fbwpx
ഷെയ്ഖ് ഹസീന ; ബംഗ്ലാ ബന്ധുവിന്‍റെ മകള്‍ ബംഗ്ലാ ശത്രുവായപ്പോൾ..
logo

ശ്രീജിത്ത് എസ്

Last Updated : 06 Aug, 2024 12:15 AM

ധാക്കയില്‍ നിന്നും പലായനം ചെയ്യുമ്പോള്‍ ഒരു ഭരണാധികാരിയുടെ മോടികളൊന്നും ഹസീനയ്ക്കില്ലായിരുന്നു. പകരം തെരുവില്‍ മരിച്ചു വീണ 300ല്‍ അധികം മനുഷ്യരുടെ ചോരക്കറ വികൃതമാക്കിയ രാഷ്ട്രീയ ചരിത്രം മാത്രമാണ് ബാക്കി

WORLD

ഷെയ്ഖ് ഹസീന

ഷെയ്ഖ് ഹസീന, ഒരു കാലത്ത് പട്ടാള അട്ടിമറിയില്‍ മുറിവേറ്റ് അനാഥയാക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ മുഖമായിരുന്നു ആ പേരിനൊപ്പം തെളിഞ്ഞു വരിക. ബംഗ്ലാദേശ് എന്ന രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനും സ്വാഭിമാനത്തിനും വേണ്ടി പോരാടിയ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍റെ മകള്‍ ഒടുവില്‍ നാടുവിട്ടിരിക്കുന്നു. ധാക്കയില്‍ നിന്നും പലായനം ചെയ്യുമ്പോള്‍ ഒരു ഭരണാധികാരിയുടെ മോടികളൊന്നും ഹസീനയ്ക്കില്ലായിരുന്നു. പകരം തെരുവില്‍ മരിച്ചു വീണ 300ല്‍ അധികം മനുഷ്യരുടെ ചോരക്കറ വികൃതമാക്കിയ രാഷ്ട്രീയ ചരിത്രം മാത്രമാണ് ബാക്കി.

ALSO READ: ഷെയ്ഖ് ഹസീന ബംഗ്ലാദേശ് വിട്ടു; അഭയം തേടുന്നത് ഇന്ത്യയിലേക്കോ? 


ബംഗ്ലാ ബന്ധുവിന്‍റെ പിന്‍ഗാമി



1947ല്‍ അന്ന് കിഴക്കന്‍ പാകിസ്താന്‍ എന്ന് അറിയപ്പെട്ടിരുന്ന ബംഗ്ലാദേശിന്‍റെ തെക്കു പടിഞ്ഞാറന്‍ മേഖലയിലാണ് ഷെയ്ഖ് ഹസീന ജനിക്കുന്നത്. പാകിസ്താനില്‍ നിന്നും ബംഗ്ലാദേശിനു സ്വാതന്ത്ര്യം നേടികൊടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് ഹസീനയുടെ പിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍. നീണ്ട കാലത്തെ പാകിസ്താനിലെ ജയില്‍വാസത്തിനു ശേഷം സ്വതന്ത്ര ബംഗ്ലാദേശിലേക്കെത്തിയ മുജീബുര്‍ റഹ്‌മാന് മുന്‍പില്‍ സാമ്പത്തികവും സാമൂഹികവുമായി തകര്‍ന്ന ഒരു രാജ്യവും ആത്മസത്ത നഷ്ടമായ ഒരു ജനതയും പ്രതീക്ഷയോടെ കാത്തിരുന്നു. രാജ്യത്തെ ഐക്യത്തോടെ മുന്നോട്ട് കൊണ്ടു പോകാനായി മുജീബുര്‍ റഹ്‌മാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. എന്നാല്‍, ബംഗ്ലായുടെ നടുവ് നിവരും മുമ്പ് പട്ടാള അട്ടിമറി സംഭവിച്ചു കഴിഞ്ഞിരുന്നു. 1975 ല്‍ പട്ടാളം മുജീബുര്‍ റഹ്‌മാന്‍റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി കൂട്ടക്കൊല നടത്തി. യൂറോപ്പ് സന്ദര്‍ശനത്തിലായിരുന്ന ഹസീനയും സഹോദരിയും മാത്രമാണ് ആ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടത്.

