ഭൂമി കുംഭകോണകേസിൽ ശിക്ഷാനടപടിക്ക് അനുമതി നൽകിക്കൊണ്ടുള്ള കർണാടക ഗവർണർ ഉത്തരവിന് പിന്നാലെ തെറ്റ് ചെയ്തിട്ടില്ലെന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ടിൻ്റെ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്നും വിഷയവുമായി ബന്ധപ്പെട്ട് രാജി വെക്കില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. അഴിമതി ആരോപണത്തിന് പിന്നാലെ സ്ഥാനമൊഴിയാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ആവശ്യമുയർത്തിയതിനെ തുടർന്നാണ് സിദ്ധരാമയ്യയുടെ മറുപടി.
ബിജെപി രാജ്ഭവനെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നാണ് സിദ്ധരാമയ്യയുടെ ആരോപണം. നിയമവിരുദ്ധമായും ഭരണഘടനാ വിരുദ്ധമായും പെരുമാറിയ ബിജെപിയാണ് തെറ്റ് ചെയ്തത്. ശിക്ഷാ നടപടികൾക്ക് അനുവദിച്ച അനുമതിയെ കോടതി ചോദ്യം ചെയ്യും. ഗവർണർ കേസിൽ നടപടിക്ക് അനുമതി നൽകുമെന്നത് പ്രതീക്ഷിച്ചിരുന്നെന്നും സർക്കാരിനെ ഇല്ലാതാക്കാനുള്ള വലിയ ഗൂഢാലോചനയാണ് ഇതെന്നും സിദ്ധരാമയ്യ പറഞ്ഞു.
"കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി, മുൻ ബിജെപി മന്ത്രിമാരായ ശശികല ജോലെ, മുരുഗേഷ് നിരാണി, ജനാർദൻ റെഡ്ഡി എന്നിവർക്കെതിരെ അന്വേഷണാനുമതി ആവശ്യപ്പെട്ട് ഹർജികൾ രാജ്ഭവനിൽ കെട്ടികിടക്കുകയാണ്. ജാർഖണ്ഡിനും ഡൽഹിക്കും ശേഷം കർണാടകയിലെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിയും ജെഡിഎസും ആഗ്രഹിക്കുന്നു. ഇതിനെതിരെ ശക്തമായി പോരാടും. കോൺഗ്രസ് ഹൈക്കമാൻഡും മുഴുവൻ മന്ത്രിസഭയും എല്ലാ പാർട്ടി എംപിമാരും എനിക്കൊപ്പമുണ്ട്" സിദ്ധരാമയ്യ വ്യക്തമാക്കി.
മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി(മുഡ) സ്ഥലം അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്നതാണ് സിദ്ധരാമയ്യക്കെതിരെയുള്ള ആരോപണം. സർക്കാർ ഭൂമി ബന്ധുക്കൾക്ക് അനധികൃതമായി നൽകിയെന്ന് കാട്ടി പ്രദീപ് കുമാർ, ടി.ജെ. എബ്രഹാം, സ്‌നേഹമയി കൃഷ്ണ എന്നീ മൂന്ന് ആക്ടിവിസ്റ്റുകൾ സമർപ്പിച്ച ഹർജിയെ തുടർന്നാണ് ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് പ്രോസിക്യൂഷന് അനുമതി നൽകിയത്. ഏകദേശം 3,000 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് ബിജെപി ആരോപണം.
മുഡയിലെ ക്രമക്കേട് ആരോപിച്ച് സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന, അഴിമതി വിരുദ്ധ പ്രവർത്തകൻ ടി.ജെ. എബ്രഹാം നൽകിയ ഹർജിയെ തുടർന്നാണ് ഗവർണറുടെ നോട്ടീസ്. സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മൈസൂരു പരിസരത്ത് 14 ബദൽ സൈറ്റുകൾ അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ജൂലൈയിൽ ലോകായുക്ത പൊലീസിൽ നൽകിയ പരാതിയിൽ എബ്രഹാം ആരോപിച്ചിരുന്നു. സിദ്ധരാമയ്യ, ഭാര്യ പാർവതി, മകൻ എസ്. യതീന്ദ്ര, മുഡയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ പേരുകളിലാണ് പരാതി.