NEWSROOM

ചൂരൽമല ദുരന്തം: പ്രധാനമന്ത്രി സന്ദർശിക്കാത്തത് വയനാടിനോടുള്ള അവഹേളനം; രമേശ് ചെന്നിത്തല

കേന്ദ്ര വനം പരിസ്ഥിതിമന്ത്രിയുടെ പ്രസ്താവന തെറ്റാണ്. വർഷങ്ങൾക്ക് മുമ്പ് മുതൽ താമസിക്കുന്നതാണ് അവിടെ. അവിടെ ഖനനം ഇല്ല

Author : ന്യൂസ് ഡെസ്ക്

വയനാട് ഉരുൾപൊട്ടൽ ദുരന്തം സംഭവിച്ച ചൂരൽമലയിൽ ഇതുവരെ പ്രധാനമന്ത്രി സന്ദർശിക്കാത്തതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വയനാട് ദുരന്തഭൂമി പ്രധാനമന്ത്രി സന്ദർശിക്കാത്തത് വയനാടിനോടുള്ള അവഹേളനമാണെന്ന് ചെന്നിത്തല ആരോപിച്ചു. കേന്ദ്ര മന്ത്രിമാർ ഇതുവരെ എത്താത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയമില്ലാതെ കൈയും മെയ്യും മറന്ന് സഹായിക്കുകയാണ് എല്ലാവരും. എന്നാൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇതുവരെ എത്തിയില്ല.

കേന്ദ്ര വനം പരിസ്ഥിതിമന്ത്രിയുടെ പ്രസ്താവനയെയും അദ്ദേഹം വിമർശിച്ചു. കേന്ദ്ര വനം പരിസ്ഥിതിമന്ത്രിയുടെ പ്രസ്താവന തെറ്റാണ്. വർഷങ്ങൾക്ക് മുമ്പ് മുതൽ താമസിക്കുന്നതാണ് അവിടെ. അവിടെ ഖനനം ഇല്ല. പ്രസ്താവന പിൻവലിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംഭാവന വാങ്ങുമ്പോൾ സഹായം സുതാര്യമാകണം. ദുരിതാശ്വാസ നിധിയിൽ നിന്ന് തുക കൊണ്ടല്ല കുട്ടികൾക്ക് ലാപ് ടോപ് വാങ്ങേണ്ടത്. ലാപ് ടോപ് വാങ്ങാൻ വേറെ പണം കണ്ടെത്തണം.ദുരിതാശ്വാസ നിധി പൂർണ്ണമായും അതിന് വേണ്ടി മാത്രം ഉപയോഗിക്കണം. ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന് കെ സുധാകരൻ പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. സുതാര്യത വേണമെന്നാണ് സുധാകരനും പറഞ്ഞത്.

അഖിൽ മാരാരിനെതിരെ കേസെടുത്തത് തെറ്റാണ്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ വിശ്വാസമില്ല അതുകൊണ്ട് സ്വന്തം നിലക്ക് വീട് വയ്ക്കുമെന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്?ദുരിതാശ്വാസ നിധിയ്ക്കെതിരെ എന്ത് പറഞ്ഞാലും കേസ് എടുക്കുന്ന രീതി ശരിയല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.


SCROLL FOR NEXT