ALSO READ: ബംഗ്ലാദേശിൽ പട്ടാള ഭരണം പ്രഖ്യാപിച്ചു; പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു


മുജീബുര്‍ റഹ്‌മാന്‍റെ അഞ്ച് മക്കളില്‍ ഏറ്റവും മുതിര്‍ന്ന ആളാണ് ഹസീന. 1973ല്‍ ധാക്കാ സര്‍വകലാശാലയില്‍ നിന്നും ബംഗാളി സാഹിത്യത്തില്‍ ബിരുദം നേടിയ ഹസീന അച്ഛന്‍റെ  രാഷ്ട്രീയ പിന്‍ഗാമിയായാണ് പരിഗണിക്കപ്പെട്ടിരുന്നത്. സര്‍വകലാശാലയിലെ അനുയായികള്‍ക്കും മുജീബുര്‍ റഹ്‌മാനും ഇടയില്‍ ആശയങ്ങള്‍ കൈമാറിയത് ഹസീനയായിരുന്നു. അതായിരുന്നു ഹസീനയുടെ രാഷ്ട്രീയ പാഠശാല. അതേ സര്‍വകലാശാലകള്‍ ഹസീനയെ അധികാരത്തില്‍ നിന്നും രാജ്യത്ത് നിന്നും പുറത്താക്കിയെന്നത് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠമാണ്.

ബീഗം പോര്

ബംഗ്ലാദേശിലെ പട്ടാള അട്ടിമറിക്ക് ശേഷം 1981 വരെ ഹസീന ഇന്ത്യയിലാണ് താമസിച്ചിരുന്നത്. പിന്നീട്, രാഷ്ട്രീയ എതിരാളിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി)യുടെ അധ്യക്ഷ ഖാലീദ സിയയുമായി ചേര്‍ന്ന് പട്ടാള ഭരണത്തിനു പകരം ജനാധിപത്യം സ്ഥാപിക്കാനുള്ള പോരാട്ടത്തിനായി ഇറങ്ങി. 1990ല്‍ ഈ രണ്ട് സ്ത്രീകളുടെ പോരാട്ടം ഫലം കണ്ടു. പട്ടാള അധികാരി ഹുസൈന്‍ മുഹമ്മദ് ഇര്‍ഷാദില്‍ നിന്നും അധികാരം ഹസീന- സിയ സഖ്യത്തിലേക്ക് എത്തി. എന്നാല്‍ ഏറെക്കാലം ഈ കൂട്ടുകെട്ട് നിലനിന്നില്ല. പിന്നീട് ബംഗ്ലാദേശ് കണ്ടത് 10 വര്‍ഷം നീണ്ട സിയ- ഹസീന എന്നിവരുടെ രാഷ്ട്രീയ പോരാട്ടമായിരുന്നു- ബീഗം പോര്.

1996 ലാണ് ഹസീന ആദ്യമായി ബംഗ്ലാദേശ് പ്രധാനമന്ത്രിയാവുന്നത്. എന്നാല്‍ അതിന് അടുത്ത തെരഞ്ഞെടുപ്പില്‍ സിയയോട് പരാജയപ്പെട്ടു. 2007 ലെ പട്ടാള അട്ടിമറിയില്‍ ഇരുവരും അഴിമതി ആരോപണങ്ങളില്‍ തടവിലാക്കപ്പെട്ടു. അടുത്ത വര്‍ഷം തന്നെ കേസുകള്‍ പിന്‍വലിച്ച് ഇരുവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പട്ടാളം അവസരം നല്‍കി. വന്‍ഭൂരിപക്ഷത്തില്‍ ഹസീനയെ ജനങ്ങള്‍ വിജയിപ്പിച്ചു. പിന്നീടിങ്ങോട്ട് അധികാര കസേരയില്‍ നിന്നും ഹസീനയ്ക്ക് മാറിനില്‍ക്കേണ്ടി വന്നിട്ടില്ല. ഹസീനയുടെ എതിരാളിയായ സിയയെ 2018ല്‍ അഴിമതി ആരോപണത്തില്‍ 17 വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. അതിന് ശേഷം,  78കാരിയായ സിയ ആരോഗ്യം ക്ഷയിച്ച് ആശുപത്രിയിലായതോടെ, ഒരു പതിറ്റാണ്ട് നീണ്ടു നിന്ന ബീഗം പോരിനു അവസാനമായി.

