പാലക്കാട്: സിപിഐഎമ്മിന്റെ ശക്തികേന്ദ്രമായിരുന്ന പാലക്കാട് മുതലമട പഞ്ചായത്തില്‍ ഇത്തവണ പോരാട്ടം തീപാറും. അവിശ്വാസ വോട്ടെടുപ്പും കൂറുമാറ്റവും അടക്കം സംഭവബഹുലമായിരുന്നു പഞ്ചായത്തിലെ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍. ഭൂരിപക്ഷം നേടി ഇത്തവണ ഒറ്റയ്ക്ക് ഭരിക്കാനാകുമെന്നാണ് സിപിഐഎമ്മിന്റെ പ്രതീക്ഷ. എന്നാല്‍ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്നും വിജയിക്കാനാകുമെന്നുമാണ് യുഡിഎഫ് വിലയിരുത്തല്‍.
മുതലമട പഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷം എങ്ങനെ ആയിരുന്നുവെന്ന് പറയുക അത്ര എളുപ്പമല്ല. 2020ല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സിപിഐഎം 9, കോണ്‍ഗ്രസ് ആറ്, ബിജെപി 3, സ്വതന്ത്രര്‍ 2 എന്നിങ്ങനെ ആയിരുന്നു കക്ഷിനില. ഏറ്റവും വലിയ ഒറ്റകക്ഷിയായ സിപിഐഎം പഞ്ചായത്ത് ഭരിച്ചു. ബേബി സുധ പഞ്ചായത്ത് പ്രസിഡന്റ് ആയി.
2023 ഫെബ്രുവരിയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി. സിപിഐഎമ്മിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടു. പൊതുധാരണയുടെ അടിസ്ഥാനത്തില്‍ സ്വതന്ത്രരായ കല്‍പ്പന ദേവി പ്രസിഡന്റും താജുദ്ദീന്‍ വൈസ് പ്രസിഡന്റുമായി. കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് അവിശ്വാസം പാസാക്കിയതിന് ബിജെപി അംഗത്തിനെതിരെ പാര്‍ട്ടി നടപടിയെടുത്തു.
അവിശ്വാസത്തിന്റെ കഥ ഇവിടെ കഴിഞ്ഞില്ല. ഈ വര്‍ഷം സിപിഐഎം അവിശ്വാസം കൊണ്ടുവന്നു. മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ അവിശ്വാസം പാസായി. പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തവര്‍ക്കെതിരെ കോണ്‍ഗ്രസ് സംഘടനാ നടപടി സ്വീകരിച്ചു.
തുടര്‍ന്ന് അവിശ്വാസത്തിന് പിന്തുണ നല്‍കിയ ജാസ്മിന്‍ ഷെയ്ഖിനെ പ്രസിഡന്റായും വിനേഷിനെ വൈസ് പ്രസിഡന്റുമാക്കി. ഇത്തവണ ഒറ്റയ്ക്ക് ഭരിക്കാന്‍ ഉള്ള ഭൂരിപക്ഷത്തിലേക്ക് എത്തുമെന്നാണ് സിപിഐഎമ്മിന്റെ പ്രതീക്ഷ. വിജയത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍
സ്വതന്ത്രരായിരുന്ന കല്പനാദേവിയും താജുദീനും 20 -20 രൂപീകരിച്ച് മുഴുവന്‍ വാര്‍ഡുകളിലും മത്സര രംഗത്തുണ്ട്. ശക്തമായ മത്സരം നടക്കുന്ന പഞ്ചായത്തില്‍ ആര് ഭരണം പിടിക്കുമെന്നത് പ്രവചിക്കുക അത്ര എളുപ്പമല്ല.