തിരുവന്തപുരം: ഗ്രാമ-നഗരങ്ങളിൽ യുഡിഎഫ് നടത്തിയ വിജയത്തേരോട്ടത്തിനിടെ ജയവും പരാജയവും അനുഭവിച്ച പ്രമുഖർ നിരവധിയാണ്. വൻ വിജയം നേടിയവരിൽ മുൻ എംഎൽഎ കെ. എസ്. ശബരീനാഥനും ഡിജിപിയായിരുന്ന ആർ. ശ്രീലേഖയുമെല്ലാം ഉൾപ്പെടും. കൊല്ലം മേയർ ഹണി ബെഞ്ചമിൻ, ഐ. പി. ബിനു എന്നിങ്ങനെ അപ്രതീക്ഷിത തിരിച്ചടി നേരിട്ടവരുടെ പട്ടിക നീളുന്നു.
വോട്ടെണ്ണലിൻ്റെ ആദ്യഘട്ടത്തിൽ പിന്നിലായിരുന്നെങ്കിലും ഒടുവിൽ വൻ തിരിച്ചുവരവ് നടത്തിയാണ് തിരുവനന്തപുരം കവടിയാർ വാർഡിലെ കോൺഗ്രസ് മേയർ സ്ഥാനാർഥി അഡ്വ. കെ എസ് ശബരിനാഥൻ വിജയിച്ചത്. വാർഡിലെ ജനപ്രിയനായിരുന്ന ശബരിനാഥിനെ മുഖമാക്കിയ കോൺഗ്രസിന് പിഴച്ചില്ല. തലസ്ഥാനത്തെ ബിജെപിയുടെ സർപ്രൈസ് സ്ഥാനാർഥിയായിരുന്ന മുൻ ഡിജിപി ആർ. ശ്രീലേഖയും വിജയം സ്വന്തമാക്കി.
കോൺഗ്രസിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയും പ്രചാരണ കാലയളവിൽ വിവാദച്ചുഴിലകപ്പെടുകയും ചെയ്ത വൈഷ്ണ സുരേഷും മുട്ടട വാർഡിൽ മിന്നും വിജയം സ്വന്തമാക്കി. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നെങ്കിലും വിവാദമൊന്നും ജനവിധിയെ സ്വാധീനിച്ചില്ല. ബലാത്സംഗ വിവാദങ്ങൾക്കിടയിലും രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് നിലപാടെടുത്ത നേമം ഷജീറിന് ജനവിധി അനുകൂലമായില്ല. ജനകീയ നേതാവായിട്ടും ഐ.പി. ബിനുവിന് കുന്നുകുഴി വാർഡിൽ വിജയിക്കാനാകാഞ്ഞത് എൽഡിഎഫിന് കനത്ത തിരിച്ചടിയായി.
പ്രമുഖ നേതാക്കളയടക്കം പ്രചരണ രംഗത്തിറക്കിയെങ്കിലും പാര്‍ട്ടി ആസ്ഥാനം സ്ഥിതി കൊള്ളുന്ന കുന്നുകുഴി തിരിച്ച് പിടിക്കണമെന്ന എൽഡിഎഫ് മോഹം സഫലമായില്ല. കൊടുങ്ങാന്നൂര്‍ ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ഥി വി. വി. രാജേഷും മികച്ച വിജയം കരസ്ഥമാക്കി.
കൊല്ലത്തെ എൽഡിഎഫ് മേയർ ഹണി ബെഞ്ചമിൻ്റെ പരാജയവും എൽഡിഎഫിന് കനത്ത പ്രഹരമായി. രാഹുൽ വിഷയത്തിൽ തീവ്രത പരാമർശം നടത്തിയ പന്തളം നഗരസഭ എൽഡിഎഫ് സ്ഥാനാർഥി ലസിത നായർക്കും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്ഥനായ കിളിവയലിലെ യുഡിഎഫ് സ്ഥാനാര്‍ഥി റിനോ പി. രാജനെ ജനം പിന്തുണച്ചെങ്കിലും രാഹുലിൻ്റെ മറ്റാെരു വിശ്വസ്തനായ ഫെന്നി നൈനാനെ കൈവിട്ടു. മെഴുവേലി ഗ്രാമപഞ്ചായത്തില്‍ മുന്‍ എംഎല്‍എ കൂടിയായ സിപിഐഎം നേതാവ് സി രാജഗോപാല്‍ വിജയിച്ച് കയറി.
ലഹരിക്കടത്ത് കേസിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയ സിപിഐഎം സ്ഥാനാര്‍ഥി എ. ഷാനവാസ് ആലപ്പുഴ നഗരസഭയിൽ വിജയം ഉറപ്പിച്ചു. തിരിച്ചെടുത്തില്ലെങ്കിലും പാർട്ടി ചിഹ്നത്തിൽ തന്നെയാണ് ഷാനവാസ് ഇത്തവണ മത്സരിച്ചത്. ജില്ലാ പഞ്ചായത്ത്- വയലാർ ഡിവിഷനിൽ നിന്ന് മത്സരിച്ച കോൺഗ്രസിൻ്റെ ഏക ട്രാൻസ്‌വുമൺ സ്ഥാനാർഥി അരുണിമ എം. കുറുപ്പിന് മുന്നേറാൻ സാധിച്ചില്ല.
