Local Body Poll

"വോട്ടിന് പോകാൻ റോഡില്ല, ഈ നാട്ടിൽ നിന്ന് വോട്ടില്ല"; പ്രതിഷേധവുമായി നെന്മേനിക്കാർ

ടാറിങ്ങ് റോഡ് കുത്തി പൊളിച്ച് നിലവാരമില്ലാതെ കോൺക്രീറ്റ് ചെയ്തതിനെ തുടർന്നാണ് നാട്ടുകാർ വോട്ട് ബഹിഷ്കരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

വയനാട്: ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് വയനാട് നെന്മേനി പഞ്ചായത്തിലെ 150ഓളം കുടുംബങ്ങൾ. ടാറിങ്ങ് റോഡ് കുത്തി പൊളിച്ച് നിലവാരമില്ലാതെ കോൺക്രീറ്റ് ചെയ്തതിനെ തുടർന്നാണ് നാട്ടുകാർ വോട്ട് ബഹിഷ്കരിക്കുന്നത്. നെന്മേനി പഞ്ചായത്ത് മാങ്കൊമ്പ്-മാളിക റോഡിലെ 150ഓളം കുടുംബങ്ങൾ സ്ഥാനാർഥികളെ വിലക്കി ബോർഡും സ്ഥാപിച്ചു.

നെന്മേനി പഞ്ചായത്തിലെ മാങ്കൊമ്പ് മാളിക റോഡിലെ അശാസ്‌ത്രീയ നിർമ്മാണത്തിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. 200 മീറ്റർ ടാറിങ്ങ് റോഡ് ജെസിബി ഉപയോഗിച്ച് കുത്തിപൊളിച്ച് 170 മീറ്റർ മാത്രമാണ് കോൺക്രീറ്റ് ചെയ്തത്. ബാക്കിഭാഗം തകർന്നു കിടക്കുന്നു. തീരെ നിലവാരമില്ലാത്ത രീതിയിലാണ് കോൺക്രീറ്റ് ചെയ്തതെന്നും നാട്ടുകാർ പറയുന്നു. മണ്ണിട്ട് പൊക്കി കോൺക്രീറ്റ് ചെയ്തതിനാൽ റോഡിന് ഇരുഭാഗവും ആഴത്തിലുള്ള കുഴിയായി മാറിയെന്നുമാണ് നാട്ടുകാരുടെ പരാതി.

അശാസ്‌ത്രീയമായ റോഡ് നിർമ്മാണത്തിനെതിരെ വോട്ട് ബഹിഷ്കരിച്ചുകൊണ്ടുള്ള ബോർഡുകളും നാട്ടുകാർ സ്ഥാപിച്ചു. എംഎൽഎയുടെ ആസ്‌തിവികസന ഫണ്ടിൽനിന്നും 15 ലക്ഷം രൂപ ചിലവാക്കിയാണ് റോഡ് നിർമിച്ചത്. എന്നാൽ റോഡുമായി ബന്ധപ്പെട്ട പ്രശ്നം തെരഞ്ഞെടുപ്പിന് ശേഷം എംഎൽഎയുടെ നേതൃത്വത്തിൽ പരിഹരിക്കുമെന്നും, കോൺക്രീറ്റ് ഉണങ്ങിയ ശേഷം റോഡിൻ്റെ ഭാഗങ്ങളിൽ മണ്ണിടൽ പൂർത്തീകരിക്കുമെന്നുമാണ് വാർഡ് മെമ്പർ പറയുന്നത്

SCROLL FOR NEXT