Source: Social Media
Local Body Poll

തദ്ദേശത്തിൽ യുഡിഎഫ് തേരോട്ടം; ത്രിതല പഞ്ചായത്തിന്റെ എല്ലാ തലങ്ങളിലും ചരിത്ര മുന്നേറ്റം,ഇത് സെമിഫൈനലെന്ന് കെപിസിസി അധ്യക്ഷൻ

2010ന് ശേഷം ചരിത്രത്തിൽ ആദ്യമായാണ് യുഡിഎഫിന് ഇത്രയും വലിയ മുന്നേറ്റം ഉണ്ടാകുന്നത്.

Author : ന്യൂസ് ഡെസ്ക്

തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനം നിർണായ ഘട്ടം കഴിഞ്ഞ സാഹചര്യത്തിൽ സ്ഥിതിഗതികൾ യുഡിഎഫിന് അനുകൂലമാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്,മുൻസിപ്പാലിറ്റി, കോര്‍പ്പറേഷൻ തുടങ്ങി എല്ലാ മേഖലയിലും വ്യക്തമായ ലീഡ് കണ്ടെത്താൻ യുഡിഎഫിന് കഴിഞ്ഞിരിക്കുന്നു.

2010ന് ശേഷം ചരിത്രത്തിൽ ആദ്യമായാണ് യുഡിഎഫിന് ഇത്രയും വലിയ മുന്നേറ്റം ഉണ്ടാകുന്നത്. നിലവിലെ ഫലസൂചനകളുനസരിച്ച് 8 ലധികം ജില്ലാ പഞ്ചായത്തുകളിലും, 74 ൽ അധികം ബ്ലോക്ക് പഞ്ചായത്തിലും 400 നടുത്ത് ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് അധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. 87 മുൻസിപ്പാലിറ്റികളിൽ 54 ഇടത്തും, ആറ് കോർപ്പറേഷനുകളിൽ നാലിടത്തും യുഡിഎഫ് കരുത്തറിയിച്ചിരിക്കുന്നു.

45 വർഷക്കാലം ഇടതുപക്ഷത്തിന് പരാജയം അറിയാതെ മുന്നേറാൻ സാധിച്ച കൊല്ലം കോർപറേഷനിൽ യുഡിഎഫ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. എന്നാൽ തിരുവനന്തപുരം കോർപ്പേഷനിൽ അത്ര തിളങ്ങാൻ യുഡിഎഫിനായില്ല. ശബരീനാഥനെ രംഗത്തിറക്കി ഏറെ നേരത്തെ തന്നെ പ്രചാരണം തുടങ്ങിയെങ്കിലും യുഡിഎഫിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ശബരിനാഥൻ ജയിച്ചെങ്കിലും മറ്റ് പ്രമുഖ സ്ഥാനാർഥികൾക്ക് കാലിടറി.

ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥി വൈഷ്‌ണ സുരേഷ് വിജയിച്ചു. വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടിയതുമായി ബന്ധുപ്പെട്ട വിവാദങ്ങളോടെയാണ് വൈഷ്ണയുടെ സ്ഥാനാർഥിത്വം ചർച്ചയാകുന്നത്. ഹൈക്കോടതി ഇടപെടലിലാണ് അവർ വീണ്ടും മത്സരത്തിനെത്തിയത്. വൈഷ്ണയെ സ്ഥാനാർഥിയായി കോൺഗ്രസ് നടത്തിയ പ്രഖ്യാപനത്തെ വിവാദം കൊണ്ടായിരുന്നു സിപിഐഎം നേരിട്ടത്. കോടതിവിധിയിലൂടെ വോട്ടവകാശം നേടി മുട്ടടയിൽ മത്സരത്തിനിറങ്ങിയ വൈഷ്ണയുടെ ഈ വിജയം സി.പി.എമ്മിന് കനത്ത പ്രഹരം കൂടിയാണ്.

എൽഡിഎഫ് സിറ്റിങ് സീറ്റിൽ 397 വോട്ടിന്റെ ഭൂരിപക്ഷത്തോടയാണ് വൈഷ്ണയുടെ വിജയം. ഇടത് സ്ഥാനാർത്ഥിയായ അംശു വാമദേവന് 1210 വോട്ടാണ് ലഭിച്ചത്. 1607 വോട്ടാണ് വൈഷ്ണ നേടിയത്. ബിജെപി സ്ഥാനാർത്ഥി അജിത് കുമാർ 460 വോട്ടുകൾ നേടി. മുട്ടട വാര്‍ഡിൽ 25 വർഷങ്ങൾക്ക് ശേഷമാണ് യുഡിഎഫ് വിജയിക്കുന്നത്. അഭിമാനകരമായ വിജയമാണെന്നും സന്തോഷമുണ്ടെന്നാണ് വൈഷ്ണയുടെ പ്രതികരണം.

തൃശൂരിലും കോർപ്പറേഷൻ പിടിച്ചാണ് യുഡിഎഫ് കരുത്തറിയിച്ചത്. കണ്ണൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജില്‍ മാക്കുറ്റി താരമായി. ഈ തെരഞ്ഞെടുപ്പിൽ ഏറെ ചർച്ചയായ വിഷയമാണ് രാഹുമങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്. എന്നാൽ ഒളിവിലരുന്ന് മുൻകൂർ ജാമ്യം നടി. തെരഞ്ഞെടുപ്പിൽ അവസാന നിമിഷം എത്തി രാഹുൽ വോട്ട് ചെയ്ത പാലക്കാടെ വാഡിലും യുഡിഎഫ് ജയിച്ചു. രാഹുലിനൊപ്പം കുറ്റ ആരോപിക്കപ്പെട്ട ഫെന്നി നൈനാൻ പരാജയപ്പെട്ടു.

പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമാണ് ഉണ്ടായിരിക്കുന്നത്. ജയിക്കുമെന്ന് തന്നെയായിരുന്നു കണക്കു കൂട്ടൽ. എന്നാൽ, പ്രതീക്ഷിച്ചതിനപ്പുറം ജനപിന്തുണയാണ് കോൺ​ഗ്രസിന് ലഭിച്ചിരിക്കുന്നത്. സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കേറ്റ ശക്തമായ തിരിച്ചടിയാണിത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറ‍ഞ്ഞു. ഇത് സെമി ഫൈനലാണ്. നിയമസഭാ തെരഞ്ഞെടുപ്പിലും കോൺ​ഗ്രസ് വലിയ വിജയം ഉറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പതിനാല് ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാര്‍ഡുകള്‍, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 നഗരസഭകളിലെ 3,205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.

SCROLL FOR NEXT