ഇടുക്കി കട്ടപ്പന നഗരസഭയിലേക്ക് മത്സരിച്ച മുന്‍ എംഎല്‍എ കൂടിയായ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.എം. അഗസ്തി തോറ്റു. പേര് കൊണ്ട് തെരഞ്ഞെടുപ്പില്‍ ശ്രദ്ധ നേടിയെങ്കിലും മൂന്നാർ പഞ്ചായത്ത് പതിനാറാം വാർഡിലെ ബിജെപി സ്ഥാനാർഥി സോണിയാ ഗാന്ധിക്ക് ജനവിധി അനുകൂലമായില്ല. കോട്ടയം നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിയായ ലതിക സുഭാഷ് വമ്പൻ പരാജയമാണ് ഏറ്റുവാങ്ങിയത്. 113 വോട്ടുകൾ മാത്രമാണ് നേടാനായത്.
കൊച്ചിയിൽ യുഡിഎഫ് ആധിപത്യം വീണ്ടെടുത്തപ്പോൾ മേയർ സ്ഥാനാർഥിയായിരുന്ന ദീപ്തി മേരി വർഗീസ് മിന്നും ജയം നേടി. രാഹുലിനെതിരെ പരാതി നൽകിയ യുവനടിയെ പിന്തുണച്ച കെപിസിസി വക്താവ് ജിൻ്റോ ജോണിനെയും ജനം കൈവിട്ടില്ല. എറണാകുളം ജില്ലാ പഞ്ചായത്തിലെ തുറവൂർ ഡിവിഷനിൽ നിന്നായിരുന്നു ജിൻ്റോ മത്സരിച്ചത്. രവിപുരത്തെ ബിജെപി സ്ഥാനാർഥി സി. ജി. രാജഗോപാൽ എന്ന മുത്തു പാട്ടുപാടി വോട്ട് തേടിയെങ്കിലും ജനമനസ് കീഴടക്കാൻ സാധിച്ചില്ല.
സ്ഥാനാർഥിത്വത്തിന് പിന്നാലെ ട്രോളുകളിൽ നിറഞ്ഞ കൂത്താട്ടുകുളം നഗരസഭയിലെ 26–ാം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ‘മായാവി’ തോറ്റു. സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞ ട്രോളുകളൊന്നും വോട്ടായില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. എസ്എഫ്ഐ - എഐഎസ്എഫ് തര്‍ക്കത്തിനിടെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റായിരുന്ന ആര്‍ഷോക്കെതിരെ പരാതി നല്‍കിയതിലൂടെ മാധ്യമ ശ്രദ്ധ നേടിയ നിമിഷ രാജു പരാജയപ്പെട്ടു. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് കെടാമങ്കലം ഡിവിഷനില്‍ നിന്നാണ് നിമിഷ മത്സരിച്ചത്.
തൃശൂർ അടാട്ട് ഗ്രാമപഞ്ചായത്തിൽ മത്സരിച്ച മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരെക്കും വൻ വിജയം നേടി. ജില്ലയിൽ ബിജെപി നിര്‍ത്തിയ ഏക മുസ്‌ലിം സ്ഥാനാര്‍ഥി മുംതാസും വിജയിച്ചു. ഹിന്ദു വോട്ടുകൾ ഭൂരിപക്ഷമുള്ള കോർപ്പറേഷനിലെ 35ാം ഡിവിഷനിലാണ് മുംതാസ് മത്സരിച്ചത്. വയനാട്ടിൽ യൂത്ത് കോൺഗ്രസിലെ പ്രധാന നേതാക്കളിൽ ഒരാളായ സംഷാദ് മരയ്ക്കാർ പനമരം ബ്ലോക്ക് പഞ്ചായത്ത് പൂതാടി ഡിവിഷനിൽ ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു.
കോഴിക്കോട് കാരാപ്പറമ്പ് ഡിവിഷനിൽ നിന്നും മത്സരിച്ച ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസിന് ജനവിധി അനുകൂലമായി. പ്രിയങ്കാ ഗാന്ധിക്കെതിരായ പോരാട്ടത്തിലെ മുന്നേറ്റം നവ്യയുടെ രാഷ്ട്രീയ യാത്രയിൽ മുതൽക്കൂട്ടായി. കോഴിക്കോട് കോര്‍പ്പറേഷന് എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി മുസാഫിര്‍ അഹമ്മദ് പരാജയപ്പെട്ടത് ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയായി. കോഴിക്കോട് ഏറെ പ്രതീക്ഷകളോടെ കോൺഗ്രസ് രംഗത്ത് ഇറക്കിയ പി.എം. നിയാസും കനത്ത തോൽവി ഏറ്റുവാങ്ങി. തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്താണ് നിയാസ്.
കോർപ്പറേഷനിലെ യുഡിഎഫ് യുവ സ്ഥാനാർത്തി ഫാത്തിമ തഹ്ലിയയെയും ജനം പിന്തുണച്ചു. എല്‍ഡിഎഫ് ടിക്കറ്റില്‍ മല്‍സരിച്ച മുന്‍ ഡിസിസി പ്രസിഡന്‍റും മുന്‍ എംഎല്‍എയുമായ എ.വി. ഗോപിനാഥ് പെരിങ്ങോട്ടുകുറിശിയില്‍ തോറ്റു. കണ്ണൂരിൽ മത്സരിച്ച യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻ്റും കെപിസിസി അംഗവുമായ റിജിൽ മാക്കുറ്റിയുടേത് എൽഡിഎഫിനെ ഞെട്ടിച്ച ജയമായിരുന്നു. സിപിഐ സിറ്റിങ് സീറ്റാണ് പിടിച്ചെടുത്താണ് വിജയം നേടിയത്.
പിണറായി ഡിവിഷനിൽ നിന്നും സ്ഥാനാർഥിയായ എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ കെ. അനുശ്രീക്കും ജനവിധി അനുകൂലമായി. പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം സ്ഥാനാർഥി വി. കെ. നിഷാദ് വിജയിച്ചു.