ഷെയ്ഖ് ഹസീന 
NEWSROOM

ബംഗ്ലാദേശിൽ പട്ടാള ഭരണം പ്രഖ്യാപിച്ചു; പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു

ബംഗ്ലാദേശ് കലാപത്തില്‍ പ്രതിഷേധക്കാരും ഭരണകക്ഷിയായ അവാമി ലീഗിന്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ 300ലേറെ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്

Author : ന്യൂസ് ഡെസ്ക്

രാജ്യവ്യാപക പ്രതിഷേധങ്ങളെയും കൂട്ടക്കുരുതികളെയും തുടർന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. അടുത്ത 45 മിനിറ്റിനകം അധികാരം വിട്ടൊഴിയണമെന്ന സൈന്യത്തിൻ്റെ അന്ത്യശാസനത്തെ തുടർന്നാണ് പ്രധാനമന്ത്രി പദവി രാജിവെച്ചതെന്നാണ് വിവരം. രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം പടിയിറങ്ങാനായിരുന്നു താൽപ്പര്യമെങ്കിലും, വർധിച്ച സുരക്ഷാ ഭീഷണിയെ തുടർന്നാണ് ദേശീയ മാധ്യമത്തിലൂടെ ജനങ്ങളോട് സംസാരിക്കാനുള്ള നീക്കം ഉപേക്ഷിച്ചത്.

പ്രധാനമന്ത്രി തലസ്ഥാനമായ ധാക്കയിലെ വസതി ഉപേക്ഷിച്ചതായും സൈന്യം രാജ്യസുരക്ഷ ഏറ്റെടുത്തെന്നുമാണ് റിപ്പോർട്ട്. ഷെയ്ഖ് ഹസീന സഹോദരിക്കൊപ്പം രാജ്യം വിട്ടെന്നാണ് വിവരം. ഇവർ ഇന്ത്യയിലേക്ക് കടന്നതായാണ് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയതായും രാജ്യത്ത് അഭയം തേടിയെന്നും റിപ്പോർട്ടുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണം ഇതുവരെയും ലഭിച്ചിട്ടില്ല.

സർക്കാരിനെതിരായ പ്രതിഷേധക്കാരും ഭരണകക്ഷിയായ അവാമി ലീഗിന്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ദിവസത്തിനിടെ മുന്നൂറോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പ്രക്ഷോഭം ശക്തമാക്കിയിരുന്നു. ഭരണകക്ഷിയായ അവാമി ലീഗ് പ്രവര്‍ത്തകര്‍ ഇവരെ നേരിടാന്‍ തെരുവിലിറങ്ങുകയായിരുന്നു. ആക്രമണങ്ങളില്‍ മരിച്ചവരില്‍ 14 പേര്‍ പൊലീസുകാരാണെന്നാണ് റിപ്പോര്‍ട്ട്.

വിവാദമായ സംവരണ ക്വാട്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ പൊലീസും വിദ്യാര്‍ഥി പ്രതിഷേധക്കാരും തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലില്‍ ഇതുവരെ 300ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതേ തുടർന്ന് ബംഗ്ലാദേശില്‍ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന രൂക്ഷമായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.



SCROLL FOR NEXT