കോഴിക്കോട്: പാലാഴിയിൽ പന്ത്രണ്ട് വയസ്സുകാരന് ക്രൂരമർദനം. ഫ്ലാറ്റിലെ ഫുട്ബോൾ ടർഫിനടുത്ത് വച്ച് അതേ ഫ്ലാറ്റിൽ താമസിക്കുന്ന മുഹമ്മദലി ആണ് കുട്ടിയെ മർദിച്ചത്. തന്റെ ചെറുമകനെ റബ്ബർ ഗ്രാന്യൂൾസ് കൊണ്ട് എറിഞ്ഞെന്ന് ആരോപിച്ചാണ് അതിക്രമം. ആക്രമണത്തിൽ കുട്ടിയുടെ കണ്ണിനും താടിയെല്ലിനും ഗുരുതരമായി പരിക്കേറ്റു. മർദനമേറ്റ വിദ്യാർഥിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
കഴിഞ്ഞ ദിവസമാണ് പാലാഴി ഫ്ലാറ്റിലെ ഫുട്ബോൾ ടർഫിൽ കളിച്ചുകൊണ്ടിരുന്ന വിദ്യാർഥിയെ വയോധികൻ ആക്രമിച്ചത്. ടർഫിൽ പാകിയിട്ടുള്ള റബർ ഗ്രാനൂൾസ് ഉപയോഗിച്ച് കുട്ടികൾ കളിക്കാറുണ്ട്. ഇന്നലെയും ഗ്രാന്യൂൾസ് എറിഞ്ഞ് കുട്ടികൾ കളിച്ചിരുന്നു.
ഇതിനിടയിൽ ഒരു കുട്ടിയുടെ വായിൽ ഗ്രാന്യൂൾസ് പോകുകയും കുട്ടി വീട്ടിലെത്തിയ ശേഷം ശർദിക്കുകയും ചെയ്തു. ഇതറിഞ്ഞതിന് പിന്നാലെ കുട്ടിയുടെ മുത്തച്ഛൻ 12 വയസ്സുകാരന്റെ മുഖത്ത് അടിക്കുകയും വലിച്ചിഴച്ച് ഫ്ലാറ്റിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഇത് കണ്ട കൂടെ കളിച്ചിരുന്ന വിദ്യാർഥികളാണ് മർദനമേറ്റ കുട്ടിയുടെ രക്ഷിതാക്കളെ വിവരം അറിയിച്ചത്.
പിന്നീട് മർദനത്തിനിരയായ കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയുടെ ആഘാതത്തിൽ കുട്ടിയുടെ കണ്ണിനും താടിയെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മർദനമേറ്റ വിദ്യാർഥിയുടെ കുടുംബത്തിന്റെ പരാതിയിൽ പന്തീരങ്കാവ് പൊലീസ് കേസെടുത്തു. പ്രതിയായ മുഹമ്മദ് അലിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്ത് ആൾ ജാമ്യത്തിൽ വിട്ടയച്ചു.
യാതൊരു പ്രകോപനവും ഇല്ലാതെയാണ് പ്രതി കുട്ടിയെ ആക്രമിച്ചത്. രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിഷയം ചൂണ്ടിക്കാട്ടി ശിശുസംരക്ഷണ വകുപ്പിലും പരാതി നൽകാനാണ് രക്ഷിതാക്കളുടെ തീരുമാനം.