മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) സ്ഥലം അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്നതാണ് സിദ്ധരാമയ്യക്ക് എതിരെയുള്ള ആരോപണം
ഭൂമി കുംഭകോണ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും, കർണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാൻ അനുമതി നൽകി ഗവർണർ. മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി(മുഡ) സ്ഥലം അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്നതാണ് സിദ്ധരാമയ്യക്കെതിരെയുള്ള ആരോപണം. സർക്കാർ ഭൂമി ബന്ധുക്കൾക്ക് അനധികൃതമായി നൽകിയെന്ന് കാട്ടി പ്രദീപ് കുമാർ, ടി.ജെ. എബ്രഹാം, സ്‌നേഹമയി കൃഷ്ണ എന്നീ മൂന്ന് ആക്ടിവിസ്റ്റുകൾ സമർപ്പിച്ച ഹർജിയെ തുടർന്നാണ് ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് പ്രോസിക്യൂഷന് അനുമതി നൽകിയത്. ഏകദേശം 3,000 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് ബിജെപി ആരോപണം.
മുഡയിലെ ക്രമക്കേട് ആരോപിച്ച് സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന, അഴിമതി വിരുദ്ധ പ്രവർത്തകൻ ടി.ജെ. എബ്രഹാം നൽകിയ ഹർജിയെ തുടർന്നാണ് ഗവർണറുടെ നോട്ടീസ്. സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മൈസൂരു പരിസരത്ത് 14 ബദൽ സൈറ്റുകൾ അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ജൂലൈയിൽ ലോകായുക്ത പൊലീസിൽ നൽകിയ പരാതിയിൽ എബ്രഹാം ആരോപിച്ചിരുന്നു. സിദ്ധരാമയ്യ, ഭാര്യ പാർവതി, മകൻ എസ്. യതീന്ദ്ര, മുഡയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ പേരുകളിലാണ് പരാതി.
ALSO READ: മൈസൂരു ഭൂമി കുംഭകോണക്കേസ്: അന്വേഷണ കമ്മീഷനെ നിയമിച്ചു
പിന്നാലെ ഭൂമി കുംഭകോണത്തിൽ സിദ്ധരാമയ്യക്കും ഭാര്യക്കും മുഡ, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാരോപിച്ച് മറ്റൊരു ആക്ടിവിസ്റ്റായ സ്നേഹമയി കൃഷ്ണയും രംഗത്തെത്തി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചതിനാൽ പുതിയ എഫ്ഐആർ ഫയൽ ചെയ്തിരുന്നില്ല. 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ സെക്ഷൻ 17, ഭാരതീയ സുരക്ഷാ സംഹിത സെക്ഷൻ 218 എന്നിവ പ്രകാരം സിദ്ധരാമയ്യക്കെതിരെ പ്രോസിക്യൂഷൻ നടപടിക്രമങ്ങൾ ആരംഭിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാൽ, ഈ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന വാദമായിരുന്നു സിദ്ധരാമയ്യ ഉയർത്തിയത്.
സിദ്ധരാമയ്യക്കെതിരായ ആരോപണങ്ങൾക്ക് ഏഴു ദിവസത്തിനകം മറുപടി നൽണമെന്നും, പ്രോസിക്യൂഷൻ നടപടികൾ എന്തുകൊണ്ട് സ്വീകരിക്കരുതെന്ന് വ്യക്തമാക്കാനും ആവശ്യപ്പെട്ട് കൊണ്ടുള്ള കാരണം കാണിക്കൽ നോട്ടീസ് കഴിഞ്ഞ മാസം ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. എന്നാൽ, ഇത് പ്രോസിക്യൂഷന് അനുമതി നൽകരുതെന്ന് ഗവർണറോട് ആവശ്യപ്പെട്ട് കൊണ്ടുള്ള സംസ്ഥാന മന്ത്രിസഭയുടെ പ്രമേയത്തിന് തിരികൊളുത്തി. ഗവർണർ തൻ്റെ അധികാരങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണമുയർത്തിയ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ, നോട്ടീസ് പിൻവലിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി.
ALSO READ: കേരളത്തിന് നൂറ് വീടുകളെന്ന പ്രഖ്യാപനം; സിദ്ധരാമയ്യയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി തേജസ്വി സൂര്യ
അതേസമയം, തൻ്റെ ഭാര്യക്ക് നഷ്ടപരിഹാരം ലഭിച്ച ഭൂമി 1998ൽ സഹോദരൻ മല്ലികാർജുന സമ്മാനിച്ചതാണെന്നായിരുന്നു സിദ്ധരാമയ്യയുടെ അവകാശവാദം. 2004ൽ മല്ലികാർജുന അനധികൃതമായി കയ്യടക്കുകയും, സർക്കാരിൻ്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ വ്യാജരേഖ ചമച്ച് രജിസ്റ്റർ ചെയ്യുകയും ചെയ്ത ഭൂമിയാണിതെന്ന് ആക്ടിവിസ്റ്റ് സ്നേഹമയി കൃഷ്ണ ആരോപിച്ചു.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി ഈ മാസം തുടക്കത്തിൽ ബെംഗളൂരു മുതൽ മൈസൂർ വരെ ഒരാഴ്ചത്തെ പദയാത്ര നടത്തിയിരുന്നു. ബിജെപി അധികാരത്തിലിരിക്കുമ്പോൾ തൻ്റെ ഭാര്യക്ക് നഷ്ടപരിഹാരം നൽകിയിരുന്നെന്നും അത് അവളുടെ അവകാശമാണെന്നും ബിജെപി ആരോപണങ്ങളോട് പ്രതികരിച്ച് സിദ്ധരാമയ്യ പറഞ്ഞു.