കോഴിക്കോട്: യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി ബാന്ധവത്തിനെതിരെ സന്ധിയില്ലാ പോരാട്ടത്തിന് സമസ്തയും മുജാഹിദ്ദ് മർക്കസുദ്ദവയും. രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ സുന്നികൾ ഒന്നിച്ച് എതിർക്കുമെന്ന് കാന്തപുരം വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി ന്യൂസ് മലയാളത്തോട് പറഞ്ഞു. വെൽഫെയർ പാർട്ടിയെ പരാജയപ്പെടുത്താൻ മതേതര കക്ഷികൾ ഒരുമിക്കണം എന്ന് മുജാഹിദ് മർക്കസുദ്ദവ നേതാവ് ഐപി അബ്ദുൾസലാമും ആഹ്വാനം ചെയ്തു.
യുഡിഎഫ്-വെൽഫെയർ പാർട്ടി ധാരണയ്‌ക്കെതിരെ, വിയോജിപ്പുകൾ മറന്ന് മുസ്ലിം മത സംഘടനകൾ ഒരുമിച്ച് രംഗത്തു വരുമ്പോഴാണ്, എതിർപ്പ് അവഗണിച്ച് സഹകരണവുമായി മുന്നോട്ട് പോകുമെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കിയത്. മതരാഷ്ട്ര വാദം പറയുന്ന ജമാഅത്തെ ഇസ്ലാമിയെ സുന്നികൾ ഒരുമിച്ചെതിർക്കുമെന്ന് സമസ്ത കാന്തപുരം നേതാവ് റഹ്മത്തുള്ള സഖാഫി എളമരം ന്യൂസ് മലയാളത്തോട് പറഞ്ഞു.
വെൽഫെയർ പാർട്ടിയുമുള്ള ധാരണ യുഡിഎഫിന് ദോഷം ചെയ്യുമെന്ന് മുജാഹിദ് മർക്കസ്സുദവ സംസ്ഥാന സെക്രട്ടറി ഐപി അബ്ദുൾ സലാം പ്രതികരിച്ചു. ഹൈജാക്കിങ് പോലെയാണ് കാണുന്നതെന്നും, ആത്മഹത്യാപരമായ തീരുമാനമാണ് യുഡിഎഫ് എടുത്തിരിക്കുന്നെതന്നും അബ്ദുൾ സലാം പറഞ്ഞു.
സമസ്തയിലെ കാന്തപുരം-ഇകെ വിഭാഗങ്ങളും, മുജാഹിദ് വിഭാഗങ്ങളും ഒരുമിച്ചെതിർത്തിട്ടും, വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിയ്ക്കുമെന്ന നിലപാടിലാണ് യുഡിഎഫ് നേതാക്കൾ മുന്നോട്ട് പോകുന്നത്. ഇതിൽ സമസ്ത നേതാക്കൾ കടുത്ത അതൃപ്തി അറിയിച്ച് കഴിഞ്ഞു . വെൽഫെയർ പാർട്ടിയുടെ പരാജയം ഉറപ്പാക്കുമെന്നാണ് സമസ്തയിലെ ഒരു വിഭാഗം പറയുന്നത്.
അതേസമയം, യുഡിഎഫിന് പ്രതിരോധം തീർത്ത് സമസ്ത-ഇകെ വിഭാഗത്തിലെ ലീഗ് പക്ഷം രംഗത്തെത്തിയിട്ടുണ്ട്. ജമാഅത്തെ വിമർശനം മാർക്സിസ്റ്റ് ദാസ്യവേലയാകരുതെന്ന് എസ്‌വൈഎസ് സെക്രട്ടറി നാസർ ഫൈസി കൂടത്തായ് ഫേസ്‌ബുക്കിൽ കുറിച്ചത് ഇതിൻ്റെ ഭാഗമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.