
മഹാരാഷ്ട്ര: സോലാപ്പൂരിൽ 16 വയസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അമ്മയുടെ വിയോഗത്തിൽ ദുഃഖിതനായിരുന്ന കുട്ടിയെ അമ്മയുടെ സഹോദരന്‍റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്ന് മാസം മുന്‍പ് മഞ്ഞപ്പിത്തം ബാധിച്ചായിരുന്നു കുട്ടിയുടെ അമ്മ മരിച്ചത്.
കുട്ടിയുടെ ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെത്തി. അതിൽ താന്‍ അമ്മയെ സ്വപ്നം കണ്ടുവെന്നും, കൂടെ വരാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് കുട്ടി പറയുന്നത്.
"ഞാന്‍ ശിവ്ശരണ്‍. ജീവിക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടാണ് ഞാന്‍ മരിക്കുന്നത്. അമ്മ മരിച്ചപ്പൊഴേ പോകേണ്ടതായിരുന്നു, പക്ഷേ അമ്മാവനേയും, മുത്തശ്ശിയേയും ഓർത്താണ് ജീവിച്ചത്. അമ്മ ഇന്നലെ സ്വപ്നത്തിൽ വന്നു, എന്തിനാണ് വിഷമിച്ചിരിക്കുന്നത്...കൂടെ പോരാന്‍ പറഞ്ഞു. അതാണ് ഞാന്‍ മരിക്കാന്‍ തീരുമാനിച്ചത്. അമ്മാവനും മുത്തശ്ശിയും എന്നെ ഒരുപാട് ലാളിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്, അവരോടെന്നും ഞാന്‍ കടപ്പെട്ടിരിക്കും" എന്നാണ് ആത്മഹത്യക്കുറിപ്പിൽ എഴുതിയിരിക്കുന്നത്.
മുത്തശ്ശിയെ തന്‍റെ അച്ഛന്‍റെ കൂടെ അയക്കരുതെന്നും കത്തിൽ പറയുന്നു. തന്‍റെ പെങ്ങളെ നന്നായി നോക്കണമെന്നും കുട്ടി അമ്മാവനോട് പറയുന്നുണ്ട്. "എന്‍റെ മാതാപിതാക്കള്‍ നോക്കുന്നതിനേക്കാള്‍ നന്നായി നിങ്ങള്‍ എന്നെ നോക്കി.. എന്‍റെ മരണത്തിന് ഞാന്‍ മാത്രമാണ് ഉത്തരവാദി" എന്നും കുട്ടി കുറിപ്പിലെഴുതി.
നീറ്റ് പരീക്ഷയ്ക്കുവേണ്ടി തയാറെടുത്തിരുന്ന ശിവ്ശരണ്‍, പത്താം ക്ലാസ്സിൽ 92 % മാർക്കോടുകൂടിയാണ് പാസായത്. സംഭവത്തിൽ സോലാപ്പൂർ പൊലീസ് കേസ് എടുത്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)