സജികുമാർ, ഭാര്യ സിന്ധു 
Local Body Poll

ആലപ്പുഴയിൽ ഭർത്താവിനെ തോൽപ്പിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് ഭാര്യ! പിന്നാലെ രസകരമായ വിശദീകരണം

ഔദ്യോഗിക സ്ഥാനത്തുള്ള ഒരാള്‍ക്ക് പറ്റിയതല്ല വാര്‍ഡ് മെമ്പറുടെ പണി എന്നാണ് സിന്ധുവിൻ്റെ വിശദീകരണം

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭർത്താവ് തോറ്റതിന് പിന്നാലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ഭാര്യ. മാന്നാർ പഞ്ചായത്തിലെ നാലാം വാര്‍ഡ് സിപിഐഎം സ്ഥാനാർഥി സജികുമാര്‍ പരടയിലിന്റെ ഭാര്യ സിന്ധു പരടയിലാണ് നന്ദി പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സിന്ധുവിൻ്റെ നന്ദിപ്രകടനം. സംഭവം ചർച്ചയായതോടെ വിശദീകരണവുമായി സിന്ധു രംഗത്തെത്തി.

"മാന്നാര്‍ ഗ്രാമപ്പഞ്ചായത്ത് നാലാം വാര്‍ഡ് നിവാസികള്‍ക്ക് നന്ദി !" -ഇങ്ങനെക്കുറിച്ചായിരുന്നു സിന്ധുവിൻ്റെ ആദ്യ ഫേസ്ബുക്ക് പോസ്റ്റ്. ഭർത്താവിൻ്റെ തോൽവിയിൽ നന്ദി പറഞ്ഞുകൊണ്ടുള്ള സിന്ധുവിൻ്റെ പോസ്റ്റ് വലിയ ചർച്ചയായി. ഇതോടെ വിശദീകരണ പോസ്റ്റുമായി സിന്ധു രംഗത്തെത്തി.

ഭർത്താവ് കുട്ടമ്പേരൂർ സർവീസ് സഹകരണ ബാങ്കിൻ്റെ സെക്രട്ടറിയാണെന്നും, ഔദ്യോഗിക സ്ഥാനത്തുള്ള ഒരാള്‍ക്ക് പറ്റിയതല്ല വാര്‍ഡ് മെമ്പറുടെ പണി എന്നുമാണ് സിന്ധുവിൻ്റെ വിശദീകരണ പോസ്റ്റിൽ പറയുന്നത്. പ്രത്യേകിച്ച് ജോലിയില്ലാത്ത ഒരാൾക്ക് മാത്രമേ വാര്‍ഡ് മെമ്പറാകാന്‍ കഴിയൂ. അഞ്ച് വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ രണ്ടുപേരും വിരമിക്കും.

പെന്‍ഷന്‍ പറ്റിക്കഴിഞ്ഞാല്‍ വിദേശത്തേക്ക് പറക്കാനാണ് തീരുമാനം. പക്ഷേ പഞ്ചായത്തും പിടിച്ച് നില്‍ക്കുന്ന ഇദ്ദേഹം ഒരിക്കലും ആ വഴിക്ക് വരില്ല. തെരഞ്ഞെടുപ്പില്‍ നില്‍ക്കരുതെന്ന് എത്ര നിര്‍ബന്ധിച്ചിട്ടും 'പാര്‍ട്ടിയുടെ തീരുമാനം' എന്നുപറഞ്ഞ് മനസില്ലാ മനസോടെ നില്‍ക്കുകയായിരുന്നു. ഒരു പരിശ്രമവും കൂടാതെ തനിക്ക് സൗകര്യം ഒപ്പിച്ചുതന്നതിനാണ് ജനങ്ങൾക്ക് നന്ദി പറഞ്ഞതെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.

