പരിക്കേറ്റ യുവാവ്  
CRIME

ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാക്ക് കടിച്ചു മുറിച്ച് യുവതി

നാക്ക് രണ്ടായി മുറിഞ്ഞെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാക്ക് കടിച്ചു മുറിച്ച് യുവതി. ഉത്തര്‍പ്രദേശിലെ കാൻപൂരിലാണ് സംഭവം. ചംബി (35) എന്ന യുവാവിനാണ് പരിക്കേറ്റത്. ഇയാള്‍ മറ്റൊരു വിവാഹവും കഴിച്ചിരുന്നു.

വിവാഹം കഴിച്ചിട്ടും മുന്‍ കാമുകിയുമായുള്ള അടുപ്പം ഇയാള്‍ തുടര്‍ന്നിരുന്നു. ഇതിനിടയില്‍ കാമുകി ബന്ധത്തില്‍ നിന്ന് പിന്മാറി. യുവതിയുടെ വീട്ടുകാര്‍ വേറെ വിവാഹാലോചനകളും നോക്കുന്നുണ്ടായിരുന്നു. ഇതിലൊന്ന് ഉറപ്പിക്കുകയും ചെയ്തു.

എന്നാല്‍, ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ചംബി ഒരുക്കമായിരുന്നില്ല. ഇയാള്‍ യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തു. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം നടക്കുന്നത്. വീട്ടാവശ്യത്തിനായി കളിമണ്‍ ശേഖരിക്കാന്‍ യുവതി ഗ്രാമത്തിലെ പുഴക്കരയില്‍ എത്തിയതായിരുന്നു. ഈ സമയം ചംബിയും അവിടെയെത്തി.

യുവതി തനിച്ചായിരുന്ന സമയത്ത് ചംബി കടന്നു പിടിക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതോടെയാണ് നാക്ക് കടിച്ചു മുറിച്ചതെന്നാണ് പൊലീസ് പറയുന്നത്. വായില്‍ നിറയെ ചോരയുമായി ചംബിയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ എത്തിയത്.

ഗ്രാമത്തിലെ ഹെല്‍ത്ത് സെന്ററില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കാൻപൂരിലെ ഹാലറ്റ് ആശുപത്രിയിലേക്ക് മാറ്റി. നാക്ക് രണ്ടായി മുറിഞ്ഞെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ കേസെടുത്തതായി ഡിസിപി ദിനേഷ് ത്രിപാഠി അറിയിച്ചു.

SCROLL FOR NEXT