Local Body Poll

തൊടുപുഴ നഗരസഭയിലെ സീറ്റുകളിൽ തർക്കം; മൂന്ന് തവണ മത്സരിച്ച നേതാക്കൾക്കെതിരെ യൂത്ത് ലീഗ് രംഗത്ത്

പാർട്ടി ജനറൽ സെക്രട്ടറി പി.എം.എ സലാമിനെ ഉദ്ധരിച്ചുള്ള ഫ്ലക്സ് ബോർഡുകളാണ് തൊടുപുഴയിൽ പ്രത്യക്ഷപ്പെട്ടത്.

Author : ന്യൂസ് ഡെസ്ക്

തൊടുപുഴ: ഇടുക്കിയിൽ മുസ്ലീം ലീഗിൻ്റെ സ്വാധീന കേന്ദ്രമായ തൊടുപുഴ നഗരസഭയിലെ സീറ്റുകളിൽ തർക്കം ഒഴിയുന്നില്ല . മൂന്ന് തവണ മത്സരിച്ച നേതാക്കൾക്കെതിരെ യൂത്ത് ലീഗ് ആണ് രംഗത്തെത്തിയത്. പാർട്ടി ജനറൽ സെക്രട്ടറി പി.എം.എ സലാമിനെ ഉദ്ധരിച്ചുള്ള ഫ്ലക്സ് ബോർഡുകളാണ് തൊടുപുഴയിൽ പ്രത്യക്ഷപ്പെട്ടത്.

യുഡിഎഫ് സീറ്റ് വിഭജനം നഗരസഭകളിൽ പൂർത്തിയാകും മുൻപാണ് മുസ്ലീം ലീഗ് ശക്തി കേന്ദ്രമായ തൊടുപുഴ നഗരസഭയിൽ പാർട്ടിയിൽ കലാപക്കൊടി ഉയർന്നത്. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം അട്ടിമറിച്ച് സ്ഥാനാർത്ഥി നിർണയത്തിലേക്ക് നീങ്ങിയ നേതൃത്വത്തിനെതിരെയാണ് ഒരു വിഭാഗം രംഗത്തെത്തിയത്.

മൂന്ന് തവണയിൽ കൂടുതൽ മത്സരിച്ച ആളുകൾ മാറിനിൽക്കണമെന്ന സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശം അട്ടിമറിക്കുകയാണ് എന്നാണ് യൂത്ത് ലീഗ് ആരോപണം. നേതാക്കളുടെ നിലപാടിനെതിരെ പാർട്ടി മുഖപത്രമായ ചന്ദ്രികയിൽ പ്രസിദ്ധീകരിച്ച വാർത്ത മുസ്ലിം ലീഗ് ഓഫീസുകൾക്ക് മുമ്പിൽ ഫ്ലക്സ് സ്ഥാപിച്ചായിരുന്നു പ്രതിഷേധം. തൊടുപുഴ നഗരസഭ മുൻ അധ്യക്ഷന്മാരായ എം.എ. ഹരിദ്, സഫിയ ജബ്ബാർ എന്നിവരുടെ സ്ഥാനാർഥിത്വത്തെ ചൊല്ലിയാണ് പാർട്ടിക്കുള്ളിലെ പ്രധാന തർക്കം.

പാർലമെൻ്ററി സമിതി യോഗം ചേർന്ന ശേഷം മാത്രമെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയുള്ളൂ എന്നും നിലവിലെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നുമാണ് മുസ്ലീം ലീഗ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം . മുസ്ലീം ലീഗ് ജില്ലാ പഞ്ചായത്തിൽ ആവശ്യപ്പെട്ട അടിമാലി ഡിവിഷൻ സംബന്ധിച്ചും പാർട്ടിക്കുള്ളിൽ സമവായമായില്ല.

SCROLL FOR NEXT