ഇറാനില്‍ ഹനിയ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിലേക്ക് ഇസ്രയേല്‍ രഹസ്യമായി ബോംബ് എത്തിച്ചിരുന്നതായാണ് ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ട്
ഇസ്മയില്‍ ഹനിയ
ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയയെ രണ്ടു മാസമായി മരണം കാത്തിരിക്കുന്നുണ്ടായിരുന്നു. ഇറാനില്‍ ഹനിയ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിലേക്ക് ഇസ്രയേല്‍ രഹസ്യമായി ബോംബ് എത്തിച്ചിരുന്നതായാണ് ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ട്.
ALSO READ: അഭയാർഥി ക്യാമ്പിൽ നിന്ന് ഹമാസിലേക്ക്; ആരാണ് ഇസ്മയിൽ ഹനിയ?
രണ്ടുമാസം മുന്‍പാണ് ഇസ്ലാമിക് റിപ്പബ്ലിക്ക് ഗാര്‍ഡ് കോര്‍പ്‌സിന്‍റെ (ഐആര്‍ജിസി) സംരക്ഷണയുള്ള ഗസ്റ്റ് ഹൗസില്‍ ബോംബ് ഒളിപ്പിച്ചത്. സമ്പന്നര്‍ താമസിക്കുന്ന മേഖലയിലുള്ള ഈ വീട് ഐആര്‍ജിസി രഹസ്യ യോഗങ്ങള്‍ കൂടാനും പ്രധാനപ്പെട്ട അതിഥികളെ താമസിപ്പിക്കാനുമാണ് ഉപയോഗിച്ചിരുന്നത്.
ഹമാസ് നേതൃനിരയിലെ പ്രമുഖനായിരുന്ന ഹനിയ ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസഷെ്കിയാന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനാണ് തെഹ്‌റാനില്‍ എത്തിയത്. ചൊവ്വാഴ്ച ഹനിയ ഗസ്റ്റ് ഹൗസിലെ മുറിയില്‍ വിശ്രമിക്കുമ്പോള്‍ കൊലപാതകികള്‍ ദൂരത്തു നിന്നും ബോംബ് പൊട്ടിക്കുകയായിരുന്നു എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിൽ പറയുന്നത്. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗവും ജനാലകളും തകര്‍ന്നിരുന്നു. ഈ ആക്രമണത്തില്‍, ഹനിയയ്‌ക്കൊപ്പം ഒരു അംഗരക്ഷകനും കൊല്ലപ്പെട്ടിരുന്നു. തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് തലവന്‍ സിയാദ് അല്‍ നഖലാഹ് ചെറിയ പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
ALSO READ: "തോക്കുകൾ ഭരിക്കുന്ന വ്യവസായ കൂട്ടായ്മ"; ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് എന്ന സമാന്തര സേന
ഹനിയയുടെ കൊലപാതകം സ്ഥിതിഗതികള്‍ വഷളാക്കുമെന്നായിരുന്നു ഹമാസിന്‍റെ പ്രതികരണം. ഇതോടെ ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ സാധ്യതകള്‍ മങ്ങി. കൊലപാതകത്തിനു പിന്നില്‍ ഇസ്രയേലാണെന്നാണ് ഹമാസ് ആരോപിക്കുന്നത്. എന്നാല്‍, ഇസ്രയേല്‍ ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം, ഹമാസ് നേതാവിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള രഹസ്യ ഓപ്പറേഷനെപ്പറ്റി ഇസ്രയേല്‍ ഇന്‍റലിജന്‍സ് മുന്‍പ് തന്നെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് വിവരം നല്‍കിയിരുന്നു.അതേസമയം, കൊലപാതകത്തെപ്പറ്റി മുന്നറിവുകള്‍ ഇല്ലായിരുന്നു എന്നാണ് യുഎസ് നയതന്ത്രജ്ഞന്‍ ആന്‍റണി ബ്ലിങ്കന്‍ പറഞ്ഞത്.
ഹാനിയ മിസൈല്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് ആദ്യം പുറത്തു വന്ന വിവരങ്ങള്‍. എന്നാല്‍ ഇറാന്‍ തലസ്ഥാനത്തെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ എങ്ങനെ ഇസ്രയേല്‍ മിസൈല്‍ മറികടന്നു എന്ന ചോദ്യം ഉയര്‍ന്നതോടെയാണ് മറ്റു സാധ്യതകള്‍ അന്വേഷിച്ചു തുടങ്ങിയത്. മാത്രമല്ല, സ്‌ഫോടനത്തിന്‍റെ താരതമ്യേന കുറഞ്ഞ തീവ്രത മിസൈല്‍ ആക്രമണത്തിന്‍റെ സാധ്യതകള്‍ തള്ളിക്കളയുന്നതായിരുന്നു. ഇറാന്‍റെ സുരക്ഷാ സംവിധാനത്തിലെ പാളിച്ചകള്‍ മുതലാക്കി രണ്ടു മാസക്കാലം തലസ്ഥാനത്ത് ബോംബ് സൂക്ഷിക്കാന്‍ ഇസ്രയേലിനു സാധിച്ചുവെന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
ALSO READ: ഗാസയിലെ അമ്മമാര്‍ കുട്ടികളെ പഠിപ്പിക്കുകയാണ്, ചിറകുകളില്ലാതെ പറക്കാന്‍...
ഇസ്രയേല്‍ ചാര ഏജന്‍സിയായ മൊസാദാണ് രാജ്യത്തിനു പുറത്തുള്ള കൊലപാതകങ്ങൾ നടത്തുന്നത്. ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടന്ന ഹമാസ് ആക്രമണത്തിനു ശേഷം മൊസാദ് തലവന്‍ ഡേവിഡ് ബാര്‍ണിയ ഹമാസ് നേതാക്കളെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. മ്യൂണിച്ച് കൂട്ടക്കൊലക്ക് സമാനമായ തിരിച്ചടിയുണ്ടാകുമെന്നാണ് ബാര്‍ണിയ അന്ന് പറഞ്ഞത്.
1972 മ്യൂണിച്ച് ഒളിംപിക്‌സ് നടക്കുമ്പോഴാണ് 11 ഇസ്രയേല്‍ അത്‌ലറ്റുകളെ പലസ്തീന്‍ സായുധ സംഘം കൊലപ്പെടുത്തുന്നത്. അതിനെത്തുടര്‍ന്നാണ് മൊസാദ് ദൈവത്തിന്‍റെ പക എന്ന ഓപ്പറേഷന്‍ ആരംഭിക്കുന്നത്. ഇസ്രയേല്‍ അത്‌ലറ്റുകളുടെ കൊലപാതകത്തിനു പ്രതികാരം ചെയ്യുവാനുള്ള ഈ ഓപ്പറേഷന്‍റെ രഹസ്യ നാമം ബയണേറ്റ് എന്നായിരുന്നു. കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും മൊസാദ് വര്‍ഷങ്ങള്‍ നീണ്ട ഓപ്പറേഷനിലൂടെയാണ് കൊലപ്പെടുത്തിയത്.