ഗോവിന്ദച്ചാമി അന്നും ഇന്നും  NEWS MALAYALAM 24X7
CRIME

അന്ന് സുപ്രീം കോടതി ചോദിച്ചു, ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിക്ക് സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിടാനാകുമോ?

കണ്ണൂര്‍ ജയിലിന്റെ വന്‍മതില്‍ ചാടിക്കടന്ന് കിണറ്റില്‍ ഇറങ്ങി ഒളിക്കാനായ ഗോവിന്ദച്ചാമിക്ക് മുന്നില്‍ ആ ചോദ്യത്തിന് എന്ത് പ്രസക്തി

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിയ്ക്ക് സൗമ്യയെന്ന പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിടാനാകുമോ എന്നായിരുന്നു വധശിക്ഷ ഒഴിവാക്കികൊണ്ട് സുപ്രീംകോടതി ജഡ്ജി ചോദിച്ചത്. കണ്ണൂര്‍ ജയിലിന്റെ വന്‍മതില്‍ ചാടിക്കടന്ന് കിണറ്റില്‍ ഇറങ്ങി ഒളിക്കാനായ ഗോവിന്ദച്ചാമിക്ക് മുന്നില്‍ ആ ചോദ്യത്തിന് എന്ത് പ്രസക്തി.

ട്രെയിനില്‍ യാത്ര ചെയ്യവേ സൗമ്യയെ പുറത്തേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ ഗോവിന്ദച്ചാമി 2011 ല്‍ പിടിയിലാകുമ്പോള്‍ കണ്ടതില്‍ നിന്നും ഏറെ വ്യത്യസ്തനായിരുന്നു 2016 ല്‍ സുപ്രീംകോടതി വിധശിക്ഷ ഒഴിവാക്കുമ്പോള്‍.

കേസില്‍ അതിവേഗ കോടതിയും കേരള ഹൈക്കോടതിയും ഇയാള്‍ക്ക് വധശിക്ഷ വിധിച്ചെങ്കിലും സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചിരുന്നു. ഒരു കൈ മാത്രമുള്ള ഗോവിന്ദച്ചാമി ഇത്തരത്തില്‍ ഒരു ക്രൂരകൃത്യം എങ്ങനെ ചെയ്തു എന്നത് സംശയകരമാണെന്നായിരുന്നു സുപ്രീംകോടതി അന്ന് പറഞ്ഞത്.

ഇന്നിപ്പോള്‍ ഏഴര മീറ്റർ ഉയരമുള്ള മതിലുകള്‍ ചാടിക്കയറിയ ഇയാള്‍ക്ക് 23 കാരിയായ ഒരു പെണ്‍കുട്ടിയെ തള്ളിയാടാന്‍ എന്ത് പ്രയാസമെന്ന് വ്യക്തമായിരിക്കുന്നു. വധശിക്ഷ വിധിക്കപ്പെട്ടത് മുതല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഗോവിന്ദച്ചാമി. ശേഷിക്കുന്ന ജയില്‍ ജീവിതം തമിഴ്നാട്ടിലാക്കണമെന്ന ആവശ്യം കോടതിയില്‍ ഉന്നയിച്ചിരുന്നു.

മരണപെട്ട അഭിഭാഷകനായ അഡ്വ. ബി.എ. ആളൂര്‍ ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ പതിനെട്ട് അടവുകളും പയറ്റിയിരുന്നു. മാധ്യമവിചാരണയാണ് ഇയാളെ കുടുക്കിയതെന്നും നിരപരാധിയെന്ന വാദവും ഉയര്‍ത്തിയിരുന്നു. എന്നാല്‍ സൗമ്യ ബലാത്സംഗത്തിനിരയായി എന്നതിന്റെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജീവപര്യന്ത്യമെങ്കിലും ശിക്ഷ സുപ്രീം കോടതി നല്‍കിയത്.

കണ്ണൂര്‍ ജയിലില്‍ ബിരിയാണി കിട്ടാത്തതു കൊണ്ട് ഗോവിന്ദച്ചാമി നിരാഹാര സമരം നടത്തിയെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. ഇന്നിപ്പോള്‍ ജയിലിലെ സുഖജീവിതവും മടുത്ത് രക്ഷപ്പെടാനൊരുങ്ങി. ജയില്‍ചട്ടവും ക്രമിനല്‍ നടപടി ചട്ടവും അനുസരിച്ച് ജയില്‍ ചാടുന്നത് ക്രമിനല്‍ കുറ്റമാണ്. അതിനാല്‍ ഇയാളുടെ നിലവിലെ ശിക്ഷാ വിധി വര്‍ധിപ്പിക്കാന്‍ സാധിക്കും.

SCROLL FOR NEXT