അവിടെയും നിര്‍ത്തിയില്ല ഹസീന എന്ന ഭരണാധികാരി. മുതിര്‍ന്ന ബിഎന്‍പി നേതാക്കളെ അവർ ജയിലിലടച്ചു. ഹസീനയുടെ പ്രതികാരം ഭയന്ന് സിയയുടെ മൂത്ത മകനും അനന്തരാവകാശിയുമായ താരിഖ് റഹ്‌മാന്‍ ബ്രിട്ടണില്‍ അഭയം പ്രാപിച്ചു. പിന്നീട് ബംഗ്ലാദേശ് കണ്ടത് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയുടെ ഭരണമായിരുന്നു. ഏക പാര്‍ട്ടി ഭരിക്കുന്ന എല്ലാ രാജ്യങ്ങളേയും പോലെ ബംഗ്ലാദേശിലും അധികാര പ്രമത്തത  ഭരണാധികാരിയുടെ കണ്ണുകെട്ടി. തെരഞ്ഞെടുപ്പ് നടത്തിപ്പിലുൾപ്പെടെ ഭരണകൂടത്തിന്‍റെ ഇടപെടലുകളുണ്ടായി. തെരഞ്ഞെടുപ്പ് ഒരു നിഷ്പക്ഷമായി നടത്തണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം ഹസീന ചെവിക്കൊണ്ടില്ല. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ജനാധിപത്യ മര്യാദകള്‍ ഹസീന ലംഘിക്കുന്നുവെന്ന് ആരോപിച്ചു കൊണ്ട് പ്രതിപക്ഷ കക്ഷികള്‍ തെരുവിലിറങ്ങി. 14 പേരാണ് ഈ പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടത്.


അധികാരം എന്ന നാണയത്തിന്‍റെ ഇരു വശങ്ങള്‍

പ്രതിഷേധങ്ങള്‍ ഹസീനയെ തളര്‍ത്തിയില്ല. തനിക്ക് ആരോടും ഉത്തരം പറയേണ്ട കാര്യമില്ലായെന്ന മനോഭാവമായിരുന്നു ഹസീനയ്ക്ക്. പ്രതിഷേധങ്ങള്‍ക്കൊപ്പം തന്നെ ഹസീനയെ അനുകൂലിക്കുന്നവരും കുറവായിരുന്നില്ല. ബംഗ്ലാദേശിനെ സാമ്പത്തികമായി ഉയര്‍ത്തിയത് ഹസീനയുടെ പദ്ധതികളായിരുന്നു. സ്ത്രീ തൊഴിലാളികളെ മുന്‍നിര്‍ത്തി ഹസീന വസ്ത്ര കയറ്റുമതി വ്യവസായത്തെ ശക്തിപ്പെടുത്തി. 1971 ല്‍ സ്വതന്ത്രമാകുമ്പോള്‍ ലോകത്തെ ദരിദ്ര രാജ്യങ്ങളില്‍ ഒന്നായിരുന്ന ബംഗ്ലാദേശ് 2009നു ശേഷം ഒരോ വര്‍ഷവും 6 ശതമാനം ശരാശരി വളര്‍ച്ചയാണ് കൈവരിച്ചുകൊണ്ടിരുന്നത്. രാജ്യത്തെ 170 മില്യണ്‍ ജനങ്ങളില്‍ 95 ശതമാനം പേര്‍ക്കും നിലവിൽ വൈദ്യുതി സൗകര്യമുണ്ട്. 2021 ല്‍ പ്രതി ശീര്‍ഷ വരുമാനത്തില്‍ ഇന്ത്യയെയും മറികടന്നിരുന്നു ബംഗ്ലാദേശ്. 2017ല്‍ അയല്‍രാജ്യമായ മ്യാന്‍മാറില്‍ നിന്നുള്ള പതിനായിരക്കണക്കിനു റൊഹിഗ്യന്‍ അഭയാര്‍ഥികള്‍ക്കായി ഹസീന ബംഗ്ലാദേശിന്‍റെ അതിര്‍ത്തി തുറന്നു കൊടുത്തു. ഇത് വലിയ തോതിലുള്ള അന്താരാഷ്ട്ര പ്രശംസയാണ് ഹസീനയ്ക്ക് നേടിക്കൊടുത്തത്. എന്നാല്‍ രാജ്യത്തിനകത്തെ എതിര്‍ സ്വരങ്ങളോട് ഈ സഹിഷ്ണുത കാണിക്കാന്‍ ഹസീനയ്ക്ക് സാധിച്ചിരുന്നില്ല.

