ഗുരുതരമായി പരിക്കേറ്റ അസീസ് Source: News Malayalam 24x7
CRIME

ഓട്ടോകൂലിയെ ചൊല്ലി തർക്കം; കൊല്ലത്ത് ഡ്രൈവറുടെ തലയ്ക്ക് കമ്പികൊണ്ടടിച്ച് രണ്ടാം നിലയിൽ നിന്ന് തള്ളി താഴെയിട്ടു

ഗുരുതരമായി പരിക്കേറ്റ അസീസ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്

Author : ന്യൂസ് ഡെസ്ക്

കൊല്ലം: കടയ്ക്കലിൽ ഓട്ടോ ഡ്രൈവറുടെ തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചശേഷം രണ്ടാം നിലയിൽ നിന്ന് തള്ളി താഴെയിട്ടു. സംഭവത്തിൽ വെൽഡിംഗ് തൊഴിലാളിയായ ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവർ മുഹമ്മദ് അസീസ് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

വെൽഡിങ് തൊഴിലാളിയായ ശ്രീകുമാർ, മുഹമ്മദ് അസീസിന്റെ ഓട്ടോറിക്ഷ വിളിച്ചായിരുന്നു ജോലി സ്ഥലത്തേക്ക് സാധനങ്ങൾ കൊണ്ടുപോയിരുന്നത്. ചൊവ്വാഴ്ച രാത്രിയിൽ അസീസും ശ്രീകുമാറും മറ്റു രണ്ടു സുഹൃത്തുക്കളും ഒരുമിച്ച് ശ്രീകുമാർ വാടകയ്ക്ക് താമസിക്കുന്ന കടയ്ക്കലിലെ ലോഡ്ജ് മുറിയിലിരുന്ന് മദ്യപിച്ചു.

മദ്യപാനം തുടരുന്നുതിനിടെ ഓട്ടോക്കൂലിയെ ചൊല്ലി അസീസും ശ്രീകുമാറും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ ശ്രീകുമാർ കമ്പിവടി കൊണ്ട് അസീസിന്റെ തലയ്ക്കടിച്ചു. അടികൊണ്ട മുഹമ്മദ് അസീസിനെ ശ്രീകുമാർ രണ്ടാമത്തെ നിലയിൽ നിന്ന് താഴെത്തള്ളിയിട്ടു.

രണ്ടാമത്തെ നിലയിൽ നിന്ന് താഴെ വീണ അസീസിനെ നാട്ടുകാർ ചേർന്ന് കടയ്ക്ക്ൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മുഹമ്മദ് അസീസിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇതിനൊപ്പം നട്ടെല്ലിന് പൊട്ടലുമേറ്റു. അസീസിന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ശ്രീകുമാറിനെ പിടികൂടുകയായിരുന്നു.

SCROLL FOR NEXT