എ.എ. അസീസ്, എം.എം. മണി Source: News Malayalam 24x7
Local Body Poll

പെൻഷൻ വാങ്ങി നന്ദികേട് കാണിച്ചെന്ന പരാമർശം: ക്ഷേമപെൻഷൻ എം.എം. മണിയുടെ തന്തയുടെ വകയല്ലെന്ന് ആർഎസ്‌പി നേതാവ് എ.എ. അസീസ്

ഡിസിസിയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലായിരുന്നു അസീസിന്‍റെ പരാമര്‍ശം

Author : ന്യൂസ് ഡെസ്ക്

കൊല്ലം: പെൻഷൻ വാങ്ങി വോട്ടർമാർ പറ്റിച്ചെന്ന പരാമർശത്തിൽ സിപിഐഎം നേതാവ് എം.എം. മണിക്കെതിരെ ആഞ്ഞടിച്ച് ആർഎസ്‌പി നേതാവ് എ.എ. അസീസ്. പെൻഷൻ വാങ്ങി നന്ദികേട് കാണിച്ചെന്നു പറയാൻ, എം.എം. മണിയുടെ തന്തയുടെ വകയാണോ അതെന്നായിരുന്നു എ.എ. അസീസിൻ്റെ ചോദ്യം. ഡിസിസിയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലായിരുന്നു അസീസിന്‍റെ പരാമര്‍ശം.

അതേസമയം പരാമർശം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് സിപിഐഎം നേതാവ് എംഎം മണി രംഗത്തെത്തിയിരുന്നു. തനിക്ക് തെറ്റു പറ്റിയെന്നാണ് മണിയുടെ കുറ്റസമ്മതം. പറഞ്ഞത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ പാര്‍ട്ടിയുടെ നിലപാട് അംഗീകരിക്കുന്നുവെന്നും എം.എം. മണി പറഞ്ഞു. ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞുപോയതാണെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വോട്ടര്‍മാരെ അധിക്ഷേപിച്ച് എം.എം. മണി നടത്തിയ പരാമര്‍ശം വൻവിവാദമായിരുന്നു. ആനുകൂല്യങ്ങൾ കൈപ്പറ്റി, ജനങ്ങൾ പണി തന്നെന്നായിരുന്നു മണിയുടെ പരാമർശം.

പരാമർശത്തില്‍ എം എം.മണിയെ തള്ളി സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.ഗവാസ് രംഗത്തെത്തി. എം എം മണിയുടെ പ്രസ്താവന ഇടതുപക്ഷത്തിന് ചേരാത്തതതാണെന്നും പ്രസ്താവന തിരുത്തുന്നതാണ് നല്ലതെന്നും ഗവാസ് പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ഇടതുപക്ഷം പരിശോധന നടത്തണമെന്നും ഗവാസ് അഭിപ്രായപ്പെട്ടു.

എൽഡിഎഫിന് കനത്ത തിരിച്ചടി ഏറ്റതിന് പിന്നാലെയായിരുന്നു എം.എം. മണിയുടെ വിവാദപരാമർശം. നല്ല ഒന്നാന്തരം പെൻഷൻ വാങ്ങി, നല്ല ശാപ്പാടും അടിച്ചു, എന്നിട്ട് നേരെ എതിര് വോട്ട് ചെയ്തു. ഇതിനൊക്കെ പറയുന്നത് വേറെ പേരാണ് എന്നായിരുന്നു എം.എം. മണിയുടെ പ്രതികരണം.

ഏതായാലും തോൽവിയാണ്. അത് സമ്മതിച്ചു. അത് എന്തുകൊണ്ട് എന്ന് പാർട്ടി പരിശോധിക്കും. തിരുത്തൽ നടപടി സ്വീകരിക്കും. അതാണ് പോംവഴി. അല്ലാതെ തോറ്റൂന്ന് പറഞ്ഞ് മോങ്ങി കൊണ്ട് ഇരിക്കാൻ പറ്റില്ലല്ലോയെന്നും മണി പറഞ്ഞു. മുണ്ടും മുറുക്കി കൊണ്ട് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങും. ഇതുകൊണ്ട് ഒന്നും ഞങ്ങൾ പിറകോട്ട് പോകില്ല. തോൽവി പലപ്പോഴും ഞങ്ങൾ കണ്ടിട്ടുണ്ട്. വിലയിരുത്തിയിട്ടുമുണ്ട്. തോറ്റാലും മുണ്ട് മടക്കി കുത്തി നിന്ന പാരമ്പര്യമാണ് ഞങ്ങൾക്കുള്ളതെന്നും മണി പറഞ്ഞു.

പരാമർശം വിവാദമായതിന് പിന്നാലെ മണിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ആനുകൂല്യങ്ങൾ പിണറായി വിജയൻ്റെ വീട്ടിൽ നിന്ന് കൊടുക്കുന്നതല്ല എന്ന് മണി മനസിലാക്കണം, ഇതിലും വലിയ പണി ഇനി വരാനിരിക്കുന്നതെ ഉള്ളൂ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

SCROLL FOR NEXT