1971ലെ വിമോചനയുദ്ധകാലത്ത് മനുഷ്യത്വരഹിതമായി പ്രവര്‍ത്തിച്ചുവെന്ന കുറ്റത്തിനു അഞ്ച് ഉയര്‍ന്ന മുസ്ലീം നേതാക്കളേയും ഒരു മുതിര്‍ന്ന പ്രതിപക്ഷ നേതാവിനേയുമാണ് ഭരണകൂടം വധിച്ചത്. വിമോചന യുദ്ധകാലത്തെ മുറിവുകള്‍ ഉണക്കുന്നതിനു പകരം അവയെ വൃണങ്ങളായി ഹസീനയുടെ വിചാരണകള്‍ മാറ്റിയെന്ന് പ്രതിപക്ഷം നിരന്തരം ആരോപിച്ചു. യുഎസ് ബംഗ്ലാദേശ് മനുഷ്യത്വരഹിതമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് ഉപരോധങ്ങള്‍ കൊണ്ടുവന്നു. അതേസമയം, റഷ്യ-യുക്രെയ്ന്‍ യുദ്ധം ബംഗ്ലാദേശിനെ സാമ്പത്തികമായി ഞെരുക്കി. ഉയര്‍ന്ന ഇന്ധന വിലയും ഭക്ഷ്യ ഇറക്കുമതിയും ബംഗ്ലാദേശിനെ 4.7 ബില്യണ്‍ ഡോളര്‍ കടക്കെണിയില്‍ കൊണ്ടെത്തിച്ചു. വിലക്കയറ്റം 9.5 ശതമാനത്തില്‍ കൂടുതലായി. എന്നാല്‍ സാമ്പത്തിക രംഗത്തിലെ താളപ്പിഴകള്‍ ബംഗ്ലാദേശിന്‍റെ ജനാധിപത്യത്തിലേക്ക് വ്യാപിച്ചു കഴിഞ്ഞിരുന്നു.

ALSO READ: ബംഗ്ലാദേശിലെ വിദ്യാർഥികൾ പറയുന്നു, ഞങ്ങൾ റസാക്കറുകളല്ല!


തനിയാവർത്തനം


1971 ലെ സംവരണ നിയമങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന കോടതി വിധി ഹസീനയ്ക്ക് മറ്റൊരു അഗ്നി പരീക്ഷയായി. 1971ലെ വിമോചന സമരത്തില്‍ പങ്കാളികളായവരുടെ പിന്‍ഗാമികള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 30% സംവരണം നല്‍കുന്നതായിരുന്നു ഈ നിയമം. 2018ല്‍ ഈ സംവരണം നീക്കം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പുനഃസ്ഥാപിച്ചുകൊണ്ട് ജൂണ്‍ അഞ്ചിന് ഹൈക്കോടതിയുടെ വിധി വന്നതോടെ ബംഗ്ലാദേശില്‍ അരക്ഷിതാവസ്ഥ ഉയര്‍ന്നു. സര്‍വകലാശാലകള്‍ പ്രതിഷേധത്തിന്‍റെ കേന്ദ്രങ്ങളായി. വിദ്യാര്‍ഥികള്‍ തെരുവുകള്‍ കീഴടക്കി. സംവരണത്തിന്‍റെ ആനുകൂല്യം അവാമി ലീഗുകാര്‍ക്കാണെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. സുപ്രീംകോടതി സംവരണ നിയമം റദ്ദാക്കിയിട്ടും സംഘര്‍ഷങ്ങള്‍ അവസാനിച്ചില്ല. ഹസീനയുടെ വാക്കുകള്‍ പ്രതിഷേധക്കാരെ കൂടുതല്‍ പ്രകോപിപ്പിച്ചു. 300ല്‍ കൂടുതല്‍ പേരാണ് സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത്.

രക്തപങ്കിലമായ രാഷ്ട്രീയ ജീവിതത്തിനൊടുവിൽ ഒരിക്കല്‍ കൂടി ഹസീന നാട് വിട്ടു. ബംഗ്ലാബന്ധുവിന്‍റെ മകള്‍ ബംഗ്ലാ ശത്രുവായി മാറിയെന്ന വ്യത്യാസം മാത്രം.

ALSO READ: പ്രധാനമന്ത്രിയുടെ വസതി കൊള്ളയടിച്ച് ജനക്കൂട്ടം; ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് കരസേനാ മേധാവി


NATIONAL
രാജ്യത്തെ തെരഞ്ഞെടുപ്പുകൾ: 90 ശതമാനം സീറ്റുകളിലും നേട്ടം കൊയ്‌ത് ഭരണകക്ഷികൾ
Also Read
user
Share This

Popular

WORLD
KERALA
WORLD
ഇസ്രയേല്‍ നാവികത്താവളത്തില്‍ ഹിസ്ബുള്ള ആക്രമണം; തൊടുത്തത് 160 മിസൈലുകള്‍; 11 പേര്‍ക്ക് പരുക്ക്