ഇടുക്കി: തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി ഏറ്റതിന് പിന്നാലെ വിവാദ പരാമർശവുമായി സിപിഐഎം നേതാവ് എം.എം. മണി. നല്ല ഒന്നാന്തരം പെൻഷൻ വാങ്ങി, നല്ല ശാപ്പാടും അടിച്ചു, എന്നിട്ട് നേരെ എതിര് വോട്ട് ചെയ്തു. ഇതിനൊക്കെ പറയുന്നത് വേറെ പേരാണ് എന്നായിരുന്നു എം.എം. മണിയുടെ പ്രതികരണം.
ഏതായാലും തോൽവിയാണ്. അത് സമ്മതിച്ചു. അത് എന്തുകൊണ്ട് എന്ന് പാർട്ടി പരിശോധിക്കും. തിരുത്തൽ നടപടി സ്വീകരിക്കും. അതാണ് പോംവഴി. അല്ലാതെ തോറ്റൂന്ന് പറഞ്ഞ് മോങ്ങി കൊണ്ട് ഇരിക്കാൻ പറ്റില്ലല്ലോയെന്നും മണി പറഞ്ഞു. മുണ്ടും മുറുക്കി കൊണ്ട് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങും. ഇതുകൊണ്ട് ഒന്നും ഞങ്ങൾ പിറകോട്ട് പോകില്ല. തോൽവി പലപ്പോഴും ഞങ്ങൾ കണ്ടിട്ടുണ്ട്. വിലയിരുത്തിയിട്ടുമുണ്ട്. തോറ്റാലും മുണ്ട് മടക്കി കുത്തി നിന്ന പാരമ്പര്യമാണ് ഞങ്ങൾക്കുള്ളതെന്നും മണി വ്യക്തമാക്കി.
പരാമർശം വിവാദമായതിന് പിന്നാലെ മണിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ആനുകൂല്യങ്ങൾ പിണറായി വിജയൻ്റെ വീട്ടിൽ നിന്ന് കൊടുക്കുന്നതല്ല എന്ന് മണി മനസിലാക്കണം, ഇതിലും വലിയ പണി ഇനി വരാനിരിക്കുന്നതെ ഉള്ളൂ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.