Class 8 Dropout Runs 100-Bed Hospital and Performs Surgeries in Rajasthan: SOG Busts Massive Fake Doctor Racket News Malayalam 24x7
CRIME

പഠിച്ചത് വെറും എട്ടാംക്ലാസ് വരെ നടത്തുന്നത് 100 കിടക്കകളുള്ള വമ്പൻ ആശുപത്രി, ആശുപത്രിയിലെ ശസ്ത്രക്രിയ നടത്തുന്ന ചീഫ് സര്‍ജന്‍; വ്യാജ ഡോക്ടറുടെ സെറ്റപ്പ് കണ്ട് ഞെട്ടി പൊലീസും !

2010-ൽ ഒരു സ്വകാര്യ ക്ലിനിക്കിൽ രോഗികൾക്ക് ഒപി ടിക്കറ്റ് വിതരണം ചെയ്യുന്ന ചെറിയ ജീവനക്കാരനായി ജീവിതം തുടങ്ങിയ നാൻജിറാം ചൗധരി, പിന്നീട് ജാലോർ ജില്ലയിലെ റാണിവാഡയിലുള്ള രാജ്‌ദേവ് ആശുപത്രിയിൽ ജീവനക്കാരനായി ചേരുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

ജയ്പൂർ: എട്ടാം ക്ലാസിൽ പഠനം നിർത്തിയ യുവാവ് വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളുണ്ടാക്കി രാജസ്ഥാൻ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യുകയും സ്വന്തമായി നൂറ് കിടക്കകളുള്ള വമ്പൻ ആശുപത്രി സ്ഥാപിച്ച് ശസ്ത്രക്രിയകൾ നടത്തിയ ആളെ രാജസ്ഥാൻ പോലീസ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് പിടികൂടി. മുഖ്യപ്രതിയായ നാൻജിറാം ചൗധരി, കസാക്കിസ്ഥാനിൽ മെഡിസിൻ പഠിച്ചെങ്കിലും യോഗ്യതാ പരീക്ഷ ജയിക്കാത്തതിനെത്തുടർന്ന് വ്യാജ സർട്ടിഫിക്കറ്റ് ചമച്ച പങ്കജ് യാദവ് (30) എന്നിവരെയാണ് എസ്ഒജി സംഘം അറസ്റ്റ് ചെയ്തത്. 2010-ൽ ഒരു സ്വകാര്യ ക്ലിനിക്കിൽ രോഗികൾക്ക് ഒപി ടിക്കറ്റ് വിതരണം ചെയ്യുന്ന ചെറിയ ജീവനക്കാരനായി ജീവിതം തുടങ്ങിയ നാൻജിറാം ചൗധരി, പിന്നീട് ജാലോർ ജില്ലയിലെ റാണിവാഡയിലുള്ള രാജ്‌ദേവ് ആശുപത്രിയിൽ ജീവനക്കാരനായി ചേരുകയായിരുന്നു.

തുടർന്ന് 2015-ൽ ഈ ആശുപത്രി സ്വന്തമാക്കിയ ഇയാൾ, 2016-ൽ ഇതിനെ 'ഭാസ്കർ ഹോസ്പിറ്റൽ' എന്ന് പുനർനാമകരണം ചെയ്യുകയും നൂറ് കിടക്കകളുള്ള അത്യാധുനിക മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി വികസിപ്പിക്കുകയുമായിരുന്നു. ആശുപത്രിയിൽ ജോലിക്ക് യഥാർത്ഥ ഡോക്ടർമാരെ നിയമിച്ചിരുന്നെങ്കിലും ഗൈനക്കോളജി സർജറികൾ അടക്കമുള്ള നിർണായക ശസ്ത്രക്രിയകൾ ചൗധരി സ്വന്തമായാണ് നടത്തിയിരുന്നത്.

രാജസ്ഥാൻ മെഡിക്കൽ കൗൺസിൽ ഓഫീസുമായി സ്ഥിരമായി ബന്ധം പുലർത്തിയിരുന്ന ഇയാൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് വ്യാജ ഡോക്ടർ രജിസ്ട്രേഷൻ നേടിയെടുത്തത്.

പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വ്യാജ മാർക്ക് ലിസ്റ്റുകൾക്ക് പുറമെ കാൺപൂരിലെ രാമ സർവകലാശാലയിൽ നിന്നുള്ള വ്യാജ എംബിബിഎസ് ബിരുദവും, മുംബൈയിലെ പ്രശസ്തമായ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിൽ നിന്നുള്ള ഗൈനക്കോളജി ഡിപ്ലോമയും (DGO) സമർപ്പിച്ചാണ് ഇയാൾ വ്യാജ ഡോക്ടറായത്. മുംബൈയിലെ മെഡിക്കൽ കോളേജ് അധികൃതർ ഈ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാമത്തെ പ്രതിയായ പങ്കജ് യാദവ് കസാക്കിസ്ഥാനിൽ നിന്ന് മെഡിസിൻ പഠനം പൂർത്തിയാക്കിയെങ്കിലും ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിന് വിദേശ മെഡിക്കൽ ബിരുദധാരികൾ എഴുതേണ്ട എഫ്എംജിഇ പരീക്ഷയിൽ ആറ് തവണ തുടർച്ചയായി പരാജയപ്പെടുകയായിരുന്നു.

തുടർന്ന് ബിഹാറിലെ മെഡിക്കൽ കോളേജിന്റെ പേരിൽ വ്യാജ എംബിബിഎസ് സർട്ടിഫിക്കറ്റും ബിഹാർ മെഡിക്കൽ കൗൺസിലിന്റെ വ്യാജ രജിസ്ട്രേഷനും ചമച്ചാണ് ഇയാൾ പ്രാക്ടീസ് ചെയ്തിരുന്നത്. ഹരിയാനയിലെ കൈത്തലിൽ ഒളിവിൽ കഴിയവെയാണ് ഇയാൾ പിടിയിലായത്. മെഡിക്കൽ കൗൺസിൽ രജിസ്ട്രാർ നൽകിയ പരാതിയിലാണ് എസ്ഒജി എഡിജി വിശാൽ ബൻസാൽ, ഐജി അജയ് പാൽ ലാംബ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. പ്രതികൾക്ക് ഇത്തരം വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകിയ അന്തർസംസ്ഥാന വ്യാജ ഡിഗ്രി മാഫിയയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

SCROLL FOR NEXT