Local Body Poll

കണ്ണൂരിൽ പൊലീസിനെ ബോംബെറിഞ്ഞ കേസ്; എൽഡിഎഫ് സ്ഥാനാർഥിക്ക് 20 വർഷം തടവ്

2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: പയ്യന്നൂരിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസിൽ ശിക്ഷ വിധിച്ച് കോടതി. നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിയും ഡിവൈഎഫ്ഐ നേതാവുമായ വി. കെ. നിഷാദിനും വെള്ളൂർ ടി.സി. വി. നന്ദകുമാറിനും 20 വർഷം തടവും രണ്ടര ലക്ഷം രൂപ വീതം പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. സ്ഫോടക വസ്തു കൈവശം വെച്ചതിന് അഞ്ചുവർഷം, സ്ഫോടക വസ്തു എറിഞ്ഞതിന് 10 വർഷം, വധശ്രമത്തിന് അഞ്ചുവർഷം എന്നിങ്ങനെയാണ് ശിക്ഷ. പയ്യന്നൂർ നഗരസഭയിലെ 46ാം വാർഡായ മട്ടമ്മലിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയാണ് നിഷാദ്.

2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. പയ്യന്നൂർ എസ്ഐ ആയിരുന്ന കെ. പി. രാമകൃഷ്ണൻ്റെ വാഹനത്തിനു നേരെ ബൈക്കിൽ എത്തിയ സംഘം ബോംബെറിയുകയായിരുന്നു. എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട്, അന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള സംഘർഷത്തിൻ്റെ ഭാഗമായാണ് പൊലീസിനെതിരെ ബോംബേറ് നടന്നത്. പൊലീസ് സംഘം പട്രോളിങ് നടത്തുന്നതിനിടെ നിഷാദും മറ്റു മൂന്നുപേരും ബൈക്കിലെത്തുകയും, പൊലീസ് ഒച്ചവച്ചപ്പോൾ ഇവർക്കു നേരെ ബോംബെറിഞ്ഞ ശേഷം കടന്നുകളയുകയുമായിരുന്നു.

SCROLL FOR NEXT