സിന്ധുവിന്റെ ഫെയ്​സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം

സിന്ധുവിന്റെ ഫെയ്​സ്ബുക്ക് പോസ്റ്റ്തോറ്റ സ്ഥാനാര്‍ത്ഥിയുടെ ഭാര്യ എന്തിന് നന്ദി പറഞ്ഞു കൊണ്ട് പോസ്റ്റ് ഇട്ടു എന്ന് പലരും വിളിച്ചു ചോദിക്കുന്നു. ചോദിക്കാത്തവര്‍ക്കും ഇതേ സംശയം ഉണ്ട് ചോദിച്ചില്ലെന്നു മാത്രം. അതുകൊണ്ട് മറുപടി പറയാം.

വാര്‍ഡ് മെമ്പറുടെ പണി ഒരു ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് പറ്റിയതല്ല. കൃത്യമായ സമയവ്യവസ്ഥയില്ലാത്തപ്രത്യേകിച്ചൊരു ജോലിയുമില്ലാത്ത ഒരാള്‍ക്കുമാത്രമേ ഒരു വാര്‍ഡ് മെമ്പറായി തലങ്ങും വിലങ്ങും ഓടി നടക്കാന്‍ കഴിയൂ. സജികുമാര്‍ PSC ടെസ്റ്റ് എഴുതി ഇന്റര്‍വ്യൂവും കടന്ന് (ഒരു പാര്‍ട്ടിയുടേയും പിന്തുണയോടെയല്ല ) കുട്ടമ്പേരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറിയായി കഴിഞ്ഞ 20 വര്‍ഷമായി സേവനമനുഷ്ഠിക്കുന്നു.

ചെങ്ങന്നൂര്‍ താലൂക്കിലെ മികച്ച ബാങ്കിനുംമികച്ച സെക്രട്ടറി ക്കുമുള്ള അവാര്‍ഡ് കഴിഞ്ഞ 7 വര്‍ഷങ്ങളില്‍ നേടിക്കഴിഞ്ഞു. ക്ലാസ്സ് 1 ബാങ്കായി ഇന്ന് ആ ബാങ്കിനെ മാറ്റിയെടുത്തത് അക്ഷീണമായ പ്രയത്‌നവും സംഘാടന മികവും കൊണ്ട് മാത്രമാണ്. അതാണ് ഒരു മെമ്പറായി മാറി തകര്‍ക്കാന്‍ ശ്രമിച്ചത്. മാത്രമല്ല ഞങ്ങള്‍ രണ്ടാളും 5 വര്‍ഷത്തിനുളളില്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കും. ഞാനായിരിക്കും മുമ്പേ വിരമിക്കുക. അദ്ദേഹത്തേക്കാള്‍ എനിക്കായതുകൊണ്ടല്ല ബാങ്കുകാരുടെ പെന്‍ഷന്‍ പ്രായം ഞങ്ങളേക്കാള്‍ കൂടുതലായതു കൊണ്ടാണ്. പെന്‍ഷന്‍ പറ്റിക്കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ വിദേശത്തേക്ക് പറക്കാനാണ് എന്റെ ഉറച്ച തീരുമാനം. പക്ഷേ പഞ്ചായത്തും പിടിച്ച് നില്‍ക്കാനുദേശിക്കുന്ന ഇദ്ദേഹം ഒരിക്കലും ആ വഴിക്ക് വരില്ല. (ഇലക്ഷനു നില്‍ക്കരുതെന്ന് എത്ര നിര്‍ബന്ധിച്ചിട്ടും പാര്‍ട്ടിയുടെ തീരുമാനം എന്ന് പറഞ്ഞ് മനസ്സിലാ മനസോടെയാണ് നിന്നത്). എന്തായാലും ഒരു effort ഉം കൂടാതെ എനിക്കാ സൗകര്യം ഒപ്പിച്ചു തന്നതിനാണ് ഞാന്‍ നന്ദി പറഞ്ഞത്.

SCROLL FOR NEXT