കൊല്ലം: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. കൊല്ലം ഉമയനല്ലൂരിൽ ദേശീയ പാതയ്ക്ക് സമീപത്ത് വെച്ചാണ് പട്ടാപ്പകൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം നടന്നത്. പള്ളിമുക്ക് സ്വദേശി അലി, മണ്ണാങ്കുളം വീട്ടിൽ സൽമാൻ ഫാരിസ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം 22നാണ് സംഭവം. തട്ടാമല സ്വദേശി അൽഅമീൻ ഓടിച്ചിരുന്ന കാർ പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ തട്ടാൻ ശ്രമിച്ചെന്നും ഇവരുടെ വാഹനത്തിന് കടന്നു പോകാൻ സൈഡ് നൽകിയില്ലെന്നും ആരോപിച്ചായിരുന്നു ആക്രമണം. അൽഅമീനെ കുത്തിയ ശേഷം സംഭവസ്ഥലത്തുനിന്ന് പ്രതികൾ രക്ഷപ്പെട്ടു. പിന്നീട് പൊലീസ് എത്തി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു.
കേസിലെ രണ്ടാം പ്രതിയായ സൽമാൻ ഫാരിസിന് അന്ന് തന്നെ പൊലീസ് വാഴപ്പള്ളിയിൽ നിന്നും പിടികൂടി. സൽമാൻ പിടിയിലായെന്ന് അറിഞ്ഞ് ഒന്നാം പ്രതി അലി ഒളിവിൽ പോയെങ്കിലും ഇയാളെ മേവറത്തെ സ്വകാര്യശുപത്രിക്ക് സമീപത്ത് നിന്നും പോലീസ് വലയിലാക്കി. പ്രതികൾ കുത്താൻ ഉപയോഗിച്ച് കത്തി പൊലീസ് കണ്ടെടുത്തു.
സംഭവം ദിവസം അറസ്റ്റ് ചെയ്ത സൽമാൻ ഫാരിസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ടാംപ്രതി അലിയേയും കൂടുതൽ അന്വേഷണത്തിനുശേഷം നാളെ കോടതിയിൽ ഹാജരാക്കും. കൊട്ടിയം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.