ജമാഅത്തെ ഇസ്ലാമി അധികാര കേന്ദ്രമാകുന്നത് തടയാൻ രണ്ടും കൽപിച്ച് സമസ്തയും മുജാഹിദ് വിഭാഗവും. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള വെൽഫെയർ പാർട്ടി തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത് തടയാനാണ് സമസ്തയുടെ തീരുമാനം. സമാന നിലപാടുമായി മുജാഹിദ് വിഭാഗവും രംഗത്തുണ്ട്. എന്നാൽ വെൽഫെയർ പാർടിയുമായുളള പ്രാദേശിക സഹകരണം തുടരുമെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.
മതരാഷ്ട്ര വാദം പറയുന്ന ജമാഅത്തെ ഇസ്ലാമിയെ എല്ലാ അർഥത്തിലും തടയുമെന്നാണ് സമസ്തയിലെ എപി- ഇകെ വിഭാഗങ്ങൾ പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിച്ചും, അല്ലാതെയും നൂറിലേറെ വാർഡിൽ വെൽഫെയർ പാർടി മത്സരിക്കുന്നുണ്ട്. ഇവർ അധികാര കേന്ദ്രമായി വന്നാൽ സമുദായത്തിന് വലിയ പരിക്കേല്ക്കുമെന്നാണ് സമസ്ത ഇകെ വിഭാഗം നേതാവ് മുസ്തഫ മുണ്ടുപാറ പറയുന്നത്. വെൽഫെയർ പാർടിയുടെ പരാജയം ഉറപ്പാക്കുമെന്നും മുസ്തഫ മുണ്ടുപാറ.
സമസ്ത കാന്തപുരം വിഭാഗവും എതിർപ്പിലാണ്. SYS ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം മുഖപത്രമായ സിറാജിൽ. എഴുതിയ ലേഖനത്തിൽ കടുത്ത വിമർശനങ്ങളാണുള്ളത്. ജമാഅത്തെ ഇസ്ലാമിയെ ശുദ്ധികലശം ചെയ്ത് ചില യുഡിഎഫ് നേതാക്കൾ മുന്നണിയിൽ എത്തിച്ചിരിക്കുകയാണ്. ഇതിന്റെ ദുരന്തം, വിജയ - പരാജയങ്ങളിൽ മാത്രം ഒതുങ്ങില്ലെന്നും സമസ്ത കാന്തപുരം വിഭാഗം എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുളള സഖാഫി എളമരം വ്യക്തമാക്കി. യുഡിഎഫ് - വെൽഫെയർ പാർടി ധാരണയ്ക്കെതിരെ മുജാഹിദ് വിഭാഗവും രംഗത്തുണ്ട്. ധാരണ നീതികരിക്കാനാകാത്തതാണെന്ന് മുജാഹിദ് മർക്കസ്സുദ്ദവ സംസ്ഥാന സെക്രട്ടറി ഐപി അബ്ദുൾസലാം പറഞ്ഞു.
എന്നാൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡണ്ടിന്റെയും നിലപാട്. വെൽഫെയർ പാർടിയുടെ പിന്തുണ സ്വീകരിക്കുന്നത് സമസ്ത നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തിയാണുണ്ടാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വെൽഫെയർ പാർടിയെ പരാജയപ്പെടുത്തി സമസ്തയുടെ ശക്തി ബോധ്യപ്പെടുത്തിക്കൊടുക്കണം എന്നാണ് സമസ്ത നേതാക്കളുടെ നിലപാട്.