പാരിസ്: ഫ്രാൻസിലെ ലൂവ്ര് മ്യൂസിയത്തിൽ 894 കോടി രൂപ മൂല്യം വരുന്ന അഭരണങ്ങൾ കൊള്ളയടിച്ച വിവരം ഞെട്ടലോടെയാണ് ലോകം കേട്ടത്. എന്നാൽ ലൂവ്രിൽ തീർന്നിട്ടില്ല പാരിസിലെ കവർച്ച. രാജ്യത്തെ വിഖ്യാത മ്യൂസിയങ്ങൾ ലക്ഷ്യമിട്ട് മോഷ്ടാക്കൾ വട്ടമിട്ട് പറക്കുന്നു എന്ന് സൂചിപ്പിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലാ മൈസൺ ഡെസ് ലൂമിയർ ഡെനിസ് ഡിഡറോട്ട് മ്യൂസിയത്തിൽ വൻ കവർച്ചയാണ് ഇപ്പോൾ നടന്നിരിക്കുന്നത്.
ലൂവ്രെയിൽ നടന്ന 102 മില്യൺ ഡോളറിന്റെ വൻ കവർച്ചയ്ക്ക് ഒരു ദിവസത്തിന് ശേഷമാണ് സംഭവം. വടക്കുകിഴക്കൻ ഫ്രാൻസിലെ ലാ മൈസൺ ഡെസ് ലൂമിയേഴ്‌സ് ഡെനിസ് ഡിഡെറോട്ട് മ്യൂസിയത്തിൽ നിന്ന് 2000 സ്വർണം, വെള്ളി നാണയങ്ങളാണ് കൊള്ളയടിച്ചത്. മ്യൂസിയം അടച്ചുപൂട്ടുന്നതിനിടെ അതിക്രമിച്ച് കയറിയായിരുന്നു കവർച്ച.
മ്യൂസിയം സ്ഥിതി ചെയ്യുന്ന ഹോട്ടൽ ഡു ബ്രൂയിലിലെ നവീകരണ പ്രവർത്തനത്തിനിടെ കണ്ടെത്തിയ നിധിയുടെ' ഒരു ഭാഗമാണ് നഷ്ടമായത്. 2011-ൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെ ചരിത്രപ്രസിദ്ധമായ മാളികയുടെ മരപ്പണികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ ഒരു പ്രധാന ശേഖരത്തിലായിരുന്നു സ്വർണം വെള്ളി നാണയങ്ങൾ ഉണ്ടായിരുന്നത്. 1790 മുതൽ 1840 വരെയുള്ള കാലഘട്ടത്തിലെ നാണയങ്ങളാണിവ.
പിറ്റേന്ന് മ്യൂസിയം ജീവനക്കാർ എത്തിയപ്പോൾ, മോഷ്ടാക്കൾ അതിക്രമിച്ച് കയറിയതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. സ്ലൈഡിംഗ് വാതിൽ തകർന്നിരുന്നു, പ്രവേശന കവാടത്തിൽ ഗ്ലാസ് കഷ്ണങ്ങൾ ചിതറിക്കിടക്കുകയായിരുന്നു. ഭാഗ്യവശാൽ, നാണയങ്ങൾ ഒഴികെ മറ്റ് വസ്തുക്കളൊന്നും നഷ്ടപ്പെട്ടതായി റിപ്പോർട്ടില്ല. മോഷണം നടന്നതായി മ്യൂസിയം അധികൃതർ അറിയിച്ചു.
ജീവനക്കാർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി പരിസരം നിരീക്ഷിച്ചു. മോഷണം നടന്ന സ്ഥലവും ചുറ്റുപാടും വിശദമായ പരിശോധന നടത്തി. അതിസാഹസികമായി, അതി വിദഗ്ധമായി നടപ്പാക്കിയ മോഷണമാണ് ഇതെന്ന് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു.
നാണയങ്ങൾ കൊള്ളയടിച്ചതിന് മുൻപുള്ള ദിവമായിരുന്നു ലൂവ്ര് മ്യൂസിയത്തിൽ മോഷണം നടന്നത്. പാരിസ് നഗരത്തിലെ വ്യഖ്യാത കലാമ്യൂസിയമായ ലൂവ്ര് ഫ്രഞ്ച് രാജാക്കന്മാരുടെ കൊട്ടാരം. അവിടെ നിന്നാണ്,19-ാം നൂറ്റാണ്ടിൽ നെപ്പോളിയൻ മൂന്നാമന്റെ ഭാര്യ ധരിച്ചിരുന്ന കിരീടങ്ങൾ, എമെറാൾഡ് നെക്ലേസുകൾ, കമ്മലുകൾ, ബ്രൂച്ചകൾ. കോടികൾ വില വരുന്ന ആഭരണങ്ങൾ മോഷണം പോയത് വെറും 7 മിനിറ്റുകൊണ്ടാണ്. ഒക്ടോബർ 19ന് സുരക്ഷാ സംവിധാനങ്ങളെയെല്ലാം നോക്കുകുത്തിയാക്കി മോഷ്ടാക്കൾ അടിച്ച് മാറ്റിയത് 8 ആഭരണങ്ങളാണ്.
സൈൻ നദിക്ക് സമാന്തരമായുള്ള ഗാലറി ഓഫ് അപ്പോളോയുടെ ബാൽക്കണിയിലേക്ക് ഒരു ഇലക്ട്രിക് ലാഡ്ഡർ ചാരിവെച്ചു. കട്ടർ ഉപയോഗിച്ച് ബാൽക്കണിയിലെ ജനാല തകർത്ത് മുഖംമൂടിധാരികളായ രണ്ട് പേർ മ്യൂസിയത്തിന് അകത്ത് കയറിയാണ് മോഷണം നടന്നത്. തുടർന്ന് അകത്ത് കയറിയ ഇരുവർസംഘം അനായാസം ഡിസ്പ്ലേ ബോക്സുകൾ തകർത്ത് ആഭരണങ്ങൾ കൈക്കലാക്കി. മോഷണം പോയ ആഭരണങ്ങളുടെ മൂല്യം 894 കോടിയെന്നാണ് വിവരം.