കൊല്ലപ്പെട്ട രോഹിത് ധൻകർ Source: X / Hate Detector
CRIME

സ്ത്രീകളെ അപമാനിക്കുന്നതും, മോശം ഭാഷ ഉപയോഗിക്കുന്നതും എതിർത്തു; ഹരിയാനയിൽ ബോഡി ബിൽഡറെ തല്ലിക്കൊന്നു

ഹുമയൂൺപൂർ ഗ്രാമത്തിലെ രോഹിത് ധൻഖർ എന്നയാളാണ് കൊല്ലപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

ഹരിയാനയിലെ ഭിവാനി ജില്ലയിലെ ഒരു വിവാഹച്ചടങ്ങിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് 26കാരനായ ബോഡി ബിൽഡറെ തല്ലിക്കൊന്നു. ഹുമയൂൺപൂർ ഗ്രാമത്തിലെ രോഹിത് ധൻഖർ എന്നയാളാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി വിവാഹ വേദിയിൽ വെച്ച് ഒരു സെൽഫിയെടുക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് ഭിവാനി എസ്എച്ച്ഒ അറിയിച്ചു. വിവാഹം നടക്കുന്ന വേദിയിൽ ഒരു കൂട്ടം യുവാക്കൾ സെൽഫികൾ എടുക്കുകയായിരുന്നു. ഇതിനിടെ സ്ത്രീകൾക്ക് കടന്നുപോകാൻ അവരോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നായിരുന്നു സംഭവം. പെൺകുട്ടികൾ ഉള്ള സമയത്ത് മോശം ഭാഷ സംസാരിക്കുന്നത് വിലക്കിയതാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്ന് കൊല്ലപ്പെട്ട രോഹിതിൻ്റെ സുഹൃത്ത് ജതിൻ വെളിപ്പെടുത്തി.

അക്രമികൾ രോഹിതും സുഹൃത്ത് ജതിനും സഞ്ചരിച്ച കാറിൻ്റെ ചില്ലുകൾ തകർക്കുകയും പിന്നീട് പിന്തുടർന്നെത്തി റെയിൽ ക്രോസിംഗ് ഗേറ്റിന് സമീപത്ത് വച്ച് രോഹിതിനെ പുറത്തേക്ക് വലിച്ചിഴച്ച് ക്രൂരമായി മർദിക്കുകയാണുണ്ടായതെന്നും ജതിൻ വ്യക്തമാക്കി.

അതേസമയം, വിവാഹ ചടങ്ങിനിടെ സ്ത്രീകളെ ഉപദ്രവിക്കുന്നത് എതിർത്തതിനെ ചൊല്ലിയാണ് ആക്രമണത്തിന് ഇരയായതെന്ന് ബോഡി ബിൽഡറുടെ കുടുംബവും ആരോപിച്ചു. രോഹിതിനെ ആക്രമിച്ചവരിൽ ഒരു ഡസനിലധികം പേരുണ്ടെന്നും ഇവർക്കെതിരെ കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായും എസ്എച്ച്ഒ അറിയിച്ചു.

ജിം പരിശീലകനും മത്സര ബോഡി ബിൽഡറുമായ രോഹിത് നിരവധി ദേശീയ, സംസ്ഥാന തല മെഡലുകൾ നേടിയിട്ടുള്ള ആൾ കൂടിയാണ്.

SCROLL FOR NEXT