NEWSROOM

ഹമാസ് നേതാവിന്‍റെ കൊലപാതകം: അന്വേഷണം ഊര്‍ജിതമാക്കി ഇറാന്‍

ഹനിയ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിന്‍റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഇടയില്‍ ഇസ്രയേല്‍ ചാര സംഘടനയായ മൊസാദ് ആളുകളെ നിയോഗിച്ചിരുന്നു എന്നാണ് ഇറാന്‍റെ അനുമാനം

Author : ന്യൂസ് ഡെസ്ക്

ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുടെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ഇറാന്‍. ഉയര്‍ന്ന സ്ഥാനം വഹിക്കുന്ന ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരടക്കം നിരവധി പേരെ ഇറാന്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ട്.


ഹനിയ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിന്‍റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഇടയില്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് ആളുകളെ നിയോഗിച്ചിരുന്നു എന്നാണ് ഇറാന്‍റെ അനുമാനം. ഹമാസിന്‍റെ ഖത്തറിലുള്ള രാഷ്ട്രീയകാര്യ ഓഫീസിന്‍റെ ചുമതല ഹനിയയ്ക്കായിരുന്നു. ഇറാന്‍ പ്രസിഡന്‍റായി മസൂദ് പെസഷ്‌കിയാന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ ടെഹ്‌റാനില്‍ എത്തിയതായിരുന്നു ഹനിയ. സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗസ്റ്റ് ഹൗസില്‍ വെച്ച് ഹനിയ കൊല്ലപ്പെടുന്നത്. ഇത് ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ വീഴ്ചയാണെന്നാണ് ഇറാന്‍ വിലയിരുത്തുന്നത്.


കൊലപാതകത്തില്‍ ഇറാനും ഹമാസും കുറ്റപ്പെടുത്തുന്നത് ഇസ്രയേലിനെയാണ്. ഹമാസിന്‍റെ സൈനിക ശേഷി തകര്‍ക്കുമെന്ന നിലപാടാണ് ഇസ്രയേലിന്‍റേത്. എന്നാല്‍ ഹമാസ് നേതാവിന്‍റെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഇസ്രയേല്‍ ഇതുവരെ ഏറ്റെടുത്തിട്ടില്ല.


ഇതിന് മുന്‍പും ഇറാനിലെ ആണവ ശാസ്‌ത്രജ്ഞരെയും സൈനിക കമാന്‍ഡര്‍മാരെയും മൊസാദ് ലക്ഷ്യം വെച്ചിരുന്നു. ഇത്തരം ഓപ്പറേഷനുകളില്‍ സങ്കീര്‍ണമായ സാങ്കേതിക വിദ്യകളാണ് ഇസ്രയേല്‍ ഉപയോഗിക്കുന്നത്. ഹനിയയുടെ കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ്, മൊസാദിന്‍റെ ചാരന്മാരില്‍ ചിലരെ കണ്ടെത്തിയെന്ന് ഇറാന്‍ ഇന്‍റലിജന്‍സ് വകുപ്പ് മന്ത്രി അവകാശവാദം ഉന്നയിച്ചിരുന്നു. ഹനിയയുടെ മരണം എന്നാല്‍ ഇത്തരം വാദങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

SCROLL FOR NEXT