മലപ്പുറം: ഒരേ വാർഡിൽ ഒരേ പേരിൽ രണ്ട് സ്ഥാനാർഥികൾ. പെരിന്തൽമണ്ണ നഗരസഭയിലാണ് എൽഡിഎഫിനും യുഡിഎഫിനും സ്മൃതി എന്ന പേരുള്ള രണ്ട് സ്ഥാനാർഥികൾ തമ്മിലുള്ള മത്സരം. ജൂബിലി റോഡ് 33 ആം വാർഡിലാണ് 'സ്മൃതി'കളുടെ പോരാട്ടം. വോട്ടർമാർക്ക് പേര് മാറാതിരിക്കാൻ രണ്ടു പേരും സ്വന്തം പേരിന്റെ നീളം കൂട്ടിയാണ് ഇപ്പോൾ പ്രചരണം ആരംഭിച്ചിരിക്കുന്നത്.
ജൂബിലി റോഡ് വാർഡിലെ ഈ കവലയിലുള്ള ചുവരെഴുത്തും , ഫ്ലക്സ് ബോർഡുകളും കണ്ടാൽ ആർക്കും ആദ്യം ഒന്ന് കൺഫ്യൂഷനാകും. സ്ഥാനാർഥികളുടെ പേര് സ്മൃതി. ഒരാൾ അരിവാൾ ചുറ്റിക നക്ഷത്രം അടുത്തയാൾ കോണി ചിഹ്നത്തിൽ. ബോർഡിന്റെ കളറുകളിൽ മാത്രമാണ് വ്യത്യാസം ഉള്ളത്. പേര് ഒന്ന് തന്നെ. പേരിൽ വോട്ടർമാർക്ക് ആശയ കുഴപ്പമുണ്ടാകില്ല എന്നാണ് എൽഡിഎഫ് സ്ഥാനാർഥി സ്മൃതി പറയുന്നത്.
പേരിലുള്ള സാമ്യമല്ല ആശയത്തിലെ വ്യത്യാസമാണ് പ്രധാനം. അതാണ് പ്രചരണമെന്നും യുഡിഎഫ് സ്ഥാനാർഥി സ്മൃതി പറയുന്നു. പേരിലെ സാമ്യം വോട്ടർമാർക്കും പ്രചരണത്തിലും ആശയ കുഴപ്പമുണ്ടാകാതിരിക്കാൻ രണ്ടാളും പേരിന് അൽപ്പം നീളം കൂട്ടി. എൽഡിഎഫ് സ്ഥാനാർഥി, പത്തത്ത് സ്മൃതി രാജേഷായപ്പോൾ യുഡിഎഫ് സ്ഥാനാർഥി സ്മൃതി കോലോത്തുമായി.