കൊല്ലപ്പെട്ട രാജു Source: News Malayalam 24x7
CRIME

വർക്കലയിൽ വിവാഹത്തലേന്ന് വധുവിൻ്റെ അച്ഛനെ കൊന്ന കേസ്: വിചാരണ ആരംഭിച്ചു

രാജുവിൻ്റെ മകൾ ശ്രീലക്ഷ്മിയെ പ്രതികളിൽ ഒരാൾക്ക് വിവാഹം കഴിച്ചുകൊടുക്കാത്തതായിരുന്നു കൊടുംക്രൂരതയ്ക്ക് പിന്നിലെ കാരണം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് വധുവിൻ്റെ അച്ഛനെ കൊന്ന കേസിൽ വിചാരണയാരംഭിച്ചു. രണ്ട് വർഷം മുമ്പാണ് വർക്കല സ്വദേശി രാജു കൊല്ലപ്പെട്ടത്. രാജുവിന്റെ മകളെ പ്രതികളിൽ ഒരാൾക്ക് വിവാഹം ചെയ്തു നൽകാത്തതാണ് അരുംകൊലയ്ക്ക് കാരണമെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.

2023 ജൂൺ 28 നാണ് നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ നടക്കുന്നതിനിടെ കല്ല്യാണത്തലേന്ന് പുലർച്ചെ രാജുവിനെ വീട്ടിനുള്ളിൽ വച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. രാജുവിൻ്റെ മകൾ ശ്രീലക്ഷ്മിയെ പ്രതികളിൽ ഒരാൾക്ക് വിവാഹം കഴിച്ചുകൊടുക്കാത്തതായിരുന്നു കൊടുംക്രൂരതയ്ക്ക് പിന്നിലെ കാരണം.

അരുംകൊല നടന്ന് രണ്ടു വർഷത്തിനുശേഷമാണ് കേസിൽ തിരുവനന്തപുരം ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ വിചാരണ നടക്കുന്നത്. അപ്പു എന്ന് വിളിക്കുന്ന ജിജിൻ, ജിഷ്ണു, മനു, ശ്യാംകുമാർ എന്നിവരാണ് പ്രതികൾ. കേസിൽ ആകെ 72 സാക്ഷികളാണുള്ളത്. കൊല്ലപ്പെട്ട രാജുവിൻ്റെ മകൾ ശ്രീലക്ഷ്മിയുടെ സാക്ഷി വിസ്താരം പൂർത്തിയായി.

ശ്രീലക്ഷ്മി വിളിച്ചിട്ടാണ് പ്രതികൾ വീട്ടിൽ എത്തിയതെന്നാണ് പ്രതിഭാഗം വാദിച്ചത്. എന്നാൽ പെൺകുട്ടി ഈ വാദത്തെ എതിർത്തു. വിവാഹമുറപ്പിച്ചതിന് മാസങ്ങൾക്ക് മുമ്പേ പ്രതിയുമായുള്ള പരിചയം താൻ ഉപേക്ഷിച്ചിരുന്നതായും പ്രതിയുടെ കൂട്ടുകെട്ടും ക്രിമിനൽ പശ്ചാത്തലവും സംശയ രോഗവുമാണ് അയൽവാസി കൂടിയായ പ്രതിയുമായുള്ള പരിചയം ഉപേക്ഷിക്കാൻ കാരണമായതെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു. ബാക്കിയുള്ള സാക്ഷികളുടെ വിസ്താരം കൂടി പൂർത്തിയാക്കിയ ശേഷമാകും വിധി പ്രഖ്യാപനം. കേസിലെ പ്രതികളായ നാല് പേരും നിലവിൽ ജാമ്യത്തിലാണ്.

SCROLL FOR NEXT