NEWSROOM

ആഭ്യന്തര കലാപം: ബംഗ്ലാദേശിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും റദ്ദാക്കി എയർഇന്ത്യ

യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നും കുറിപ്പിലുണ്ട്

Author : ന്യൂസ് ഡെസ്ക്

ബംഗ്ലാദേശ് ആഭ്യന്തര കലാപത്തിൻറെ പശ്ചാത്തലത്തിൽ ധാക്കയിൽ നിന്നും തിരിച്ചുമുള്ള എല്ലാ സർവീസുകളും റദ്ദാക്കി എയർ ഇന്ത്യ. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന രാജ്യം വിട്ട് ഗാസിയാബാദിലെ ഹിൻഡൺ എയർബേസിൽ വിമാനമിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് സർവീസുകൾ റദ്ദാക്കിയത്.

ഇത് സംബന്ധിച്ച അറിയിപ്പ് എക്സ് പോസ്റ്റിലൂടെയാണ് എയർ ഇന്ത്യ പുറത്ത് വിട്ടത്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർക്ക് ടിക്കറ്റ് ക്യാൻസൽ ചെയ്യുവാനും റീ ഷെഡ്യൂൾ ചെയ്യുവാനും ഇളവുകൾ നൽകുമെന്നും എയർ ഇന്ത്യ പങ്ക് വെച്ച കുറിപ്പിൽ പറയുന്നു. യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നും കുറിപ്പിലുണ്ട്.


കലാപം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യൻ റെയിൽവേയും ബംഗ്ലാദേശിലേക്കുള്ള സർവീസുകൾ നിർത്തലാക്കിയിരുന്നു.

ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്നാണ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെക്കുകയും സൈന്യം ഭരണം ഏറ്റെടുക്കുകയും ചെയ്തത്. ഇതിന് പിന്നാലെ ഹസീന സഹോദരിക്കൊപ്പം സൈനിക വിമാനത്തിൽ ഇന്ത്യയിലേക്കെത്തി. 

കലാപത്തിൽ രണ്ട് ദിവസത്തിനിടെ ഏകദേശം മുന്നൂറോളം പേർ മരിച്ചതായാണ് റിപ്പോർട്ട്. പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിനിറങ്ങിയവരെ നേരിടാൻ ഭരണകക്ഷിയായ അവാമി ലീഗിൻ്റെ അനുയായികൾ തെരുവിലിറങ്ങിയതോടെയാണ് പ്രക്ഷോഭം രൂക്ഷമായത്.

Also Read: ഷെയ്ഖ് ഹസീന ; ബംഗ്ലാ ബന്ധുവിന്‍റെ മകള്‍ ബംഗ്ലാ ശത്രുവായപ്പോൾ..







SCROLL FOR NEXT