തൃശൂർ: ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കിയതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കത്തിലാണ് തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തമ്പി ജീവനൊടുക്കിയത്. ആത്മഹത്യ സങ്കടകരം എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇക്കാര്യത്തിൽ ബിജെപിക്ക് വീഴ്ച സംഭവിച്ചിട്ടില്ല. തെരഞ്ഞെടുപ്പിന് ശുപാർശ ചെയ്ത പാനലിൽ ആ വ്യക്തിയുടെ പേര് ഉണ്ടായിരുന്നില്ല. അദ്ദേഹം പിന്നീട് ശിവസേനയിൽ ചേർന്നു.ആത്മഹത്യയിൽ രാഷ്ട്രീയം കലർത്തരുത്. അത് നാണക്കേടാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
ഇക്കാര്യത്തിൽ ബിജെപിയെ വിമർശിക്കുന്ന സിപിഐഎം നവീൻ ബാബുവിനെ മറക്കരുതന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കരുണാകരനെ വഞ്ചിച്ചത് ആരാണ് എന്ന് എല്ലാവരും ഓർക്കണം. ആത്മഹത്യ ഒരു ദുരന്തമാണെന്ന് സമ്മതിക്കുന്നു. ഇത് രാഷ്ട്രീയത്തിനായി ഉപയോഗിക്കരുത്.
ശിവൻകുട്ടിയും ശബരിനാഥും രാഷ്ട്രീയ വിദ്വാന്മാരെന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. അവരുടെ രാഷ്ട്രീയമല്ല താൻ പ്രയോഗിക്കുന്നത് ആത്മഹത്യ സംബന്ധിച്ചു വന്ന ആരോപണങ്ങൾ ജില്ലാ പ്രസിഡന്റ് പരിശോധിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തലസ്ഥാനത്ത് സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ബിജെപി- ആഎസ്എസ് പ്രവർത്തകർ ജീവനൊടുക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിന് പിന്നാലെ ബിജെപി പ്രവര്‍ത്തക ജീവനൊടുക്കാന്‍ ശ്രമിച്ചു. നെടുമങ്ങാട് സ്വദേശിനി ശാലിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
കഴിഞ്ഞ ദിവസം സീറ്റ് നിഷേധിക്കപ്പെട്ടതില്‍ മനംനൊന്ത് ജില്ലയില്‍ പ്രാദേശിക നേതാവായ ആനന്ദ് കെ. തമ്പി ആത്മഹത്യ ചെയ്തിരുന്നു. ബിജെപിക്ക് വേണ്ടി പണിയെടുത്തിട്ടും തന്നെ തഴഞ്ഞെന്നായിരുന്നു ആനന്ദിന്റെ ആരോപണം. അതിനിടെ വട്ടിയൂർക്കാവ് വാഴോട്ട്കോണം വാർഡിൽ കാപ്പ കേസ് പ്രതിയെ ബിജെപി സ്ഥാനാർഥിയാക്കിയതും ചർച്ചയായി.