ഇസ്മയില്‍ ഹനിയ 
NEWSROOM

ഹമാസ് നേതാവിന്‍റെ കൊലപാതകം; ഉപയോഗിച്ചത് 7 കിലോഗ്രാം ഭാരം വരുന്ന ഹ്രസ്വ ദൂര പോര്‍മുനയെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്

ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടന്ന ഹമാസ് ആക്രമണത്തിനു ശേഷം മൊസാദ് തലവന്‍ ഡേവിഡ് ബാര്‍ണിയ ഹമാസ് നേതാക്കളെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയെ കൊലപ്പെടുത്തിയത് 7 കിലോഗ്രാം ഭാരം വരുന്ന ഹ്രസ്വ ദൂര പോര്‍മുന ഉപയോഗിച്ചാണെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി). ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഐആര്‍ജിസി വിവരം അറിയിച്ചത്.


"ആക്രമണത്തിനുള്ള ഇറാന്‍റെ പ്രതികാരം കഠിനവും ശരിയായ രീതിയിലും, സമയത്തും, സ്ഥലത്തുമായിരിക്കും", ഐആര്‍ജിസിയുടെ പ്രസ്താവന പറയുന്നു. ഇസ്രയേലിനെയാണ് ഇറാന്‍ ഹനിയയുടെ കൊലപാതകത്തിന്‍റെ  ഉത്തരവാദിയായി കാണുന്നത്. എന്നാല്‍ ഇസ്രയേലിന്‍റെ ഭാഗത്തു നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

തെഹ്റാനിലെ ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ഇസ്മയില്‍ ഹനിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഗസ്റ്റ് ഹൗസിന്‍റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഇടയില്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് ആളുകളെ നിയോഗിച്ചിരുന്നു എന്നാണ് ഇറാന്‍റെ അനുമാനം. സമ്പന്നര്‍ താമസിക്കുന്ന മേഖലയിലുള്ള ഈ വീട് ഐആര്‍ജിസി രഹസ്യ യോഗങ്ങള്‍ കൂടാനും പ്രധാനപ്പെട്ട അതിഥികളെ താമസിപ്പിക്കാനുമാണ് ഉപയോഗിച്ചിരുന്നത്. ഇറാന്‍ പ്രസിഡന്‍റായി മസൂദ് പെസഷ്‌കിയാന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ തെഹ്‌റാനില്‍ എത്തിയതായിരുന്നു ഹനിയ. സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗസ്റ്റ് ഹൗസില്‍ വെച്ച് ഹനിയ കൊല്ലപ്പെടുന്നത്. ഇത് ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ വീഴ്ചയാണെന്നാണ് ഇറാന്‍ വിലയിരുത്തുന്നത്.


പുറത്തു വരുന്ന വിവരങ്ങള്‍ പ്രകാരം, ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് രണ്ട് മാസമായി ഇസ്മയില്‍ ഹനിയയെ കൊലപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഇസ്രയേലിനു പുറത്തുള്ള കൊലപാതകങ്ങൾ നടത്തുന്നത് മൊസാദാണ്. ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടന്ന ഹമാസ് ആക്രമണത്തിനു ശേഷം മൊസാദ് തലവന്‍ ഡേവിഡ് ബാര്‍ണിയ ഹമാസ് നേതാക്കളെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.

SCROLL FOR NEXT