Local Body Poll

പാലക്കാട് നഗരസഭയിൽ ബിജെപി അധികാരത്തിലെത്തുന്നത് തടയാൻ എൽഡിഎഫും യുഡിഎഫും കൈകോർക്കുമോ? നിർണായകമായ നീക്കവുമായി മുന്നണികൾ

സ്വതന്ത്രനെ പിന്തുണയ്ക്കാനുള്ള ചർച്ചകളും ഉയർന്നതോടെ ഇരുമുന്നണികൾക്കുമെതിരെ ബിജെപി രംഗത്തെത്തി.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: നഗരസഭയിൽ ബിജെപി അധികാരത്തിലെത്തുന്നത് തടയാൻ എൽഡിഎഫും യുഡിഎഫും കൈകോർക്കുമോ എന്ന നിർണായക ചോദ്യം പ്രധാന ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ബിജെപിയെ മാറ്റി നിർത്താൻ സഹായകരമായ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ കോൺഗ്രസ് പ്രാദേശിക നേതൃത്വം ചർച്ചകൾക്കുള്ള സാധ്യതയാണ് തുറന്നുവച്ചത്. എന്നാൽ സംസ്ഥാന നേതൃത്വവുമായുള്ള വിശദമായ കൂടിയാലോചനക്ക് ശേഷം നിലപാട് സ്വീകരിച്ചാൽ മതിയെന്നാണ് സിപിഐഎമ്മിൻ്റെ തീരുമാനം.

ബിജെപി - 25, യുഡിഎഫ് -18, എൽഡിഎഫ്- 9, സ്വതന്ത്രൻ ഒന്ന്. ഇങ്ങനെ ആണ് നഗരസഭയിലെ കക്ഷിനില. ആർക്കും ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ ആര് നഗരസഭാ അധ്യക്ഷനാകുമെന്ന ചോദ്യമാണ് ഉയരുന്നത്. ബിജെപി അധികാരത്തിൽ വരാതിരിക്കാൻ സ്വതന്ത്രനെ പിന്തുണയ്ക്കുന്നതിൽ കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചു കഴിഞ്ഞു. സ്വതന്ത്രനെ പിന്തുണയ്ക്കാനുള്ള ചർച്ചകൾ ഉയർന്നതോടെ ഇരുമുന്നണികൾക്കുമെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

ബിജെപിയെ മാറ്റിനിർത്തുക എന്നതാണ് കോൺഗ്രസിൻ്റെ ലക്ഷ്യമാണ്. അത് ചെയ്യാൻ പറ്റുന്നത് നല്ല മാർഗത്തിലൂടെ ആണെങ്കിൽ അത് ചെയ്യുമെന്ന് ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. ഡിസിസി പ്രസിഡൻ്റ് പറഞ്ഞത് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ആവർത്തിച്ചതോടെ കോൺഗ്രസ് നിലപാട് വ്യക്തമായി.

ഇത്തരം രാഷ്‌ട്രീയ നിലപാടുകൾ തൻ്റെ ഭാവനയിൽ നിന്നും ഉണ്ടാകേണ്ട കാര്യങ്ങളല്ല എന്നായിരുന്നു ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബുവിൻ്റെ പ്രതികരണം. പാർട്ടിയുടെ സംവിധാനത്തിലൂടെ ചർച്ച ചെയ്ത് ഉണ്ടാകേണ്ട നിലപാടാണ്. കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലും എന്തെങ്കിലും പറഞ്ഞതൊന്നും പാർട്ടിയെ ബാധിക്കുന്ന വിഷയമല്ല. ഞങ്ങൾക്ക് ഞങ്ങളുടേതായ കാഴ്ചപ്പാടും നിലാപടും ഉണ്ടെന്നും സുരേഷ് ബാബു വ്യക്തമാക്കി. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സഖ്യചർച്ചകൾ രാഷ്ട്രീയ പ്രചാരണായുധമാക്കുകയാണ് ബിജെപി പാലക്കാട് ഉണ്ടാകുന്നത് മതേതര സഖ്യമല്ല മാങ്കൂട്ടത്തിൽ സഖ്യമാണെന്ന് ഇ. കൃഷ്ണദാസ് പ്രതികരിച്ചു.

SCROLL FOR NEXT