ഒഡീഷ: ജഗത്സിങ്പൂർ ജില്ലയിൽ രണ്ട് സഹോദരങ്ങള്‍ ചേർന്ന് 15 വയസുകാരിയെ ബലാത്സംഗം ചെയ്തു. ശേഷം അഞ്ച് മാസം ഗർഭിണിയായ പെണ്‍ക്കുട്ടിയെ പ്രതികള്‍ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ചു.
സംഭവത്തിൽ ബനാഷ്ബാര ഗ്രാമത്തിൽ നിന്നുള്ള സഹോദരങ്ങളായ ഭാഗ്യധർ ദാസ്, പഞ്ചാനൻ ദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമത്തെ പ്രതിയായ തുളുവിനെ ഇപ്പോഴും കണ്ടുകിട്ടിയിട്ടില്ല. അയാളെ കണ്ടെത്തുന്നതിനായി അധികൃതർ അന്വേഷണം ആരംഭിച്ചു.
പ്രതികൾ പെൺകുട്ടിയെ പലതവണ ബലാത്സംഗം ചെയ്തെന്നും ഗർഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ചെന്നുമാണ് പൊലീസ് പറയുന്നത്. ഗർഭച്ഛിദ്രത്തിന് പണം നൽകാമെന്നും, അതിനുള്ള സൗകര്യമൊരുക്കാമെന്നും പറഞ്ഞ് പെൺകുട്ടിയെ വിളിച്ച് വരുത്തുകയും, കുട്ടിയെ ഇല്ലാതാക്കാന്‍ സമ്മതിച്ചില്ലെങ്കിൽ ജീവനോടെ കുഴിച്ച് മൂടുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി.
പ്രതികളില്‍ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി, ഉടനെ തന്നെ നടന്ന സംഭവങ്ങള്‍ പിതാവിനെ അറിയിച്ചു. തുടർന്ന് പെൺകുട്ടിയെ വൈദ്യ പരിശോധയ്ക്ക് വിധേയയാക്കുകയും, പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ഉടനെ തന്നെ കുറ്റാരോപിതരെ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ അന്വേഷണം നടന്ന് വരികയാണ്.
ജഗത്സിങ്പൂരിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ബലാത്സംഗ കേസ് ആണിത്. കഴിഞ്ഞ ചൊവാഴ്ച പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയെ രണ്ട് പേർ ചേർന്ന് തട്ടികൊണ്ട് പോയി പീഡിപ്പിച്ചിരുന്നു. ചോരയിൽ കുളിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സമാനമായ കേസ് ഞായറാഴ്ച, മാൽക്കാൻഗിരി ജില്ലയിലും റിപ്പോർട്ട് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്ന് പേർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. അവരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് പോകുന്ന വഴി ഒരു ട്രക്ക് ഡ്രൈവറും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.
കഴിഞ്ഞ ഒരു മാസത്തിനിടെ 12 പീഡനക്കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ജൂണിൽ മാത്രം അഞ്ച് പീഡനവും ഒരു ബലാത്സംഗക്കേസുമാണ് റിപ്പോർട്ട് ചെയ്തത്. അധ്യാപകനെതിരായ ലൈംഗിക പീഡന പരാതി തള്ളിയതിനെത്തുടർന്ന് 20 കാരി സ്വയം തീകൊളുത്തി ജീവനൊടുക്കിയതും ജൂലൈ മാസത്തിലാണ്.