാൽ ആരായാലും ഞെട്ടും.
ഡോക്ടർ സാം ഘാലി എക്സിൽ പങ്കുവെച്ച ചിത്രമാണ് വൈറലായിരിക്കുന്നത്. "ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭ്രാന്തമായ എക്സ്-റേകളിൽ ഒന്ന് ഇതാ,"-ഇങ്ങനെ കുറിച്ചുകൊണ്ട് ഡോക്ടർ ചിത്രം പങ്കുവെച്ചു. ഒരു കുഞ്ഞ് കല്ലായികിടക്കുന്ന ചിത്രമായിരുന്നു അത്. നാല് ലക്ഷത്തിലധികം ആളുകൾ ചിത്രം ഇതിനോടകം കണ്ടുകഴിഞ്ഞു.
കാൽസ്യം കല്ലാക്കിമാറ്റിയ ഗര്‍ഭസ്ഥശിശുവിനെയാണ് ചിത്രം കാണിക്കുന്നത്. വളരെ അസാധാരണമായി മാത്രമാണ് ഇത്തരം അവസ്ഥയുണ്ടാകുന്നത്. ഇത് യഥാർഥമാണോ എന്ന് സംശയമാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ പലർക്കും. ഇതൊരു വ്യാജ ചിത്രമാണെന്ന് ആദ്യം തെറ്റിദ്ധരിച്ചെന്നും ചിലർ പറയുന്നുണ്ട്.
പോസ്റ്റ് വൈറലായതിന് പിന്നാലെ വിശദീകരണവുമായി ഡോക്ടർ ഘാലി തന്നെ രംഗത്തെത്തി. ലിത്തോപീഡിയൻ എന്ന രോഗാവസ്ഥയാണിത്. എക്ടോപിക് ഗർഭാവസ്ഥയുടെ വളരെ അപൂർവമായ ഒരു സങ്കീർണതയാണ് ലിത്തോപീഡിയൻ. ഗ്രീക്ക് പദങ്ങളായ 'ലിത്തോസ്' (കല്ല്), 'പീഡിയൻ' (കുട്ടി) എന്നിവയിൽ നിന്നാണ് ഈ പദം ഉരുത്തിരിഞ്ഞത്. അതായത് 'കല്ല് കുട്ടി' അല്ലെങ്കിൽ 'കല്ല് കുഞ്ഞ്' എന്നാണ് ലിത്തോപീഡിയൻ്റെ അർഥം.
ഗർഭാശയത്തിന് പുറത്തുള്ള ഒരു ഭ്രൂണം ആദ്യത്തെ മൂന്ന് മാസത്തിനപ്പുറം വികസിക്കുകയും, പിന്നീട് മരിക്കുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്ന് ഡോക്ടർ വിശദീകരിക്കുന്നു. "മാതാവിൻ്റെ രോഗപ്രതിരോധ സംവിധാനം അതിനെ ഒരു അന്യവസ്തുവായി തിരിച്ചറിയുകയും, പിന്നീട് കാൽസ്യം ഉപയോഗിച്ച് അതിനെ സംരക്ഷിച്ച് അണുബാധ തടയുകയും ചെയ്യുന്നു," ഡോക്ടർ വ്യക്തമാക്കി. രോഗലക്ഷണങ്ങളില്ലാത്തതിനാൽ തന്നെ ഇത്തരം കേസുകൾ വർഷങ്ങളോളം ശ്രദ്ധിക്കപ്പെടാതെ പോയേക്കും. ശസ്ത്രക്രിയയ്ക്കിടെയോ മെഡിക്കൽ ഇമേജിംഗ് സമയത്തോ ആകസ്മികമായി മാത്രമേ ഇവ കണ്ടെത്താറുള്ളൂ.